Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവറ്റിവരണ്ടു, നദിയും...

വറ്റിവരണ്ടു, നദിയും നാടും

text_fields
bookmark_border
കോട്ടയം: പൊള്ളുന്ന ചൂടില്‍ പ്രധാന ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ മലയോര മേഖല കടുത്ത കുടിവെള്ളക്ഷാമത്തിന്‍െറ പിടിയിലമര്‍ന്നു. കത്തിക്കാളുന്ന വേനലില്‍ ഏക്കറുകണക്കിന് കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങി. നൂറുകണക്കിന് ഏക്കറിലെ പച്ചക്കറികളും കാപ്പി, ഏലം, കുരുമുളക് അടക്കം നാണ്യവിളകളും നശിച്ചു. കോടികളുടെ നഷ്ടമാണ് കാര്‍ഷിക മേഖലക്ക് മാത്രം സംഭവിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഗ്രാമ-നഗര മേഖലകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകിയിരുന്ന മീനച്ചില്‍-മണിമല- പമ്പ-അച്ചന്‍കോവില്‍ ആറുകളും കൈവരികളും ചെറുതോടുകളും വറ്റിവരണ്ടതാണ് പലയിടത്തും ജലക്ഷാമം രൂക്ഷമാക്കിയത്. പുഴകളില്‍ പാറക്കെട്ടുകള്‍ തെളിഞ്ഞതോടെ ആയിരങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തിലാണ്. ഒരിറ്റുവെള്ളത്തിനായി മൈലുകള്‍ താണ്ടുന്നവരും ഏറെയാണ്. മലയോര മേഖലകളിലുള്ളവര്‍ക്ക് നിരന്തരം ജലസമൃദ്ധിയേകിയിരുന്ന പുഴകളും ചെറുതോടുകളും കുളങ്ങളും ശുദ്ധജല പദ്ധതികളും മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകളും വറ്റിവരണ്ടതോടെ കുടിവെള്ള പ്രതിസന്ധി അനുദിനം രൂക്ഷമാകുകയാണ്. തെരഞ്ഞെടുപ്പിന്‍െറ ആലസ്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാറും ജില്ലാ ഭരണകൂടങ്ങളും പരാജയപ്പെട്ടതോടെ പലമേഖലകളിലും അധികൃതര്‍ക്കെതിരെ ജനരോഷം ശക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ വോട്ടുതേടി പലയിടത്തും സ്ഥാനാര്‍ഥികള്‍ക്ക് കടന്നുചെല്ലാന്‍പോലും കഴിയുന്നില്ല. വെള്ളം തന്നാല്‍ വോട്ടെന്നതാണ് ജനങ്ങളുടെ മുദ്രാവാക്യം. കുടിവെള്ള വിതരണം സുഗമമാക്കാന്‍ ആവിഷ്കരിച്ച നൂറുകണക്കിന് പദ്ധതികള്‍ മൂന്നു ജില്ലകളിലായി മുടങ്ങിക്കിടക്കുകയാണ്. ഇത്തരത്തില്‍ 1600 കോടിയുടെ പദ്ധതികള്‍ നിലവില്‍ പാതിവഴിയിലാണ്. നിര്‍മാണം പൂര്‍ത്തിയായിട്ടും വൈദ്യുതി ലഭിക്കാത്തിനാല്‍ പമ്പിങ് ആരംഭിക്കാനാകാത്ത പദ്ധതികളും നിരവധി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജലവിതരണം തടസ്സപ്പെടുന്ന പഞ്ചായത്തുകളും ഏറെയാണ്. അതേസമയം, ഇതിന്‍െറയെല്ലാം മറവില്‍ കുടിവെള്ളക്കച്ചവടം പലയിടത്തും തകൃതിയാണ്. ജലക്ഷാമത്തിന്‍െറ മറവില്‍ പലരും വന്‍തുക ഈടാക്കി സാധാരണക്കാരെ പിഴിയുകയാണെന്ന പരാതിയും വ്യാപകം. സമൃദ്ധമായി ജലമൊഴുകിയിരുന്ന പുഴകളില്‍ ചില ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണ് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഏക ആശ്രയം. ഇതിനിടെ ജലം മലിനപ്പെടുത്തുന്നതായ പരാതികളുമുണ്ട്. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മീന്‍ പിടിക്കുന്നതാണ് ഇതിന് കാരണം. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെയും വാട്ടര്‍ അതോറിറ്റിയുടെയും പമ്പിങ് പലയിടത്തും നിര്‍ത്തിവെക്കുകയും ചെയ്തു. ടാങ്കറുകളിലെ ജലവിതരണവും നിലവില്‍ ഭാഗികമാണ്. മീനച്ചിലാറ്റില്‍ പലഭാഗത്തും നീരൊഴുക്ക് നിലച്ചതോടെ ഇടുക്കി-കോട്ടയം ജില്ലകളില്‍ പുഴവെള്ളത്തെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇതേ അവസ്ഥയിലാണ് മണിമലയാറും. ഇതോടെ പത്തനംതിട്ട-കോട്ടയം ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വലയുകയാണ്. മണിമലയും അച്ചന്‍കോവിലാറും വറ്റിയതോടെ പത്തനംതിട്ട-കോട്ടയം ജില്ലകളില്‍ നിരവധി പമ്പിങ് യൂനിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിര്‍ദേശിച്ചിരുന്ന മൂവാറ്റുപുഴ-മീനച്ചില്‍ നദീതട ജലസേചന പദ്ധതികള്‍ ഇനിയും യാഥാര്‍ഥ്യമാക്കാത്തതും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കി. പലയിടത്തും കുടിവെള്ളത്തിന്‍െറ പേരില്‍ സംഘര്‍ഷവും പതിവാണ്. ചൂട് തുടര്‍ന്നാല്‍ ഈമേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്. മൂവാറ്റുപുഴ എം.വി.ഐ.പി കനാലിലൂടെയുള്ള ജലവിതരണം നിലച്ചതോടെ ആയിരക്കണക്കിന് ഏക്കര്‍ പ്രദേശത്തെ കൃഷിയും കരിഞ്ഞുണങ്ങി. മലയോര മേഖലകളിലെ കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങിയതായാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മലങ്കര അണക്കെട്ടില്‍ വെള്ളം കുറഞ്ഞതോടെയാണ് കനാലിലെ ജലനിരപ്പ് നിലച്ചതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലങ്കരയില്‍നിന്ന് 60-70 കി.മീ. കനാലിലൂടെ ഒഴുക്കിയിരുന്ന വെള്ളം കൃഷിക്കും കുടിവെള്ളത്തിനും ഒന്നുപോലെ പ്രയോജനപ്പെട്ടിരുന്നു. ഇടുക്കി ജില്ലയിലെ ഡാമുകളില്‍ പലതും വറ്റിയതോടെ പലയിടത്തും ജലവിതരണം നിലച്ചത് സമീപ ജില്ലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നുണ്ട്. ഡാമുകള്‍ അതിവേഗം വറ്റുകയാണ്. ഇത് കനാലുകള്‍ വഴിയുള്ള നീരൊഴുക്ക് നിലക്കാനും ഇടയാക്കുന്നു. പലയിടത്തും കിണറുകള്‍ വറ്റിയതോടെ ജലവിതരണ പൈപ്പുകളായിരുന്നു ആശ്രയം. ഇവിടെയും വെള്ളമില്ലാതായതോടെ എന്തുചെയ്യണമെന്നറിയാതെ ജനം ഉഴലുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story