Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:02 AM IST Updated On
date_range 21 Dec 2017 11:02 AM ISTവൃദ്ധമാതാക്കളുടെ വിലാപം കേട്ട് പരിതപിച്ച് വനിത കമീഷനും
text_fieldsbookmark_border
കോട്ടയം: സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും ചേർന്ന് നിരന്തരപീഡനം, അർബുദരോഗിയായ മകളെ ചികിത്സിക്കാതെ സ്വത്ത് തട്ടിയെടുത്തു.... കണ്ണീരിൽ കുതിർന്ന പരാതികളുമായി വനിത കമീഷനു മുന്നിൽ വയോധികമാരുടെ നീണ്ടനിര. കോട്ടയത്ത് നടത്തിയ മെഗസിറ്റിങ്ങിലായിരുന്നു ഈ കാഴ്ച. കമീഷനിലെത്തുന്ന പരാതികളിൽ ഏറെയും ഗാർഹികവിഷയങ്ങളിലുള്ളതാണെന്നും അതിൽതന്നെ വയോധികമാരുടെ പരാതിയാണ് കൂടുതലെന്നും കമീഷൻ അംഗങ്ങൾ പറയുമ്പോൾ സാക്ഷരകേരളത്തിെൻറ സാംസ്കാരിക മുഖത്തിനുനേരെയാണ് ചൂണ്ടുവിരൽ നീളുന്നത്. വളർത്തിയെടുത്ത മകൻ സ്വത്തുതട്ടിയെടുക്കാൻ നിരന്തര മാനസിക ശാരീരിക പീഡനം നടത്തുകയാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പായിപ്പാട് നാലുകോടി സ്വദേശി 70കാരിയായ വീട്ടമ്മ എത്തിയത്. 68 സെൻറ് ഭൂമിയും വീടും ഇവരുടെ പേരിലാണ്. ഈ വീട്ടിൽ ഒപ്പം താമസിക്കുന്ന മകനും ഭാര്യയുമാണ് നിരന്തരം വാക്കുകളും പ്രവൃത്തിയുംകൊണ്ടും ഭീഷണിപ്പെടുത്തുന്നതെന്ന് പറയുമ്പോൾ കമീഷെൻറയും കേൾവിക്കാരുടെയും ഉള്ളിൽ തട്ടുന്നതായിരുന്നു ഈ അമ്മയുടെ വാക്കുകൾ. ഭർത്താവിെൻറ മരണത്തിനുമുമ്പ് മക്കൾക്കും തനിക്കും പ്രത്യേകമായി വീതം വെച്ചുനൽകിയിരുന്നതാണ്. മൂത്തമകൻ നാലുവർഷം മുമ്പ് മരിച്ചു. അതിനുശേഷം നാട്ടിലെത്തിയ ഇളയമകനാണ് ഭീഷണിയായി മാറിയിരിക്കുന്നത്. ഭക്ഷണംപോലും ഇവർ നൽകാത്തതിനാൽ സ്വന്തമായി പാചകം ചെയ്യും. ചിലപ്പോൾ പട്ടിണിയുമാകും. വൃദ്ധക്ക് ആവശ്യമായ സംരക്ഷണം നൽകാനും വിഷയത്തിൽ ഉടൻ റിപ്പോർട്ട് നൽകാനും കമീഷൻ തൃക്കൊടിത്താനം പൊലീസ് എസ്.എച്ച്.ഒക്ക് നിർദേശം നൽകി. മരിച്ചുപോയ മകൾക്ക് വേണ്ടിയായിരുന്നു 80കാരിയായ വയോധിക നടക്കാൻപോലും ബുദ്ധിമുട്ടിയെത്തിയത്. അർബുദം ബാധിച്ച മകളെ ഭർത്താവ് വേണ്ടവണ്ണം ചികിത്സിക്കാത്തതിനാലാണ് മരിച്ചതെന്നും ഇത് മകളുടെ പേരിലുണ്ടായിരുന്ന സ്വത്ത് തട്ടിയെടുക്കാനായിരുന്നെന്നുമായിരുന്നു പരാതി. മകളുടെ മരണശേഷം മരുമകൻ സ്വത്ത് പേരിലാക്കി വിറ്റു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാമ്പാടി പൊലീസിനു കമീഷൻ നിർദേശം നൽകി. അയൽവാസിയുടെ പന്നി ഫാമിലെ മാലിന്യമായിരുന്നു മാലം സ്വദേശിയുടെ പരാതിക്ക് അടിസ്ഥാനമായത്. 2011 മുതൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുകയാണ് ഫാം. മണർകാട് പഞ്ചായത്ത് സെക്രട്ടറിക്ക് കമീഷൻ നോട്ടീസയച്ചു. വിവാഹബ്യൂറോക്കെതിരെയും പരാതി ലഭിച്ചു. ഫീസ് വാങ്ങിയിട്ട് ആവശ്യമായ സേവനം തരാതെ കബളിപ്പിക്കുകയാണെന്നായിരുന്നു പരാതി. ബ്യൂറോ നടത്തിപ്പുകാരെ വിളിച്ചുവരുത്തിയ കമീഷൻ വാങ്ങിയ പണം തിരികെ കൊടുപ്പിച്ചതോടെ പരാതി ഒത്തുതീർപ്പായി. കലക്ടറേറ്റ് ഹാളിൽ നടന്ന അദാലത്തിൽ 78 കേസുകളിൽ 23 എണ്ണം തീർപ്പാക്കി. 21 പരാതി പൊലീസ് റിപ്പോർട്ടിനുവിട്ടു. കമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി.യു. കുര്യാക്കോസ് തുടങ്ങിയവർ അദാലത്തിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story