Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 4:44 PM IST Updated On
date_range 8 Jun 2017 4:44 PM ISTഅതിർത്തി തർക്കം: കമ്പംമെട്ട് മേഖലയിൽ തമിഴ്നാടും കേരളവും സംയുക്തസർവേ തുടങ്ങി
text_fieldsbookmark_border
നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ കേരളവും തമിഴ്നാടും തമ്മിലെ അതിർത്തി തർക്കം പരിഹരിക്കാൻ സംയുക്ത സർവേ ആരംഭിച്ചു. നാലു മാസത്തിനിടെ ഏഴുതവണ മാറ്റി വെച്ചശേഷം ബുധനാഴ്ച നടന്ന ചർച്ചയിലെ തീരുമാനമനുസരിച്ചാണിത്. കമ്പംമെട്ട് വനം വകുപ്പ് ഓഫിസിൽ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ, തേനി ആർ.ഡി.ഒ രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പംമെട്ടിലെ സംസ്ഥാന അതിർത്തിയിൽ എക്സൈസിെൻറ മൊഡ്യൂൾ കണ്ടെയ്നർ ചെക്ക് പോസ്റ്റ് സ്ഥാപിക്കാനൊരുങ്ങിയത് തമിഴ്നാട് വനം വകുപ്പ് തടഞ്ഞതോടെയാണ് തർക്കം ഉടലെടുത്തത്. അതിർത്തിയിൽ സംയുക്ത പരിശോധന നടത്തിയശേഷം ചർച്ചയിലൂടെ വിഷയം പരിഹരിക്കാനായിരുന്നു തീരുമാനം. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചക്ക് 12മുതലാണ് സർവേ ആരംഭിച്ചത്. തേനി ആർ.ഡി.ഒ ആണ് തമിഴ്നാടിനെ പ്രതിനിധാനം ചെയ്യുന്നത്. തമിഴ്നാട്- കേരള െപാലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. തമിഴ്നാടുമായി തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിലാണ് സർവേ. ചർച്ചക്കെത്തണമെങ്കിൽ അതിർത്തിയിൽ ജില്ല എക്സൈസ് വിഭാഗം സ്ഥാപിച്ച കണ്ടെയ്നർ ചെക്ക് പോസ്റ്റ് നീക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞദിവസം അത് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള സർവേ ക്കല്ലിൽനിന്നാണ് സബ് കലക്ടറുടെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ സർവേ ആരംഭിച്ചത്. നിലവിൽ കേരളത്തിെൻറയും തമിഴ്നാടിെൻറയും കൈവശമുള്ള സർവേ രേഖകൾ കൃത്യമാണ്. എന്നാൽ, കാണാതായ അതിർത്തിക്കല്ലുകൾ പുനഃസ്ഥാപിക്കാനും ചിലയിടങ്ങളിലെ നേരിയതോതിലുള്ള വ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുമാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സർവേ നടപടി പൂർത്തീകരിച്ചശേഷം വിഷയം രമ്യമായി പരിഹരിക്കുമെന്നും സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. അണക്കരമെട്ടിൽ തമിഴ്നാട് നിർമിച്ച വാച്ച് ടവർ കേരളത്തിെൻറ ഭൂമിയിലാണ് എന്ന പ്രശ്നവും ഉയർന്നു. ഉടുമ്പൻചോല തഹസിൽദാർ പി.എസ്. ഭാനുകുമാർ, അഡീഷനൽ തഹസിൽദാർ എം.കെ. ഷാജി, കമ്പംമെട്ട് എസ്.ഐ ഷനൽകുമാർ, തമിഴ്നാട് ഉത്തമപാളയം ഡി.എഫ്.ഒ അബ്ദുൽ ഖാദർ, സർവേയർ എ.ഡി. ശാന്തി, ഉത്തമപാളയം തഹസിൽദാർ കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story