Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 2:23 PM IST Updated On
date_range 4 July 2017 2:23 PM ISTനായാട്ടുസംഘത്തിെല ഒരാൾ വെടിയേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ ഏലം എസ്റ്റേറ്റിൽ
text_fieldsbookmark_border
വണ്ടിപ്പെരിയാർ (ഇടുക്കി): നായാട്ടുസംഘത്തിൽപെട്ടയാളെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരിയാർ 55-ാം മൈൽ രാജമുടി കല്ലുമടയിൽ കുട്ടൻ ഷാജി എന്ന ഷാജിയാണ് (48) മരിച്ചത്. രാജമുടിയിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ നെഞ്ചിന് മുകളിൽ വെടിയേറ്റിരുന്നു. ചീളുകൾ തെറിച്ച് മുഖത്തും മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപം വലതുഭാഗത്ത് നാടൻ തോക്കുമുണ്ടായിരുന്നു. നായാട്ടിന് കൂടെയുണ്ടായിരുന്നവരിൽ ആരെങ്കിലും വെടിയുതിർക്കുകയോ അബദ്ധത്തിൽ അപകടം സംഭവിച്ചതോ ആകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തോക്കിൽനിന്ന് സ്വയം നിറയൊഴിച്ചാൽ ഇത്തരത്തിലെ അപകടത്തിന് സാധ്യത കുറവാണ്. അതേസമയം, ഏറ്റുമുട്ടൽ സാധ്യതയും ദുരൂഹതയും പരിശോധിക്കുമെന്നും പ്രതികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് ഷാജിയുടെ ഭാര്യ ഓമന പറയുന്നതിങ്ങനെ: നെല്ലിമല ജങ്ഷനിലെ വർക്ക്ഷോപ്പിൽ മെക്കാനിക്കായ ഷാജി ഞായറാഴ്ച അവധിയായതിനാൽ വീട്ടിലുണ്ടായിരുന്നു. പിന്നീട് വണ്ടിപ്പെരിയാർ ടൗണിലേക്ക് പോയപ്പോൾ മൊബൈൽ ഫോൺ വീട്ടിൽ െവച്ചാണ് പോയത്. ഈ സമയം ഏലത്തോട്ടത്തിെൻറ ഉടമ മൊബൈൽ ഫോണിൽ വിളിക്കുകയും എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. വൈകീട്ട് വീട്ടിലെത്തിയ ഷാജി മഴക്കോട്ടും തൊപ്പിയും ധരിച്ച് രാത്രി 7.30ഒാടെ ഏലത്തോട്ടത്തിലേക്ക് പോയി. രാത്രി 8.30നും ഒമ്പതിനും ഇടയിൽ വെടിയൊച്ച കേട്ടിരുന്നു. അധികം വൈകാതെ എസ്റ്റേറ്റ് ഉടമയുടെ വാഹനം അമിതവേഗത്തിൽ കടന്നുപോയി. രാത്രി വൈകിയും ഷാജി എത്താതിരുന്നതിനെ തുടർന്ന് എസ്റ്റേറ്റ് ഉടമയോട് ഫോണിൽ വിളിച്ചപ്പോൾ ഷാജി നേരത്തേ തിരികെ പോന്നതായാണ് പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ബന്ധുക്കളെ വിവരമറിയിച്ചു. തിരച്ചിലിനിടെ തിങ്കളാഴ്ച രാവിലെ ഷാജിയെ വെടിയേറ്റ് മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്. മൃതദേഹം കിടന്നതിന് ഒരു കിലോമീറ്റർ അകലെനിന്ന് ചോരക്കറ പുരണ്ട തോർത്ത് ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. ഇതുവഴി ഒഴുകുന്ന കൈത്തോട്ടിലേക്ക് വലിച്ചെറിഞ്ഞ തോർത്ത് ആൽമരക്കൊമ്പിൽ കുരുങ്ങിയതാണ്. ജില്ല പൊലീസ് മേധാവി ബി. വേണുഗോപാൽ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹൻ, പീരുമേട് സി.ഐ ഷിബുകുമാർ, കോട്ടയം യൂനിറ്റിലെ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പോസ്റ്റ്മോർട്ടം നടപടിക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷാജിയുടെ ഏകമകൾ: അജിതാമോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story