Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 2:40 PM IST Updated On
date_range 18 July 2017 2:40 PM ISTസെബാസ്റ്റ്യൻ ഞള്ളാനിയുടെ മരണം: ആറു വർഷത്തിന് ശേഷം മൃതദേഹപരിശോധനക്ക് തീരുമാനം
text_fieldsbookmark_border
കട്ടപ്പന: പ്രമുഖ കർഷകൻ സെബാസ്റ്റ്യൻ ഞള്ളാനിയുടെ ദുരൂഹമരണത്തിൽ വഴിത്തിരിവ്. രഹസ്യ അന്വേഷണം അസ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് എത്തിയതോടെ ആറു വർഷമായ മൃതദേഹം കല്ലറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. അത്യുൽപാദനശേഷിയുള്ള ഞള്ളാനി ഏലത്തിെൻറ ഉപജ്ഞാതാവായ സെബാസ്റ്റ്യനെ 2011 ഫ്രെബ്രുവരി 14ന് രാവിലെ കട്ടപ്പനയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ സ്പൈസസ് ബോർഡ് അവാർഡ് നൽകി ആദരിച്ച ദിവസമായിരുന്നു ദുരൂഹസാഹചര്യത്തിൽ മരണം. കല്ലറ തുറന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ജില്ല മജിസ്ട്രേറ്റിെൻറ അനുമതിതേടിയ പൊലീസ്, ഇതിന് സൗകര്യമൊരുക്കാൻ ഇടവക വികാരിക്ക് കത്തും നൽകിയതായാണ് സൂചന. ഏലം കൃഷി മേഖലയിൽ നിർണായക സംഭാവനകൾ നൽകിയ കട്ടപ്പന ഞള്ളാനിയിൽ സെബാസ്റ്റ്യെൻറ (കൊച്ചേപ്പ് --75) മരണത്തിൽ വഴിത്തിരിവായത് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങളാണ്. സംശയകരമായ സാഹചര്യം വ്യക്തമായതിനെത്തുടർന്ന് വിശദ അന്വേഷണത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്ന അന്വേഷണത്തിലാണ് ശാസ്ത്രീയ തെളിവ് ശേഖരണം നടത്തുന്നത്. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ എത്രയും വേഗം മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് നിർദേശം. മരിക്കുന്നതിെൻറ തലേന്ന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ചടങ്ങിലാണ് എട്ടുലക്ഷം രൂപയുടെ അവാർഡ് ഞള്ളാനി സെബാസ്റ്റ്യന് നൽകിയത്. തിരിച്ചെത്തിയശേഷമാണ് മരണം. വിവരമറിഞ്ഞ് അയൽവാസികൾ വീട്ടിലെത്തുമ്പോൾ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. വീട്ടിലെ ടെലിഫോണിെൻറ റിസീവർ തൂങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു. അസ്വാഭാവിക മരണമാന്നെന്ന് അന്ന് ആക്ഷേപമുയർന്നെങ്കിലും പരാതിയില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചു. പിന്നീട് അയൽവാസികൾ ചേർന്ന് രൂപവവത്കരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം േറഞ്ച് ഐ.ജി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എൻ. സജി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സ്വാഭാവികമല്ലാത്ത സൂചനകൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story