Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2016 7:12 PM IST Updated On
date_range 4 Jun 2016 7:12 PM ISTകൂടങ്കുളം പവര്‍ഹൈവേ: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ കൗണ്‍സില്‍
text_fieldsbookmark_border
കോട്ടയം: കൂടങ്കുളം പവര്‍ ഹൈവേ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ കൗണ്‍സില്‍. ഇതിനു മുന്നോടിയായി ബദല്‍ റൂട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി നേതാക്കളെയും നേരില്‍ കാണാന്‍ സമരസമിതി തീരുമാനിച്ചു. ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ കൂടങ്കുളം ആക്ഷന്‍ കൗണ്‍സിലിന്‍െറ യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ഊട്ടി ലോഡ്ജില്‍ നടക്കും. കൂടങ്കുളത്തുനിന്നുള്ള വൈദ്യുതി കൊച്ചിയിലെ പള്ളിക്കരയിലേക്ക് എത്തിക്കാനാണ് പവര്‍ ഹൈവേ സ്ഥാപിക്കുന്നത്. ഇടമണ്‍ വരെ ലൈനുകള്‍ വലിച്ചു. ഇടമണ്‍ മുതല്‍ കൊച്ചി വരെയാണ് ഇനി അവശേഷിക്കുന്നത്. ഇതിന്‍െറ ജോലി ആരംഭിച്ചെങ്കിലും ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കര്‍ഷകര്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരം ആരംഭിച്ചതോടെ പണി മുടങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കര്‍ഷകരാണ് സമരത്തിലുള്ളത്. ലൈന്‍ വലിച്ചാല്‍ 3000 ഏക്കര്‍ കൃഷിഭൂമി ഉപയോഗശൂന്യമാകുമെന്ന് ഇവര്‍ പറയുന്നു. ഇതില്‍ 70 ശതമാനത്തോളം റബര്‍തോട്ടങ്ങളാണ്. കൃഷിഭൂമി നഷ്ടമാകുന്നതോടെ നൂറുകണക്കിന് കര്‍ഷകരുടെ വരുമാനമാര്‍ഗം അടയും. സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 350 കുടുംബങ്ങള്‍ക്ക് വീട് വിട്ടൊഴിയേണ്ടിവരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. 11 വര്‍ഷമായി സമിതി സമരത്തിലാണ്. പലതവണ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 1020 കോടിയുടെ നഷ്ടപരിഹാര പാക്കേജ് തയാറാക്കിയെങ്കിലും ഫലപ്രദമായില്ല. മികച്ച നഷ്ടപരിഹാര പാക്കേജിനോട് ഒരുവിഭാഗം അനുകൂലിച്ചെങ്കിലും പുതിയ സ്ഥലത്തിലൂടെ ലൈന്‍ വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഒരുവിഭാഗം. തുടര്‍ന്ന് സര്‍ക്കാര്‍ സമരസമിതി സമര്‍പ്പിച്ച ബദല്‍ റൂട്ടിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിക്കുകയും പ്രത്യേകസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പത്തനാപുരം, അടൂര്‍, കായംകുളം വഴി എറണാകുളത്തേക്ക് എത്തുന്ന ബദല്‍ പാതയാണ് സമിതി നിര്‍ദേശിച്ചത്. ഇതില്‍ ഭൂരിഭാഗവും വയലുകള്‍ക്ക് മുകളിലൂടെയാണ്. കായംകുളം താപനിലയത്തില്‍നിന്നുള്ള ലൈനുകള്‍ കടന്നുപോകുന്നതിന് സമാന്തരമായാവും ബദല്‍ റൂട്ടെന്നാണ് സമരസമിതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, നിലവിലെ പാതയുടെ ചെലവിനേക്കാള്‍ 300 കോടി അധികമായി വേണ്ടിവരുമെന്നും നിര്‍മാണം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും പഠനസമിതി കണ്ടത്തെി. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളി. എന്നാല്‍, ഉദ്യോഗസ്ഥ ലോബി മന$പൂര്‍വം ബദല്‍ പാതയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. നഷ്ടപരിഹാരവുമായി താരതമ്യം ചെയ്താല്‍ ബദല്‍ റൂട്ടിലെ ചെലവ് കുറവായിരുന്നെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് ലൈന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും പറയുന്നു. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു സമരസമിതി സംസ്ഥാന കണ്‍വീനര്‍ സോബിച്ചന്‍ എബ്രഹാം പറഞ്ഞു. കുറച്ചുദൂരം പണി മാത്രമാണ് ഇനിയും പൂര്‍ത്തിയാകാനുള്ളതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, 400 ടവറുകള്‍ ആവശ്യമായതില്‍ 80 ടവറുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. പത്തനാപുരത്തും പിറവത്തും കുറച്ചുദൂരം മാത്രമാണ് ലൈന്‍ വലിച്ചത്. പത്തനാപുരം, കോന്നി, റാന്നി, കുളത്തൂര്‍മുഴി, പത്തനാട്, കങ്ങഴ, കൂരോപ്പട, കിടങ്ങൂര്‍, പിറവം വഴി കൊച്ചിയില്‍ എത്തുന്നതാണ് നിര്‍ദിഷ്ടപാത. ബദല്‍ പാതയിലൂടെ ലൈന്‍ വലിച്ചാല്‍ വീടുകള്‍ക്കും കൃഷിഭൂമിക്കും നാശനഷ്ടങ്ങള്‍ കുറയുമെന്ന കാര്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും നിര്‍ദിഷ്ടപാതയുമായി പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story