Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 5:33 PM IST Updated On
date_range 25 March 2017 5:33 PM ISTലോകബാങ്ക് പണം ചെലവഴിക്കാത്തത് പദ്ധതിപ്രവര്‍ത്തനങ്ങളെ ബാധിച്ചു –മന്ത്രി
text_fieldsbookmark_border
ഏറ്റുമാനൂര്‍: മുന്‍ സര്‍ക്കാറിെൻറ കാലത്ത് ലോകബാങ്ക് നല്‍കിയ പണം സമയബന്ധിതമായി ചെലവഴിക്കാതിരുന്നത് ഈ വര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. ഏറ്റുമാനൂര്‍ നഗരസഭയുള്‍പ്പെടെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ ഈവര്‍ഷം വിവിധ പ്രവൃത്തികള്‍ക്കായി ഒട്ടേറെ പ്രോജക്ടുകള്‍ സമര്‍പ്പിച്ചെങ്കിലും സഹായധനം കുത്തനെ വെട്ടിക്കുറച്ചത് ഇതിെൻറ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റുമാനൂര്‍ നഗരസഭ ലോകബാങ്ക് സഹായത്തോടെ 1.57 കോടി ചെലവില്‍ നിർമിക്കുന്ന ആധുനിക ഗ്യാസ് ശ്മശാനത്തിെൻറയും 94 ലക്ഷം രൂപ ചെലവില്‍ പണിയുന്ന കംഫര്‍ട്ട് സ്റ്റേഷെൻറയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു ജലീല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്ന വിജിലന്‍സിെൻറ കണ്ടെത്തല്‍ പോസിറ്റീവ് ആയി കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാര്‍ കോടിയില്‍പരം രൂപയുടെ പദ്ധതി നിർവഹണം നടത്തുന്നതിനിടെ ജനങ്ങളെ എങ്ങിനെ ബുദ്ധിമുട്ടിക്കാം എന്നതില്‍ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനി തുടരാന്‍ അനുവദിക്കില്ല. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളുടെ നന്മ ലക്ഷ്യമിട്ട് നല്ല സേവനം കാഴ്ചവെക്കുന്നവര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഒരേ മാര്‍ക്ക് നല്‍കുന്ന പരിപാടി അവസാനിപ്പിക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കും. തദ്ദേശസ്ഥാപനങ്ങളില്‍ എൻജിനീയറിങ് വിഭാഗത്തിലാണ് ഇപ്പോള്‍ അഴിമതി ഏറെയും. ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാര്‍ നേരിട്ടായതുകൊണ്ടും തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിക്കോ സെക്രട്ടറിക്കോ ഇവരുടെമേല്‍ നിയന്ത്രണം ഇല്ലാത്തതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതുകൊണ്ടാണ് എൻജിനീയറിങ് വിഭാഗത്തിനുള്ള ശമ്പളം തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് നല്‍കാൻ തീരുമാനമായത്. ഇനിമേല്‍ ഇവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഒപ്പിടുന്നതും തദ്ദേശസ്ഥാപന അധ്യക്ഷരായിരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കി. നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിൽ അധ്യക്ഷത വഹിച്ചു. അഡ്വ.കെ. സുരേഷ്കുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.സി, എസ്.ടി വിദ്യാർഥികള്‍ക്കുള്ള ലാപ്ടോപ്, പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.പി. മോഹന്‍ദാസ്, പി.എസ്. വിനോദ്, സൂസന്‍ തോമസ്, വിജി ഫ്രാന്‍സിസ്, ആര്‍. ഗണേശ്, സെക്രട്ടറി എസ്. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story