Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 3:02 PM IST Updated On
date_range 20 Jun 2017 3:02 PM ISTപശ്ചിമഘട്ടം: രാസകീടനാശിനി പ്രയോഗം കുറ്റകരമാക്കണമെന്ന ശിപാർശ നടപ്പായില്ല
text_fieldsbookmark_border
തൊടുപുഴ: പശ്ചിമഘട്ടത്തിലെ കാർഷിക മേഖലകളിൽ രാസകീടനാശിനി ഉപയോഗം നിരോധിക്കണമെന്നതടക്കം ശിപാർശ നടപ്പായില്ല. കൃഷിക്ക് രാസകീടനാശിനി പ്രയോഗിക്കുന്നത് കുറ്റകരമാക്കണമെന്ന് പരിസ്ഥിതിലോല മേഖലയുടെ സംരക്ഷണം സംബന്ധിച്ച കേന്ദ്ര വിദഗ്ധസമിതി റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ ജൈവ-പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ഡോ. മാധവ് ഗാഡ്ഗിൽ സമിതിയാണ് 2013ൽ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. രാസവളപ്രയോഗം തടയണമെന്നും ജൈവകൃഷി േപ്രാത്സാഹന പദ്ധതികൾ കൊണ്ടുവരണമെന്നും ഇതിൽ ശിപാർശചെയ്തിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ബാധകമാക്കേണ്ട നിർദേശങ്ങൾ പാതിവഴിയിലായിരിക്കെയാണ് ഇതും കടലാസിലൊതുങ്ങിയത്. പരിസ്ഥിതിലോല മേഖലയിൽ കെട്ടിടനിർമാണം അനുവദിക്കരുത്, അമിത ഭൂഗർഭജലം ഉപയോഗിക്കുന്നത് തടയണം തുടങ്ങിയ ശിപാർശകളുമുണ്ട് റിപ്പോർട്ടിൽ. ക്വാറി, മണ്ണെടുപ്പ് എന്നിവയും വിലക്കണം. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിൽ ബാധകമാക്കി പരിസ്ഥിതി അതോറിറ്റി പ്രാബല്യത്തിലാകുന്നതോടെ അധികാരവും പ്രവർത്തനരീതിയും എങ്ങനെയാകണമെന്നതടക്കം കാര്യങ്ങളാണ് സമിതി നിർദേശിച്ചത്. ഗ്രാമപഞ്ചായത്തുകളുടെയും പൊതുജനസഹകരണത്തോടെയും സംരക്ഷണപ്രവർത്തനം കർശനമാക്കണമെന്നാണ് മുഖ്യനിർദേശങ്ങളിൽ മറ്റൊന്ന്. കേന്ദ്ര വനം--പരിസ്ഥിതി മന്ത്രാലയത്തിെൻറ നിർദേശപ്രകാരം പരിസ്ഥിതി ദുർബലമേഖല പട്ടികയിൽ കേരളത്തിൽനിന്ന് സൈലൻറ്വാലി, അഗസ്ത്യവനം, അതിരപ്പിള്ളി, തിരുനെല്ലി, മൂന്നാർ (ഇടുക്കിയിലെ സി.എച്ച്.ആർ മേഖല ഒന്നാകെ), നെല്ലിയാമ്പതിയടക്കം പതിനാറ് പ്രദേശങ്ങളാണ് വിദഗ്ധസമിതി ഉൾപ്പെടുത്തിയത്. കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുത്ത് ഈ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വിലക്ക് ബാധകമാക്കിയാൽ മതിയാകും. എന്നാൽ, ഗുജറാത്ത്, ഗോവ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ പരിസ്ഥിതിലോല മേഖലകളിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ വികസന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്താനാണ് നിർദേശം. അഷ്റഫ് വട്ടപ്പാറ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story