Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 6:49 PM IST Updated On
date_range 14 March 2017 6:49 PM ISTഏറ്റുമാനൂരിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍പരിശോധന
text_fieldsbookmark_border
കോട്ടയം: ഏറ്റുമാനൂരിലെ ഹോട്ടലുകളില്‍ നഗരസഭ വീണ്ടും മിന്നല്‍പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന റെയ്ഡില്‍ ഇരുപതോളം ഹോട്ടലുകളില്‍നിന്ന് ആഴ്ചകളോളം പഴക്കമുള്ള മത്സ്യ^മാംസം ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ പിടിക്കപ്പെട്ട ഹോട്ടലുകള്‍ക്കെതിരെ നഗരസഭ കാര്യമായ നടപടി എടുക്കാതിരുന്നതിനാല്‍ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത് വീണ്ടും സജീവമായിരുന്നു. ഇതിനിടെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവ സീസണില്‍ ക്ഷേത്രപരിസരത്തെ ഹോട്ടലുകളില്‍നിന്ന് ആഹാരം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതേതുടര്‍ന്ന് ടെമ്പിള്‍ റോഡിലെ സൽക്കാര റസ്റ്റാൻറിൽനിന്ന് മസാലദേശ, ഉഴുന്നുവട, ചായ എന്നിവ കഴിച്ച തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വയറിളക്കവും ഛർദിയും ഉണ്ടായെന്നും ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാണിച്ച് പുന്നത്തുറ സ്വദേശികളായ വെളുത്തേടത്ത് മോഹനന്, സൗഭാഗ്യയില്‍ റജി എന്നിവര്‍ ആരോഗ്യവകുപ്പിന് പരാതിനല്‍കിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി.പി. മോഹന്‍ദാസ് വീണ്ടും റെയ്ഡിന് നിർദേശം നല്‍കുകയായിരുന്നു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി. ശോഭനയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 11.30 വരെയാണ് റെയ്ഡ് നടന്നത്. നഗരമധ്യത്തിലെ ഫോര്‍സ്റ്റര്‍ ഹോട്ടലുകളിലും മംഗളം കോളജ് കാൻറീനിലും രണ്ട് കള്ള് ഷാപ്പുകളിലും ഇരുപതില്പരം ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടന്നു. ഇറച്ചിക്കറിയും മീന്‍കറിയും ഉള്‍പ്പെടെ വിവിധയിനം കറികള്‍, കപ്പ, ചപ്പാത്തി, പൊറോട്ട ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍, ഫുഡ് കളറുകള്‍, ദോശമാവ്, മധുരപലഹാരങ്ങള്‍, അഴുകിയ പഴവർഗങ്ങള്‍ തുടങ്ങി പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഒട്ടേറെ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. മംഗളം കോളജിലെ കാൻറീന് കൂടാതെയുള്ള രണ്ട് ഫുഡ്കോര്‍ട്ടുകളില്‍ ഒന്നില്‍നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കാൻറീനിെൻറ പാചകപ്പുര വൃത്തിഹീനമായിരുന്നുവെന്ന് റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന് മാധ്യമത്തോട് പറഞ്ഞു. എന്നാല്‍, പിടിക്കപ്പെട്ട ഹോട്ടലുകള്‍ക്കെതിരെ കാര്യമായ നടപടി ഇക്കുറിയുമുണ്ടാകില്ല. ഫെബ്രുവരി ആദ്യം നടത്തിയ റെയ്ഡില്‍ പിടിക്കപ്പെട്ടവര്‍ക്ക് ചെറിയ പിഴ ചുമത്തിയതുകൂടാതെ താക്കീത് നല്‍കുക മാത്രമാണ് ചെയ്തത്. അതേനയം തന്നെ ഇത്തവണയും സ്വീകരിക്കാനാണ് നഗരസഭാ ചെയര്‍മാെൻറ നിർദേശം. പലഘട്ടങ്ങളിലായി മുന്നറിയിപ്പെന്നോണം ഏറ്റുമാനൂരിലെ ഭക്ഷണശാലകളില്‍ മുഴുവന്‍ െറയ്ഡ് നടത്താനാണ് തീരുമാനമെന്നും പിന്നീടുണ്ടാകുന്ന പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. റെയ്ഡില്‍ പിടിക്കപ്പെട്ടവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് ഇത്തവണയും അധികൃതർ തയാറായില്ല. മാധ്യമങ്ങള്‍ക്ക് ഹോട്ടലുകളുടെ പേരുവിവരങ്ങല്‍ നല്‍കരുതെന്ന് നിർദേശമുള്ളതായി ഉദ്യോഗസ്ഥരും പറയുന്നു. ഫെബ്രുവരിയില്‍ നടന്ന പരിശോധനയുടെ വിശദാംശങ്ങള്‍ ഒരു സാമൂഹികപ്രവര്ത്തകെൻറ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെ തുടര്‍ന്നാണ് വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story