Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2016 6:34 PM IST Updated On
date_range 14 Aug 2016 6:34 PM ISTപശ്ചിമഘട്ട സംരക്ഷണം: കത്തോലിക്ക സഭയെ തള്ളി സി.എസ്.ഐ സഭ
text_fieldsbookmark_border
കോട്ടയം: പശ്ചിമഘട്ട സംരക്ഷണത്തിനായി കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള കത്തോലിക്ക മെത്രാന്‍ സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനു പിന്നാലെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യവുമായി സി.എസ്.ഐ സഭ. കര്‍ഷകരെ ദ്രോഹിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ അതേപടി നടപ്പാക്കിയാല്‍ മേഖലയിലെ ജനജീവിതം താറുമാറാകുമെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് ബിഷപ്പുമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കിയത്. വനപ്രദേശങ്ങളും സംരക്ഷിത പ്രദേശങ്ങളും പൈതൃക സ്ഥലങ്ങളും മാത്രമേ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യാവൂയെന്നും പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടാതെ ഏകപക്ഷീയമായാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണതോതില്‍ നടപ്പാക്കിയാല്‍ ജനജീവിതം കൊടുംദുരിതത്തിലാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും കര്‍ഷക താല്‍പര്യമെന്ന പുകമറ സൃഷ്ടിച്ച് ഓരോ കാലത്തും പുതിയ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സി.എസ്.ഐ സഭാ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ ആവശ്യപ്പെട്ടത്. സമാനനിലപാടാണ് പശ്ചിമഘട്ട സംരക്ഷണത്തില്‍ സി.എസ്.ഐ സഭ തുടക്കം മുതല്‍ സ്വീകരിക്കുന്നത്. നേരത്തേ, പശ്ചിമഘട്ട മേഖലയിലെ ആറ് സംസ്ഥാനങ്ങളിലെ എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കസ്തൂരിരംഗന്‍ മാത്രമല്ല, ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തെയും സി.എസ്.ഐ സഭ സ്വാഗതം ചെയ്യുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും പരിഗണിക്കാനുള്ള കേന്ദ്ര നീക്കം സ്വാഗതാര്‍ഹമാണെന്ന് ബിഷപ് തോമസ് കെ. ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിനായി പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് സമഗ്രമെന്നും ഇത് നടപ്പാക്കണമെന്നും സി.എസ്.ഐ സഭ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണെന്ന് ബിഷപ് പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ-മതാധിഷ്ഠിത വിഭാഗീയതയെക്കാള്‍ മാനുഷികാടിസ്ഥാനത്തിലുള്ള പരിസ്ഥിതി നയങ്ങളാണ് പ്രസക്തമായിട്ടുള്ളത്. മനുഷ്യന്‍െറയും ഇതരജൈവസമ്പത്തിന്‍െറയും പ്രകൃതിയുടെയും സന്തുലിതാവസ്ഥയും നിലനില്‍പുമാണ് പ്രധാനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിക്കുന്നതിന് നീണ്ട കാലയളവ് മുമ്പോട്ട് വെക്കാതെ അടിയന്തരമായി സര്‍ക്കാര്‍ ഉചിതതീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥയിലും പ്രകൃതിയിലും മനുഷ്യ കടന്നുകയറ്റത്തിന്‍െറ വ്യക്തമായ അടയാളങ്ങള്‍ ദൃശ്യമാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പില്‍ വരുത്തുന്നതിന് സി.എസ്.ഐ സഭയുടെ എല്ലാ പിന്തുണയും വാഗ്ദാനം നല്‍കുമെന്നും ബിഷപ് തോമസ് കെ. ഉമ്മന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്‍െറ പേരില്‍ ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ട നിവേദസംഘത്തില്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ കുര്യക്കോസ് ഭരണിക്കുളങ്ങര, ബിഷപ് മാര്‍ റെമിജിയസ് ഇഞ്ചയാനിയില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story