Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 8:00 PM IST Updated On
date_range 23 April 2017 8:00 PM ISTആനപ്രേമികളുടെ ആർപ്പുവിളിയിൽ ആവേശക്കടലായി ഇത്തിത്താനം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഇത്തിത്താനം ഗജമേള ആനപ്രേമികളുടെ കണ്ണില്‍ പൂരക്കാഴ്ചയൊരുക്കി. മേടസൂര്യെൻറ ചൂട് അണപൊട്ടി നിന്ന സായാഹ്നത്തില്‍ ഇളങ്കാവിലമ്മയുടെ തിരുമുന്നില്‍ ഗജനിരയുടെ ആവേശക്കാഴ്ചയായിരുന്നു. ആര്‍പ്പുവിളികള്‍ക്കും ആരവങ്ങള്‍ക്കുമിടയിലൂടെ ചമയങ്ങളില്ലാതെ ലക്ഷണമൊത്ത കരിവീരന്മാർ ആരാധകര്‍ക്ക് നടുവിലൂടെ ഇളങ്കാവിലമ്മയുടെ തിരുസന്നിധിയിലെത്തി നമസ്‌കരിച്ച് ഗജരാജസംഗമ വേദിയിലെത്തി. ആയിരക്കണക്കിന് ആരാധകര്‍ക്ക് നടുവിലൂടെ ഓരോ കാവടി സംഘങ്ങളും തങ്ങളുടെ ഗജശ്രേഷ്ഠരെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചാനയിച്ചത്. ഗജരാജാക്കന്മാര്‍ ഇളങ്കാവ് ദേവിയുടെ മുന്നില്‍ തലയെടുപ്പോടെ നിരന്നുനിന്നപ്പോള്‍ ഗജമേള കാണികള്‍ക്ക് ആനന്ദകരമായി. ദേശത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് ഉച്ചമുതല്‍ തന്നെ ഇത്തിത്താനത്തേക്ക് ഒഴുകിയെത്തിയത്. ഗജമേള തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്നേ ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രവും പരിസരവും ആനപ്രേമികളാൽ നിറഞ്ഞിരുന്നു. പ്രായവ്യത്യാസമില്ലാതെയാണ് ആയിരങ്ങള്‍ ഗജമേള കാണാനായി എത്തിയത്. കണ്ണിനു കാണിക്കയൊരുക്കി ഗജവീരന്മാര്‍ അണിനിരന്നതോടെ ആവേശം മേടച്ചൂടിനേക്കാളും ഉയരത്തിലായി. ചമയങ്ങളില്ലാത്ത ആനയുടെ സൗന്ദര്യം കണ്ണില്‍ ആവോളം ആസ്വദിച്ചാണ് വെയില്‍ മാഞ്ഞപ്പോള്‍ ക്ഷേത്രാങ്കണത്തില്‍നിന്ന് ആസ്വാദകര്‍ മടങ്ങിയത്. വിവിധ കരകളില്‍നിന്നുള്ള കാവടി കുംഭകുട സമിതികളുടെ നേതൃത്വത്തിലാണ് ഗജമേളയില്‍ തലയെടുപ്പും അഴകുമുള്ള ആനകളെ അണിനിരത്തിയത്. കടുത്ത ചൂടിനെ വെല്ലാന്‍ ആനകളെ വെള്ളം നനച്ച്, പഴങ്ങള്‍ നല്‍കി കാത്തിരുന്നു. എലിഫൻറ് സ്‌ക്വാഡിെൻറയും പൊലീസിെൻറയും നിര്‍ദേശാനുസരണമുള്ള എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഗജമേളക്കായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story