Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 4:22 PM IST Updated On
date_range 21 April 2017 4:22 PM ISTമൂന്നാർ ഒഴിപ്പിക്കൽ സർക്കാറിനു തലവേദനയാകുന്നു
text_fieldsbookmark_border
കോട്ടയം: മൂന്നാറിലെ റവന്യൂഭൂമി കൈയേറ്റം ഒഴിപ്പിക്കൽ സർക്കാറിനു കുരിശാകുന്നു. ഒഴിപ്പിക്കൽ നടപടി തൽക്കാലത്തേക്ക് നിർത്തിവെക്കാൻ സർക്കാർ കുരിശിനെ ഉപയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കൈയേറ്റഭൂമിയിൽ അനധികൃതമായി സ്ഥാപിച്ച കുരിശ് മാറ്റിയതിനെതിരെ ക്രൈസ്തവ സഭകളൊന്നും പ്രതിഷേധം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ സി.പി.എം മാത്രം കുരിശിെൻറ പേരിൽ രംഗത്തുവന്നത് കൈയേറ്റം ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിെൻറ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സഭകൾ കുരിശ് പൊളിച്ചുമാറ്റിയതിനെ സ്വാഗതം ചെയ്യുന്നതും സർക്കാറിനു തിരിച്ചടിയാകും. കുരിശ് സ്ഥാപിച്ചത് സഭകളല്ലെന്ന് കണ്ടെത്തിയ ശേഷമാണ് ജില്ല ഭരണകൂടം കുരിശ് നീക്കം ചെയ്തതെന്നാണ് റവന്യൂ വകുപ്പിെൻറ വിശദീകരണം. എന്നാൽ, അനധികൃത കൈയേറ്റം ഒഴിപ്പിക്കലിനെ തുടക്കം മുതൽ എതിർക്കുന്ന സി.പി.എം ജില്ല നേതൃത്വത്തിന് ഒടുവിൽ ‘കുരിശ്’ പിടിവള്ളിയാകുകയാണെന്നാണ് റിപ്പോർട്ട്. ഒഴിപ്പിക്കിന് എങ്ങനെ തടയിടണമെന്നറിയാതെ വലയുേമ്പാഴാണ് സി.പി.എമ്മിന് കുരിശ് തുണയാകുന്നത്. ഒഴിപ്പിക്കൽ നടപടിയുമായി ബന്ധെപ്പട്ട് സി.പി.എമ്മും സി.പി.െഎയും തമ്മിൽ നിലനിൽക്കുന്ന ഭിന്നത കുരിശിൽ തട്ടി രൂക്ഷമാകുന്നതോടെ മൂന്നാർ വീണ്ടും സർക്കാറിനെ പ്രതിസന്ധിയിലാക്കും. മുഖ്യമന്ത്രിയുടെ നിലപാടിനെ സി.പി.െഎ പിന്തുണച്ചിട്ടുമില്ല. എന്നാൽ, വകുപ്പ് മന്ത്രിയുടെ അനുമതിയോടെയാണ് ജില്ല ഭരണകൂടം കുരിശ് പൊളിച്ചുനീക്കിയതെന്നാണ് വിവരം. ആരെതിർത്താലും കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാനായിരുന്നു റവന്യൂ മന്ത്രിയുടെ നിർദേശം. റവന്യൂ അധികൃതർ വിവിധതലങ്ങളിൽ ചർച്ച നടത്തിയ ശേഷമാണ് നടപടിയുമായി മുന്നോട്ട് പോയതെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ കൈയേറ്റഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർത്ത ജില്ല ഭരണകൂടത്തിെൻറ നടപടിയിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയും കലക്ടറെ ഫോണിൽ വിളിച്ച് ശാസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടി തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉടലെടുക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കൽ തൽക്കാലത്തേക്ക് നിർത്തിയേക്കുമെന്ന സൂചനകളും സർക്കാർ വൃത്തങ്ങൾ നൽകുന്നുണ്ട്. കലക്ടറുടെയും ഉദ്യോഗസ്ഥരുടെയും നടപടി തെമ്മാടിത്തരമാണെന്നായിരുന്നു സി.പി.എം ജില്ല സെക്രട്ടറിയുടെ പ്രതികരണം. മൂന്നാറിൽ ഒഴിപ്പിക്കൽ ആരംഭിച്ചതു മുതൽ സി.പി.എം ജില്ല സെക്രട്ടറിയും എം.എൽ.എയും അടക്കം പ്രാദേശിക ജില്ല നേതാക്കൾ പരസ്യവിമർശവുമായി രംഗത്തുവന്നിരുന്നു. ഒഴിപ്പിക്കലിനെ തുടക്കം മുതൽ എതിർക്കുന്ന സി.പി.എം നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ നിലപാട് ആേവശം പകരുന്നുണ്ട്. ക്രൈസ്തവ സഭയിൽനിന്ന് പുറത്തുപോയ ചിലരാണ് ഇവിടെ കുരിശ് സ്ഥാപിച്ചതെന്നാണ് വിവരം. കുരിശ് മാറ്റാൻ നേരത്തേ ജില്ല ഭരണകൂടം ശ്രമിച്ചെങ്കിലും അന്ന് പരാജയപ്പെടുകയും പിന്നീട് സർക്കാർ അനുമതിയോടെ പൊളിച്ചു നീക്കുകയുമായിരുന്നു. ദിവസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമായിരുന്നു കൈയേറ്റം ഒഴിപ്പിക്കൽ. മുഖ്യമന്ത്രിയുടെ നടപടിയിൽ റവന്യൂവകുപ്പിനും അതൃപ്തിയുണ്ടെന്നാണ് സൂചന. വകുപ്പ് മന്ത്രി പാർട്ടി നിലപാട് വെള്ളിയാഴ്ച വ്യക്തമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story