Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 3:03 PM IST Updated On
date_range 28 Jun 2017 3:03 PM ISTമഴ കനത്തു; പത്തനംതിട്ട വെള്ളത്തിൽ
text_fieldsbookmark_border
പത്തനംതിട്ട: തുടരെ പെയ്യുന്ന കനത്ത മഴയിൽ ജില്ലയിലെ പലഭാഗത്തും വെള്ളം കയറി. ജില്ല ആസ്ഥാനത്ത് സ്റ്റേഡിയം, അഴൂർ, വലഞ്ചുഴി ഭാഗങ്ങളിൽ വെള്ളം കയറി. അഴൂരിൽ ചെറുകിട ജലസേചന വകുപ്പ് ഒാഫിസിലേക്ക് ജീവനക്കാർ പ്രവേശിക്കാൻ കഴിയാത്തവിധം ചൊവ്വാഴ്ച വെള്ളം കയറി. രണ്ട് ജീവനക്കാർക്ക് മാത്രമാണ് ആദ്യം ഒാഫിസിലേക്ക് കടക്കാനായത്. ഉച്ചക്ക് മുേട്ടാളം വെള്ളം ഒാഫിസ് മുറ്റത്തുണ്ടായിരുന്നു. വരാന്തയിലേക്കും വെള്ളം കയറിയിട്ടുണ്ട്. ഇവിടത്തെ റോഡിലെ ഒാട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായത്. ഒാടയിലെ മാലിന്യം നീക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. അഴൂർ ഇളങ്ങല്ലൂർ രാധ ബാലെൻറ വീട്ടുമുറ്റത്തേക്ക് വെള്ളം കയറി. റോഡരികിലെ കടകളിൽ വെള്ളം കയറിയത് വ്യാപാരികളെ ദുരിതത്തിലാക്കി. അഴൂരിൽ വഞ്ചിപ്പടിക്ക് സമീപത്തെ കടകളിലും വെള്ളം കയറി. ഇവിടെയും അടഞ്ഞ ഒാടയാണ് പ്രശ്നം. ഒാമല്ലൂർ ഭാഗത്തും വെള്ളം കയറി. കുരിശുംമൂട് ഭാഗത്ത് വയലിൽ വെള്ളം കെട്ടിനിൽക്കുകയാണ്. വെള്ളം ഒഴിഞ്ഞുപോകാൻ ഇവിടെ തടസ്സവും ഏറെ. മഴ തുടർന്നാൽ ഒാമല്ലൂർ റോഡിൽ വെള്ളം കയറും. കൊടുന്തറ ക്ഷേത്രജങ്ഷന് സമീപം വയലിൽ വെള്ളം കെട്ടിനിൽക്കുകയാണ്. വയൽ നികത്തിയതിനെത്തുടർന്ന് ഇവിടെ വെള്ളം ഒഴിഞ്ഞുപോകാൻ മാർഗമില്ല. ശക്തമായ മഴ തുടർന്നാൽ കൊടുന്തറ റോഡിലേക്കും വെള്ളം കയറി ഗതാഗതം തടസ്സപ്പെടും. താഴൂർ കടവിലും അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നത് ഭീഷണിയായി. ഇവിടെയും വെള്ളം കയറിയാൽ കോന്നി-ചന്ദനപ്പള്ളി റൂട്ടിലെ ഗതാഗതം തടസ്സപ്പെടും. ജില്ല സ്റ്റേഡിയത്തിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശങ്ങളിലുള്ളവർ ഭീഷണിയിലാണ്. മണിയാർ ഡാമിെൻറ ഷട്ടറുകളും കഴിഞ്ഞദിവസം തുറന്നു. നദിയുടെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താലൂക്ക് കേന്ദ്രങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകളും തുറന്നു. കാലവർഷത്തിൽ നദീതീരങ്ങൾ ഇടിയാനും തുടങ്ങിയിട്ടുണ്ട്. നദീതീരത്തെ വൻ മരങ്ങളും കാർഷിക വിളകളുമൊക്കെ തീരമിടിച്ചിലിൽ നശിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് ജില്ലയിലെങ്ങും വൈദ്യുതി മുടക്കവും ആരംഭിച്ചു. പകലും രാത്രിയും വൈദ്യുതി മുടങ്ങുന്നുണ്ട്. ഉൾപ്രദേശങ്ങളിൽ മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞാണ് തടസ്സം ഉണ്ടാകുന്നത്. ലൈനിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ ഏറെസമയം എടുക്കുന്നുമുണ്ട്. കരകവിഞ്ഞ് അച്ചൻകോവിലാർ കോന്നി: നാലുദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി. വിവിധ പ്രദേശങ്ങളിൽ തോടുകൾ കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയതോടെ ഗതാഗതം ബുദ്ധിമുട്ടിലായി. കോന്നി ടൗൺ, കോട്ടയം മുക്ക്, വകയാർ തുടങ്ങി സംസ്ഥാനപാതയുടെ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് വെള്ളം കയറി. നാലുദിവസമായി തുടരുന്ന മഴ ജനജീവിതത്തെ കാര്യമായി ബാധിച്ചു. കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനാൽ കാർഷികവിളകൾ നശിച്ചിട്ടുണ്ട്. സ്കൂൾ തുടങ്ങിയ ദിവസം മുതൽ മഴ ആരംഭിച്ചെങ്കിലും ശക്തിപ്രാപിച്ചത് 23മുതലാണ്. ചൊവ്വാഴ്ച രാവിലെ എട്ടുവരെ 204.8 മില്ലിമീറ്റർ മഴ കോന്നിയുടെ പരിസര പ്രദേശങ്ങളിലും ലഭിച്ചു. കഴിഞ്ഞവർഷം ജൂൺവരെ ലഭിച്ച മഴെയക്കാൾ 50 ശതമാനം അധികം കോന്നിയിൽ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കനത്ത മഴ തുടർന്നാൽ ജീവിതം ദുരിതത്തിലാകുന്നതിനൊപ്പം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ചൊവ്വാഴ്ച 32 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു പത്തനംതിട്ട: ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ചൊവ്വാഴ്ച 32 പേർക്ക് സ്ഥിരീകരിച്ചു. ഡെങ്കി സംശയിക്കുന്ന 11 പേരുടെ രക്തസാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ജില്ലയിൽ നിരവധി പേർ ഡെങ്കിപ്പനി പിടിപെട്ട് ചികിത്സയിലാണ്. മന്ത്, മലേറിയ രോഗങ്ങളും വ്യാപകമായി. റാന്നിയിൽ ഒരാൾക്ക് മലേറിയ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വൈറൽ പനി ബാധിച്ച് ചൊവ്വാഴ്ച 590 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story