Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:00 PM IST Updated On
date_range 26 Aug 2017 2:00 PM ISTമന്ത്രി തോമസ് ചാണ്ടിയുടെ അഭിപ്രായപ്രകടനങ്ങൾ സംശയാസ്പദമെന്ന് എൻ.സി.പി നേതാക്കൾ
text_fieldsbookmark_border
കോട്ടയം: ഉഴവൂർ വിജയെൻറ മരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, മന്ത്രി തോമസ് ചാണ്ടി നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സംശയാസ്പദമാണെന്ന് എൻ.സി.പി കോട്ടയം ജില്ല കമ്മിറ്റി അംഗം റാണി സാംജി. മന്ത്രിയുടെ അഭിപ്രായങ്ങൾ ആരോപണവിധേയനായ വ്യക്തിയെ സംരക്ഷിക്കുന്ന രീതിയിലാണ്. ഇത് അന്വേഷത്തെ അട്ടിമറിക്കാനാണെന്ന് സംശയിക്കണമെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആരോപണവിധേയനായ വ്യക്തിയുടേതായി പുറത്തുവന്ന ഓഡിയോ സംഭാഷണത്തിൽ മന്ത്രിയെ കാണാൻ പോകുന്ന വിവരവും കണ്ട വിവരങ്ങളും പറയുന്നത് കൂട്ടിവായിച്ചാൽ സംശയം ഉയരുക സ്വാഭാവികമാണ്. വിജയെൻറ കരൾ മാറ്റിവെക്കണമെന്ന് ആശുപത്രിയിൽനിന്ന് പറഞ്ഞതായ മന്ത്രിയുടെ വാദത്തെക്കുറിച്ച് വീട്ടുകാർക്ക് പോലും അറിവില്ല. മരിക്കുന്നതിെൻറ തലേന്നാൾ മന്ത്രി വിജയെൻറ കൈയിൽ 50,000 രൂപ നൽകിയത് അദ്ദേഹത്തെ മാനസികമായി തളർത്താനായിരുന്നു. ഈ പണം പിന്നീട് ഡിമാൻഡ് ഡ്രാഫ്റ്റായി മന്ത്രിക്ക് തിരികെ നൽകി. വിജയെൻറ ഭാര്യയെയും പെൺമക്കളെയും അപകീർത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും വനിത കമീഷെൻറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും റാണി പറഞ്ഞു. പാര്‍ട്ടി പ്രസിഡൻറായിരുന്ന വ്യക്തിയുടെ മരണത്തിന് ഉത്തരവാദികളായവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ മന്ത്രിക്ക് ധാര്‍മികബാധ്യതയുണ്ട്. ഇതു മറന്ന് മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ വേദനയുണ്ട്. അതെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവർ പറഞ്ഞു. നേരേത്ത റാണിയാണ് ഉഴവൂർ വിജയെൻറ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയന് പരാതി നൽകിയത്. എൻ.സി.പി മുൻ സംസ്ഥാനസമിതി അംഗം സതീഷ് കല്ലക്കുളം, യുവജനവിഭാഗം മുന്‍ സംസ്ഥാന സെക്രട്ടറി സാംജി പഴേപ്പറമ്പില്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story