Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2016 3:26 PM IST Updated On
date_range 1 Sept 2016 3:26 PM ISTവിജിലന്‍സ് കേസുകളില്‍ മാണിയും പാര്‍ട്ടിയും നേരിടുന്നത് കടുത്ത പ്രതിസന്ധി
text_fieldsbookmark_border
കോട്ടയം: രാഷ്ട്രീയ നിലനില്‍പിനായുള്ള നെട്ടോട്ടത്തിനിടെ ഒന്നിനുപിറകെ ഒന്നായി ഉയരുന്ന കോടികളുടെ അഴിമതി ആരോപണങ്ങളും വിജിലന്‍സ് കേസുകളും കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായനെയും കേരള കോണ്‍ഗ്രസിനെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ബാര്‍ കോഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കൂനിന്മേല്‍ കുരുവായി നികുതി വെട്ടിപ്പ് കേസിലും മാണി പെട്ടത്. കോഴി നികുതി ഒഴിവാക്കിയും ആയുര്‍വേദ മരുന്ന് ഉല്‍പാദകര്‍ക്ക് നികുതിയിളവ് അനുവദിച്ചും സംസ്ഥാന ഖജനാവിന് 200 കോടിയിലധികം രൂപ നഷ്ടംവരുത്തിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയാണ് വിജിലന്‍സ് മാണിക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. അവിഹിത സ്വത്ത് സമ്പാദനക്കേസിലും മാണി അന്വേഷണം നേരിടുകയാണ്. കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീളുന്നതായാണ് സൂചന. നാലുകേസിലും മാണിയെ വീണ്ടും ചോദ്യംചെയ്യാനും പുതിയ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തെളിവുകളുടെ ബലത്തില്‍ പഴുതടച്ച് വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനാല്‍ മാണിയും പാര്‍ട്ടി നേതൃത്വവും കടുത്ത ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്. മാണിയെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ മുതിര്‍ന്ന നേതാക്കളും കുഴങ്ങുന്നു. തല്‍ക്കാലം പ്രതികരണം വേണ്ടെന്നാണ് രണ്ടാംനിര നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാണിക്കെതിരെ വിജിലന്‍സിനെ സമീപിച്ച ബി.ജെ.പി സംസ്ഥാന സമിതിയംഗമായ നോബിള്‍ മാത്യു നേരത്തേ കേരള കോണ്‍ഗ്രസിന്‍റ പ്രമുഖ നേതാവായിരുന്നു. കോഴി നികുതിക്കേസില്‍ മാണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രഥമദൃഷ്ട്യാ കണ്ടത്തെിയിട്ടുള്ളതെന്ന് വിജിലന്‍സ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാണിക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചത്. ധനവകുപ്പില്‍നിന്ന് പിടിച്ചെടുത്ത രേഖകളാണ് നിര്‍ണായകം. ബജറ്റില്‍ ആദ്യം പ്രഖ്യാപിച്ച ചില നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിച്ചാണ് ഖജനാവിന് വന്‍ നഷ്ടം വരുത്തിയത്. അന്നു ധനവകുപ്പിലുണ്ടായിരുന്ന ചില ഉന്നതരും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ബജറ്റില്‍ 12.5 ശതമാനമായിരുന്ന നികുതി ആദ്യവര്‍ഷം അഞ്ചു ശതമാനമായും പിന്നീട് നാലു ശതമാനമായും ഇളവ് നല്‍കിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിനുവേണ്ടിയായിരുന്നു ഇത്. പാര്‍ട്ടി നായകന്‍ തന്നെ പ്രതിക്കൂട്ടിലാവുന്ന സാഹചര്യത്തില്‍ പഴയ ജോസഫ് വിഭാഗം നിര്‍ണായക തീരുമാനങ്ങളുമായി രംഗത്തുവരുമെന്നാണ് പുതിയ വിവരം. മാണിയെ കൈവിടാനാണ് ജോസഫിന്‍െറ തീരുമാനമെന്നും അറിയുന്നു. യു.ഡി.എഫ് നേതൃത്വത്തില്‍ ഒരു വിഭാഗം ഇതിനുള്ള അണിയറ നീക്കങ്ങളിലാണ്. എന്നാല്‍, കേരള കോണ്‍ഗ്രസിന്‍െറ ഇപ്പോഴത്തെ അവസ്ഥയില്‍ സഭകളും അസ്വസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story