Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2016 6:32 PM IST Updated On
date_range 10 Feb 2016 6:32 PM ISTറബര്‍ വിലയിടിവ് തുടരുന്നു ; സമരകാലത്തേക്കാള്‍ വിലയിടിഞ്ഞു, കര്‍ഷകര്‍ ആശങ്കയില്‍
text_fieldsbookmark_border
കോട്ടയം: റബര്‍വില വീണ്ടും കുത്തനെ ഇടിയുന്നു. വിലയിടിവ് തടയാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ കര്‍ഷക സംഘടനകളും സമരം നടത്തിയ വേളയില്‍ 90 രൂപയായിരുന്നു കിലോഗ്രാമിന് വിലയെങ്കില്‍ സമരം അവസാനിച്ചതോടെ ഇത് 84-85 രൂപയിലത്തെി. കര്‍ഷകര്‍ക്ക് യഥാര്‍ഥത്തില്‍ ലഭിക്കുന്നത് 80-82 രൂപയും. ഫലത്തില്‍ സമരം കര്‍ഷകര്‍ക്കും കാര്‍ഷികമേഖലക്കും ഒരുഗുണവും ചെയ്തില്ളെന്ന് ഇപ്പോഴത്തെ വിലയിടിവ് തെളിയിക്കുന്നു. വിലയിടിഞ്ഞതോടെ കച്ചവടക്കാര്‍ റബര്‍ വാങ്ങുന്നതും നിര്‍ത്തി. ഇതോടെ റബര്‍ വില്‍ക്കാന്‍പോലും കഴിയാതെ കര്‍ഷകരും കടുത്ത പ്രതിസന്ധിയിലായി. സംസ്ഥാനത്തെ റബര്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ റബര്‍ എത്തുന്നത് നാമമാത്രമായാണ്. കേരളത്തിലെ 11 ലക്ഷത്തോളം ചെറുകിട കര്‍ഷകരും തൊഴിലാളികളും വിലയിടിവില്‍ നട്ടംതിരിഞ്ഞിട്ടും വിലസ്ഥിരതാ ഫണ്ടില്‍നിന്ന് ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല. ഈ ആനുകൂല്യം ഇതുവരെ 60 ശതമാനം പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. അതും പൂര്‍ണമല്ല. തുക വിതരണം പൂര്‍ത്തിയാകാതിരിക്കെ ആദ്യം പ്രഖ്യാപിച്ച 300 കോടിക്ക് പുറമെ 200 കോടി കൂടി വകയിരുത്തിയെങ്കിലും ഇതുസംബന്ധിച്ച നടപടികളും എങ്ങുമത്തെിയിട്ടില്ല. റബര്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നിരാഹാര സമരം നടത്തിയ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് കെ. മാണിക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും അതിന്‍െറ പ്രയോജനവും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഇറക്കുമതി നിരോധംകൊണ്ട് വിലയിടിവ് പരിഹരിക്കാനാവില്ളെന്ന് കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്നു. വിലയിടിഞ്ഞ് കര്‍ഷകര്‍ ദുരിതക്കയത്തിലായതോടെ സമരത്തില്‍നിന്ന് എല്ലാവരും പിന്മാറി. ഇപ്പോള്‍ ഇന്‍ഫാം പോലുള്ള ചില സംഘടനകള്‍ മാത്രമാണ് സമരമുഖത്തുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേരളയാത്ര മധ്യതിരുവിതാംകൂറില്‍ എത്തിയപ്പോള്‍ വിലയിടിവും കാര്‍ഷിക പ്രശ്നങ്ങളും പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് നടത്തിയ പ്രഖ്യാപനത്തില്‍ ഇനിയും കര്‍ഷകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കര്‍ഷകരുമായും വ്യാപാരികളുമായും പ്രത്യേകം ചര്‍ച്ച നടത്തി നിലവിലെ സ്ഥിതി പഠിച്ചിരുന്നു. വിലയിടിവ് പരിഹരിക്കാനുള്ള നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതില്‍ കാര്‍ഷികമേഖല അസ്വസ്ഥമാണ്. ഈമാസം 29ന് വരുന്ന കേന്ദ്ര ബജറ്റിലാണ് കര്‍ഷര്‍ക്ക് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story