Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്തെ കാമറകൾ...

കോട്ടയത്തെ കാമറകൾ എല്ലാം കണ്ണടച്ചു

text_fields
bookmark_border
കോട്ടയം: ‘നിങ്ങൾ സി.സി ടി.വി കാമറയുടെ നിരീക്ഷണത്തിലാണ്’. ഇൗ അറിയിപ്പിലുള്ള ബോർഡുകൾ ഇന്ന് എവിടെത്തിരിഞ്ഞാലും കാണാനാകും. കാമറക്കണ്ണുകളുടെ നിരീക്ഷണവലയം ഏർപ്പെടുത്തുന്നത് റോഡുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം പതിവ് സംഭവവുമാണ്. അതേസമയം, സുരക്ഷയൊരുക്കുന്നതിെൻറ ഭാഗമായി പൊലീസ് കോട്ടയം നഗരത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളൊക്കെ പ്രവർത്തനരഹിതമാണെന്ന ആക്ഷേപം വ്യാപകമായിരിക്കുകയാണ്. സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ കാമറകൾ പ്രവർത്തനരഹിതമായി. പ്രവർത്തനരഹിതമായ കാമറകൾ നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ അധികൃതർ മെല്ലെപ്പോക്ക് നയം തുടരുന്നുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. ഇതോടൊപ്പം കോടിമത നാലുവരിപ്പാതയിൽ അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ സ്ഥാപിച്ച നിരീക്ഷണ കാമറയും പ്രവർത്തനരഹിതമാണെന്ന് ആരോപണമുണ്ട്. എം.സി റോഡ് നവീകരിച്ചതിനുപിന്നാലെ ഇരുചക്രവാനങ്ങൾക്കൊപ്പം മറ്റു വാഹനങ്ങളും അമിതവേഗത്തിലാണ് യാത്ര. അതിനാൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. രാത്രിയിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങൾക്കിടയാക്കി നിർത്താതെപോകുന്ന വാഹനങ്ങളെ കണ്ടെത്താനാകാതെവരുന്നത് ഇത്തരം നിരീക്ഷണ കാമറകളുടെ അഭാവമാണ്. കോട്ടയം അറുപുറയിൽനിന്ന് ഏപ്രിൽ ആറുമുതൽ കാണാതായ ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ സി.സി ടി.വി പരിശോധനയിലും കാറിനെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കാത്തതും ചോദ്യചിഹ്നമായി തുടരുകയാണ്. രാത്രിയിൽ മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പിടികൂടാനും പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുമെന്നത് മുന്നിൽകണ്ടാണ് നഗര സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സ്വകാര്യ പങ്കാളിത്തത്തോടെ കാമറകൾ സ്ഥാപിക്കാൻ നേരേത്ത തീരുമാനിച്ചത്. ജനമൈത്രി പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. കോടിമത മുതൽ നാഗമ്പടം വരെയും ബസേലിയസ് കോളജ് ജങ്ഷൻ മുതൽ തിരുനക്കര വരെയുമുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങളാണ് പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടുവന്നത്. കഴിഞ്ഞ മകരവിളക്ക് സീസണിൽ നഗരത്തിലെയും മറ്റു പ്രധാന സ്ഥലങ്ങളിലും കാമറ നിരീക്ഷണം ശക്തമാക്കാൻ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ നിർദേശം നൽകിയിരുന്നു. നഗരം കാമറക്കണ്ണിലാകുന്നതോടെ കുറ്റകൃത്യങ്ങളും വാഹനമോഷണങ്ങളും അക്രമങ്ങളും ഒരു പരിധിവരെ തടയാനാവുമെന്നും അധികൃതർ കണക്കുകൂട്ടി. നിലവിലുള്ള സംവിധാനം അപര്യാപ്തമായതിനാൽ കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ സംവിധാനം വേണമെന്ന് നേരേത്ത ആവശ്യമുയർന്നിരുന്നു. എന്നാൽ, ഫണ്ട് അപര്യാപ്തതയാണ് വിലങ്ങുതടിയായത്. പൊലീസിനൊപ്പം സുരക്ഷയിൽ ഉത്തരവാദിത്തമുള്ള ജില്ല പഞ്ചായത്ത് അവതരിപ്പിച്ച ബജറ്റിലാകെട്ട കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവുമില്ലായിരുന്നു. കോട്ടയം നഗരസഭയുടെ ബജറ്റിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിനും സ്ത്രീ സുരക്ഷക്കുമായി പൊലീസ്, മൊബൈൽ കമ്പനികൾ എന്നിവരുമായി യോജിച്ച് സ്ത്രീ സുരക്ഷാ ആപ്ലിക്കേഷൻ ആരംഭിക്കാനും പരാതിപ്പെട്ടികൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. കൂടാതെ നാഗമ്പടം, തിരുനക്കര, തിരുവാതുക്കൽ ബസ് ടെർമിനലുകൾ ആധുനീകരിച്ച് സി.സി ടി.വികൾ സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചതുമാണ് അടുത്തയിടെയുണ്ടായ ഏക നീക്കം.
Show Full Article
TAGS:LOCAL NEWS 
Next Story