Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right‘ചികിത്സ’ വേണം ഈ...

‘ചികിത്സ’ വേണം ഈ ആശുപത്രിക്ക്

text_fields
bookmark_border
കോട്ടയം: നിലംപതിക്കാറായ കെട്ടിടവും തുരുമ്പ് നിറഞ്ഞ കട്ടിലുകളും പൊട്ടിപ്പൊളിഞ്ഞ ടോയ്ലറ്റ് ബ്ളോക്കും സ്വിച്ചിട്ടാല്‍ കറങ്ങാത്ത ഫാനുകളും ചേര്‍ന്നാല്‍ ജില്ല ഹോമിയോ ആശുപത്രിയുടെ ഏകദേശ ചിത്രമായി. ‘വിശേഷങ്ങള്‍’ ഇനിയുമുണ്ട്. ആശുപത്രിയിലെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വെള്ളം അന്യം, തോന്നുമ്പോള്‍ വരുകയും പോവുകയും ചെയ്യുന്ന വൈദ്യുതി, സന്ധ്യക്ക് വിരുന്നത്തെുന്ന കൊതുകുകള്‍, മരുന്ന് സൂക്ഷിക്കുന്ന മുറിയിലെ താമസക്കാരായ എലി, പാറ്റ, എട്ടുകാലി അടക്കം ജീവികള്‍, അടച്ചുറപ്പില്ലാത്ത വാതിലുകളും ജനലുകളും. കൂടാതെ റെയില്‍വേ വികസനത്തിന്‍െറ ഭാഗമായി അറിയിപ്പുവന്നാല്‍ ഏത് നിമിഷവും ഒഴിഞ്ഞുകൊടുക്കയും വേണം... നൂറുകണക്കിന് രോഗികളുടെ ആശ്രയമായ നാഗമ്പടത്തെ ജില്ല ഹോമിയോ ആശുപത്രിക്ക് ‘ചികിത്സ’ അനിവാര്യമാണ്. ജില്ല പഞ്ചായത്തിന്‍െറ നിയന്ത്രണത്തിലുള്ള ഹോമിയോ ആശുപത്രി നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരസഭയുടെ നിലംപതിക്കാറായ കെട്ടിടത്തില്‍ റെയില്‍വേ വക സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 250 മുതല്‍ 300വരെ രോഗികള്‍ ദിനംപ്രതി ചികിത്സ തേടുന്ന ആശുപത്രിയാണ് അധികൃതരുടെ തുടര്‍ച്ചയായ അവഗണനയില്‍പെട്ട് കഴിയുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് 2013ല്‍ സര്‍ക്കാറില്‍നിന്ന് രണ്ടു കോടിരൂപ പുതിയ ഹോമിയോ ആശുപത്രിയുടെ നിര്‍മാണത്തിന് അനുവദിച്ചത്. നാഗമ്പടം എം.സി റോഡില്‍ തടിമില്ലിന് സമീപം നിര്‍മാണം ആരംഭിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞെങ്കിലും പൂര്‍ത്തിയായിട്ടില്ല. നിലവിലെ ഫണ്ട് തികയില്ളെന്നും മെച്ചപ്പെട്ട കിടപ്പുചികിത്സ സൗകര്യങ്ങള്‍ക്ക് സംവിധാനമൊരുക്കാന്‍ ഒരുകോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ഹോമിയോപ്പതി മെഡിക്കല്‍ അസോ. നേതൃത്വത്തില്‍ കഴിഞ്ഞമാസം കോട്ടയത്ത് സെമിനാറില്‍ പങ്കെടുക്കാനത്തെിയ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിക്ക് നിവേദനം നല്‍കിയിരുന്നു. കിടത്തിച്ചികിത്സക്ക് 25 കിടക്കയുള്‍പ്പെടെയുണ്ടായിരുന്നിടത്ത് പരിമിതികള്‍ നിമിത്തം 10 കിടക്കയുള്ള വനിത വാര്‍ഡ് മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കുന്നു. സുരക്ഷാ ജീവനക്കാരില്ലാത്തയിവിടെ ഇരുട്ടുവീണാല്‍ സാമുഹികവിരുദ്ധ അഴിഞ്ഞാട്ടമാണ്. പോരാത്തതിന് നഗരസഭ വക ടണ്‍കണക്കിന് മാലിന്യമാണ് ആശുപത്രി പരിസരത്ത് തള്ളുന്നത്, ഒപ്പം മദ്യകുപ്പികളും സ്റ്റാന്‍ഡില്‍നിന്ന് റെയില്‍വേ സ്റ്റേഷനില്‍നിന്നുമുള്ള അവശിഷ്ടങ്ങളും തിങ്ങിനിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതും പതിവ് കാഴ്ചയാണ്. വായനയിലുള്ള വൈകല്യം, എഴുതാനുള്ള കഴിവില്ലായ്മ, വിഷാദചിന്ത, പെരുമാറ്റ വൈകല്യം തുടങ്ങി കുട്ടികളിലെ പ്രശ്നങ്ങള്‍ക്കായി ‘സദ്ഗമയ’ എന്ന പ്രോജക്ട് പ്രകാരം നടപ്പാക്കുന്ന പ്രത്യേക ചികിത്സയും കിഡ്നിസ്റ്റോണ്‍, ഗര്‍ഭാശയമുഴ എന്നിവക്കായി മാസത്തില്‍ നാലുദിവസം ശനിയാഴ്ചകളില്‍ സ്പെഷല്‍ ക്ളിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥലപരിമിതി നിമിത്തം കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാനാകാത്ത സ്ഥിതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story