Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2017 8:11 PM IST Updated On
date_range 17 April 2017 8:11 PM ISTഇളങ്കാവ് പത്താമുദയ മഹോത്സവം: മയില്‍പ്പീലി തൂക്കങ്ങള്‍ എത്തിത്തുടങ്ങി
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഇത്തിത്താനം ദേശ ദേവതയായ ഭദ്രകാളിയെ തൊഴുതുവണങ്ങാന്‍ അര്‍ജുനന്‍ എത്തുന്നു എന്ന സങ്കല്‍പത്തോടെ ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലേക്ക് മയില്‍പ്പീലി തൂക്കങ്ങള്‍ എത്തിത്തുടങ്ങി. ഭക്തരുടെ നേര്‍ച്ചയായാണ് ചൂണ്ടകുത്തി തൂക്കങ്ങള്‍ ക്ഷേത്രത്തില്‍ എത്തുന്നത്. പത്താമുദയ ഉത്സവം തുടങ്ങി ആദ്യ നാലുദിനങ്ങളിലാണ് തൂക്കങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത്. ഭക്തരുടെ വീടുകളില്‍നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി തൂക്കചാട് തോളിലേറ്റിയാണ് തൂക്കം തിരുനടയില്‍ എത്തുന്നത്. വനവാസകാലത്ത് തങ്ങളുടെ ദുരിതങ്ങള്‍ തീരാന്‍ കുലദേവതയായ ഭദ്രകാളിക്ക് തെൻറ ഒരു മകനെ നേര്‍ച്ചയായി ബലിനല്‍കാമെന്ന് പഞ്ചപാണ്ഡവരുടെ അമ്മയായ കുന്തിദേവീ നേര്‍ച്ച നേര്‍ന്നു. പിന്നീട് ദുരിതകാലം കഴിഞ്ഞ് രാജ്യം തിരികെക്കിട്ടിയശേഷം നേര്‍ച്ചയുടെ കാര്യം മറന്ന കുന്തിയെ ഭദ്രകാളി സ്വപ്നത്തിലൂടെ ഓര്‍മിപ്പിക്കുകയും അര്‍ജുനനെ ബലിയായി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് സങ്കൽപം. ഇതനുസരിച്ച് ദേവിക്ക് ബലിനല്‍കാനായി അര്‍ജുനന്‍ തയാറാകുകയും സുബ്രഹ്മണ്യന്‍ നല്‍കിയ വസ്ത്രം ഉടുത്ത് കൃഷ്ണന്‍ തെളിക്കുന്ന തേരില്‍ പുറപ്പെടുകയായിരുന്നു. ദേവിയുടെ മുന്നില്‍ എത്തിയ അര്‍ജുനന്‍ ദേവിയെ പ്രീതിപ്പെടുത്താനായി നൃത്തം ചെയ്തു. അര്‍ജുനെൻറ നൃത്തത്തില്‍ സന്തോഷവതിയായ ദേവി തെൻറ ദംഷ്ട്രകൊണ്ട് അര്‍ജുനെൻറ ഒരുതുള്ളി ചോര ബലിയായി സ്വീകരിച്ചു എന്നുമാണ് ഐതിഹ്യം. ഇഷ്ട്ടകാര്യ സിദ്ധിക്കായി ഭക്തര്‍ നേരുന്ന നേര്‍ച്ചയാണ് മയില്‍പ്പീലി തൂക്കമായി നടത്തുന്നത് ഇതിനായി പ്രത്യേകം തയാറാക്കിയ തൂക്ക ചാടുകളിലാണ് ക്ഷേത്രനടയില്‍ എത്തുന്നത്. കൂടാതെ ഭക്തരുടെ വഴിപാടായി നിരവധി നടയില്‍ തൂക്കങ്ങളും ക്ഷേത്രത്തില്‍ നടക്കുന്നുണ്ട്. മുകുന്ദന്‍ കുന്നങ്കരി, കുറിച്ചി നടേശന്‍, പ്രമോദ് കുമാര്‍ ഇത്തിത്താനം എന്നീ അര്‍ജുന നൃത്തകലാ കാരന്മാരുടെ നേതൃത്വത്തില്‍ ആണ് ക്ഷേത്രത്തില്‍ തൂക്കങ്ങള്‍ അവതരിപ്പിക്കുന്നത്. ഇളംകാവ് ദേവീക്ഷേത്രത്തില്‍ നാലാം ഉത്സവദിനമായ തിങ്കളാഴ്ച ക്ഷേത്രചടങ്ങുകള്‍ക്ക് പുറമെ വൈകീട്ട് ആറിന് നടനരസം, എട്ടിന് മന്മോഹന നാമരസം, പത്തരക്ക് കളമെഴുത്തും പാട്ടും എതിരേല്‍പ്, 11 മുതല്‍ ഇരട്ടത്തൂക്കം, നടയില്‍ തൂക്കം എന്നിവയാണ് പരിപാടികള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story