Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറ്റക്കര ടോംസ്...

മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജ് വട്ടംചുറ്റിച്ച് അധികൃതര്‍; ഇരുട്ടില്‍തപ്പി വിദ്യാര്‍ഥികള്‍

text_fields
bookmark_border
കോട്ടയം: ‘അങ്ങോട്ടുമിങ്ങോട്ടുമിട്ട് വട്ടംചുറ്റിക്കല്‍ മാത്രം, സാങ്കേതിക സര്‍വകലാശാല അധികൃതരടക്കം ഒളിച്ചുകളി നടത്തുകയാണ്’. വിദ്യാര്‍ഥിപീഡന പരാതികളത്തെുടര്‍ന്ന് അടുത്ത അധ്യയനവര്‍ഷം മുതല്‍ അഫിലിയേഷന്‍ പുതുക്കിനല്‍കേണ്ടതില്ളെന്ന് തീരുമാനിച്ചതോടെ ഭാവി അനിശ്ചിതത്വത്തിലായ കോട്ടയം, മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിലെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും തുറന്നുപറച്ചില്‍ ഇങ്ങനെ പോകുന്നു. തുടര്‍ പഠനം സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമാകാത്തതാണ് ഇരുനൂറോളം വരുന്ന ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളെ ആശങ്കപ്പെടുത്തുന്നത്. സര്‍വകലാശാലയില്‍ അന്വേഷിക്കുമ്പോള്‍ എ.ഐ.സി.ടി.ഇയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോള്‍ സര്‍വകലാശാലയാണ് തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നുമാണ് അറിയിച്ചതെന്നാണ് രക്ഷിതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞത്. ആദ്യ രണ്ടു വര്‍ഷങ്ങളിലായി വിവിധ ഡിപ്പാര്‍ട്മെന്‍റുകളിലായി 217 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ടോംസ് കോളജിലെ 200 പേരും കോളജ് മാറണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധപരിപാടി ശക്തമാക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോളജില്‍ മാറ്റം സാധ്യമാക്കുന്നത് വൈകുന്നപക്ഷം തിങ്കളാഴ്ചമുതല്‍ തിരുവനന്തപുരത്ത് എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലക്കുമുന്നില്‍ വിദ്യാര്‍ഥികളുമൊന്നിച്ച് ധര്‍ണ നടത്തുമെന്നും നടപടിയില്ളെങ്കില്‍ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. കേരളത്തിലെ അഞ്ചോളം കോളജുകളില്‍ മാത്രമുള്ള അപൂര്‍വ കോഴ്സായ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് ടോംസില്‍ അഡ്മിഷനെടുത്തവരാണ് കൂടുതല്‍ കുഴഞ്ഞത്. ഈ കോഴ്സ് നടത്തുന്ന സ്വാശ്രയ കോളജുകളായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി, വളാഞ്ചേരി കൊച്ചിന്‍ കോളജ് എന്നിവിടങ്ങളിലേക്ക് ടോംസിലെ വിദ്യാര്‍ഥികളെ തുടര്‍ പഠനത്തിനായി മാറ്റാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷനുമായി (എ.ഐ.സി.ടി.ഇ) ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സാങ്കേതിക സര്‍വവകലാശാല അധികൃതര്‍ അറിയിച്ചതെങ്കിലും നടപടി വൈകുംതോറും ക്ളാസ് മുടങ്ങുന്നതിന്‍െറ നഷ്ടം ആര് തീര്‍ക്കുമെന്ന ഇവരുടെ ചോദ്യത്തിന് ഉത്തരമില്ല. ഇവിടെ പ്രത്യേക ബാച്ച് അനുവദിക്കാതെ പോംവഴിയില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടാം സെമസ്റ്റര്‍ ക്ളാസ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്. അതേസമയം, ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളുടെ ഈ ദുരിതം മുതലെടുക്കാനുള്ള ശ്രമം മറ്റ് സ്വാശ്രയ കോളജുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും ആരോപണമുണ്ട്. മാനേജ്മെന്‍റ് സീറ്റിന് ഒന്നേകാല്‍ ലക്ഷവും മെറിറ്റിന് എഴുപത്തയ്യായിരം രൂപയും കഴിഞ്ഞദിവസം ഒരു കോളജ് ആവശ്യപ്പെട്ടതായി ടോംസിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് ആരോപിച്ചു. കോഴ്സ് തുടങ്ങുമ്പോള്‍ തന്നെ ടോംസില്‍ രണ്ട് സെമസ്റ്ററും ചേര്‍ത്തുള്ള ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ചാണ് വാങ്ങുന്നത്. ഇത് പഠനം നേരത്തേ നിര്‍ത്തുന്നതിന്‍െറപേരില്‍ മടക്കിനല്‍കുകയുമില്ല. മാത്രവുമല്ല, ഇനി കോളജ് മാറിയാല്‍ അവിടെയും ഫീസ് നല്‍കണം. തുടര്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന കോളജ് അധികൃതരുടെ അനുമതിയും പ്രധാനമാണ്. ഇത് സാങ്കേതികതടസ്സങ്ങളുടെ നൂലാമാലകളില്‍ ഉള്‍പ്പെടുമോ എന്ന ആശങ്കയും വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നു. സര്‍ക്കാര്‍ മെറിറ്റില്‍ ഇവിടെ അഡ്മിഷനെടുത്തവരോട് വര്‍ഷം 50, 000 രൂപയും മാനേജ്മെന്‍റ് സീറ്റുകളില്‍ 90,000 മുതല്‍ മുകളിലോട്ടുമാണ് ഫീസായി വാങ്ങിയത്. നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് ഇത് താങ്ങാനാകാത്തതിനാല്‍ ടോംസ് അധികൃതരില്‍നിന്ന് അധികഫീസ് തിരികെവാങ്ങി നല്‍കണമെന്നും കോളജ് ചെയര്‍മാന്‍ ടോം ടി. ജോസഫിനെതിരായ മുഴുവന്‍ കേസുകളും അന്വേഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. പഠനം നിര്‍ത്തേണ്ട സാഹചര്യമുണ്ടായാലും ഇനി ടോംസ് കോളജിലേക്കില്ളെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
Show Full Article
TAGS:LOCAL NEWS 
Next Story