Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2016 5:45 PM IST Updated On
date_range 24 April 2016 5:45 PM ISTവേനല്‍ കാഠിന്യം താങ്ങാനാകാതെ വളര്‍ത്തുമൃഗങ്ങള്‍
text_fieldsbookmark_border
കോട്ടയം: വേനല്‍ കാഠിന്യം താങ്ങാനാകാതെ വളര്‍ത്തുമൃഗങ്ങള്‍. ജില്ലയില്‍ സൂര്യാതപമേറ്റ് രണ്ടു കറവപ്പശുക്കള്‍ക്കൂടി ചത്തു. വാകത്താനം പുതുപ്പറമ്പില്‍ എന്‍.എന്‍. റോയിയുടെയും മാങ്ങാനം മുല്ലശേരിയില്‍ കെ.കെ. പത്മകുമാരിയുടെയും കറവയുള്ള പശുക്കളാണ് ചത്തത്. പാടത്ത് മേഞ്ഞുകൊണ്ടിരുന്ന പശുക്കളാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് പശുക്കള്‍ ചത്തത് സൂര്യാതപമേറ്റാണെന്ന് സ്ഥിരീകരിച്ചു. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കന്നുകാലികളുടെയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴയുടെ കുറവുമൂലം പുല്ലുകളുടെ അഭാവവും കന്നുകാലികള്‍ക്കും ആടുകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് കര്‍ഷകരുടെ ചെലവ് വര്‍ധിപ്പിക്കുന്നുമുണ്ട്. ജലക്ഷാമവും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. പശുക്കളെ കുളിപ്പിക്കാനും മറ്റും കര്‍ഷകര്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കുടിക്കാന്‍ നല്‍കാന്‍ വെള്ളമില്ലാത്ത സ്ഥിതിയും ചില മേഖലകളിലുണ്ട്. കന്നുകാലികള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കാതിരുന്നാല്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നിരിക്കെ ജലക്ഷാമം കര്‍ഷകര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മൃഗങ്ങള്‍ അസ്വാഭാവികമായി ചത്താല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. വേനല്‍ കടുത്ത സാഹചര്യത്തില്‍ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടരുതെന്ന് ഇവര്‍ പറഞ്ഞു. പശുക്കളിലും നായ്ക്കളിലുമാണ് സൂര്യാതപത്തിന്‍െറ തീഷ്ണത കൂടുതലായി കാണുന്നത്. കണ്ണുകള്‍ പുറത്തേക്കുതള്ളുക, തുറിച്ചുനോക്കുക, ഉമിനീര്‍ ധാരയായി ഒഴുകി അപസ്മാര ലക്ഷണങ്ങള്‍ തുടങ്ങിയ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. തീറ്റകള്‍ മാറിനല്‍കരുത്. വെയിലുള്ള സമയങ്ങളില്‍ തീറ്റ കുറച്ച് വെള്ളം കൂടുതലായി നല്‍കണമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പുനല്‍കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് ശുദ്ധജലം ആവശ്യാനുസരണം എല്ലാ സമയത്തും ലഭിക്കത്തക്ക രീതിയില്‍ ക്രമീകരണം നടത്തുക, തൊഴുത്തുകളില്‍ കാറ്റും, വെളിച്ചവും കടക്കുവാന്‍ സൗകര്യമുണ്ടാക്കുക, ബ്രോയിലര്‍/മുട്ടക്കോഴി കൂടുകളില്‍ കാറ്റും വെളിച്ചവും കടക്കുന്നുവെന്ന് ഉറപ്പുവരുത്തുക, കോഴികള്‍ക്ക് തീറ്റ പലഘട്ടങ്ങളിലായി നല്‍കുന്നതോടൊപ്പം കുടിവെള്ളവും ആവശ്യത്തിന് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. പശുതൊഴുത്തിന്‍െറ മേല്‍ക്കൂരക്ക് മുകളില്‍ തെങ്ങോലകള്‍ വിരിക്കുന്നതും ഉച്ചസമയത്ത് ചണച്ചാക്കുകള്‍ നന്നച്ച് കന്നുകാലികളുടെ പുറത്തിടുന്നതും ഗുണകരമാകുമെന്നും ഇവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story