Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോ​റിയിൽ കൊണ്ടുവന്ന്​...

ലോ​റിയിൽ കൊണ്ടുവന്ന്​ തള്ളിയ ക​ക്കൂ​സ് മാ​ലി​ന്യം​ ഡ്രൈ​വ​റെ കൊ​ണ്ട് ത​ല​യി​ല്‍ ചു​മ​പ്പി​ച്ചു

text_fields
bookmark_border
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിനടുത്ത് പേരൂരില്‍ മീനച്ചിലാറിെൻറ തീരത്തും പാറമ്പുഴ കുത്തിയതോട്ടിലും കക്കൂസ് മാലിന്യം തള്ളിയ സംഘത്തിെൻറ ലോറി നാട്ടുകാര്‍ പിടികൂടി. മാലിന്യം നിറച്ച മിനി ടാങ്കര്‍ ലോറിയോടൊപ്പം പിടികൂടിയ അടിമാലി ചെട്ടിയാംകുടി സി.എ. അലക്സിനെ (29)കൊണ്ട് കുത്തിയതോട്ടില്‍ തള്ളിയ മനുഷ്യവിസര്‍ജ്യം കോരി തലയില്‍ ചുമപ്പിക്കുകയും ചെയ്തു നാട്ടുകാര്‍. ബുധനാഴ്ച വെളുപ്പിനെ രണ്ടരമണിയോടെയായിരുന്നു സംഭവം. കറുത്തേടത്ത് കടവിന് സമീപം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് സൈഡ് കൊടുക്കവെ മുന്നില്‍ പോയ ടിപ്പര്‍ ലോറിയുടെ പിന്നില്‍ മാലിന്യം കയറ്റിവന്ന മിനിലോറി ഇടിച്ചതോടെയാണ് അലക്സും ലോറിയും കുടുങ്ങിയത്. വണ്ടി ഇടിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികള്‍ ഇത് മാലിന്യം തള്ളാന്‍ എത്തിയ വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. മൂന്ന് വാഹനങ്ങളിലായാണ് ഈ പ്രദേശത്ത് ഇവര്‍ മാലിന്യം തള്ളിയത്. ആദ്യത്തെ ലോറികളില്‍ കൊണ്ടുവന്ന മാലിന്യം മീനച്ചിലാറിെൻറ തീരത്ത് കിണറ്റിന്‍മൂട് തൂക്കുപാലത്തിന് സമീപവും പാറമ്പുഴ കുഴിചാലിപ്പടിക്ക് സമീപം കുത്തിയതോട്ടിലും തള്ളിയിരുന്നു. ഈ ലോറികള്‍ പോയശേഷം പിന്നാലെയെത്തിയ വാഹനമാണ് നാട്ടുകാരുടെ പിടിയിലായത്. സംക്രാന്തി അശോക ഹോട്ടലില്‍നിന്നുള്ള മാലിന്യമാണ് ലോറിയില്‍ കൊണ്ടുവന്നതെന്ന് ലോറിയുടെ ഡ്രൈവര്‍ കൂടിയായ അലക്സ് പറഞ്ഞു. അലക്സിെൻറ സഹായികളായി കൂടെ ഉണ്ടായിരുന്ന മുണ്ടക്കയം സ്വദേശി അനില്‍, ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ബാബു എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി മാനസെൻറ വക കെ.എല്‍ 32-ഡി 715 നമ്പറിലുള്ള ലോറിയാണ് നാട്ടുകാര്‍ പിടികൂടിയത്. മാനസനാണ് സംഘത്തിെൻറ നേതാവ്. ഇതിനിടെ സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് അലക്സിനെ കസ്റ്റഡിയിലെടുക്കാനും വാഹനം സ്ഥലത്തുനിന്ന് നീക്കാനും ശ്രമിച്ചു. രോഷാകുലരായ നാട്ടുകാര്‍ പക്ഷെ സമ്മതിച്ചില്ല. തുടര്‍ന്ന് മീനച്ചിലാര്‍ സംരക്ഷണസമിതി പ്രസിഡൻറ് മോന്‍സി പെരുമാലിലിെൻറ നേതൃത്വത്തില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചതോടെ ബുധനാഴ്ച ഉച്ചവരെ നാടകീയ സംഭവവികാസങ്ങളാണ് ഇവിടെ നടന്നത്. രണ്ട് സ്ഥലങ്ങളിലായി തള്ളിയ മാലിന്യം തിരിച്ചെടുത്ത് പ്രദേശം ശുദ്ധിയാക്കാതെ ഇയാളെയും വാഹനത്തെയും വിട്ടുതരില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. വാഹനം കൊണ്ടുപോകാതിരിക്കാന്‍ കാറ്റഴിച്ചുവിടുകയും ചെയ്തു. ഈ സംഘത്തിെൻറ മറ്റ് രണ്ട് ലോറികള്‍ വരുത്തി കിണറ്റിന്‍മൂട്ടിലും കുത്തിയതോട്ടിലും തള്ളിയ മാലിന്യം മോട്ടോര്‍വെച്ച് തിരികെയെടുപ്പിക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. തള്ളിയവര്‍ നേരിട്ടിറങ്ങി പാത്രങ്ങളില്‍ കോരി വണ്ടിയില്‍ നിറച്ചശേഷം വെള്ളമൊഴിച്ച് ക്ലീന്‍ ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. കഴിഞ്ഞയിടെ കുത്തിയതോട്ടിലേക്ക് ഒഴുക്കിയ മാലിന്യം അടിഞ്ഞുകിടന്നത് തെള്ളകം പാടത്തേക്കുള്ള ഇറിഗേഷന്‍ പൈപ്പ് നന്നാക്കുന്നതിന് തടസ്സമായിരുന്നു. തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, ഏറ്റുമാനൂര്‍ െപാലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാര്‍ട്ടിന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. വെള്ളം പമ്പ് ചെയ്ത് ക്ലോറിനേഷന്‍ നടത്തി പരിസരം വ‍‍ൃത്തിയാക്കാമെന്ന് തഹസില്‍ദാര്‍ ഉറപ്പുനല്‍കിയെങ്കിലും ലോറിഡ്രൈവര്‍ മാലിന്യം വാരണമെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. അവസാനം ഏതാനും ബക്കറ്റ് മാലിന്യം ഇയാള്‍ വാരിമാറ്റി. നാട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി തലയില്‍ ചുമക്കുകയും ചെയ്തു. തുടര്‍ന്ന് അലക്സിനെ അറസ്റ്റ് ചെയ്ത ഏറ്റുമാനൂര്‍ പൊലീസ് ലോറിയും കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story