Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2016 4:51 PM IST Updated On
date_range 21 April 2016 4:51 PM ISTവലിയ ഇടയന് ആയിരങ്ങളുടെ യാത്രാമൊഴി
text_fieldsbookmark_border
കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ് ഡോ. സാം മാത്യുവിന് ആയിരങ്ങളുടെ വിട. ബുധനാഴ്ച വലിയ ഇടയന് പ്രാര്‍ഥനയോടെ വിശ്വാസസമൂഹം യാത്രാമൊഴിയേകി. വീട്ടിലെ ശുശ്രൂഷക്കും നഗരികാണിക്കലിനും ശേഷം ചാലുകുന്നിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ഭൗതീകശരീരം കബറടക്കി. ബുധനാഴ്ച രാവിലെ എട്ടിന് മാര്‍ത്തോമ സഭ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാര്‍ത്തോമയുടെയും സി.എസ്.ഐ ബിഷപ് തോമസ് ശാമുവലിന്‍െറയും തോമസ് ബര്‍ന്നബാസ് തിരുമേനിയുടെയും സി.എസ്.ഐ വൈദികരുടെയും നേതൃത്വത്തില്‍ മാങ്ങാനത്തെ വസതിയില്‍ നടന്ന ശുശ്രൂഷയോടെ ഖബറടക്ക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പുഷ്പാലംകൃത വാഹനത്തില്‍ ഭൗതിക ശരീരവുമായി നഗരികാണിക്കല്‍ ചടങ്ങുനടന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി എം.പി, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന, സി.എസ്.ഐ മധ്യകേരള മഹായിടവക ഭാരവാഹികള്‍ തുടങ്ങിയവര്‍ ബിഷപ്പിന്‍െറ ഭൗതികശരീരത്തിന് അകമ്പടി സേവിച്ചു. നൂറുകണക്കിനുപേര്‍ കാത്തുനില്‍ക്കുന്നതിനിടെ മൃതദേഹം മഹായിടവക ആസ്ഥാനത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ബിഷപ് ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ പ്രമുഖരടക്കം നൂറുകണക്കിനുപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. മാര്‍ മാത്യു അറയ്ക്കല്‍, കെ.സി.സി പ്രസിഡന്‍റ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, എം.പിമാരായ ആന്‍േറാ ആന്‍റണി, ജോസ് കെ.മാണി എം.പി, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.എല്‍.എമാരായ ഡോ. എന്‍. ജയരാജ്, തോമസ് ചാണ്ടി, കെ. സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, ആര്‍. രാജേഷ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് തുടങ്ങിയവര്‍ അനുശോചനമര്‍പ്പിച്ചു. തുടര്‍ന്ന് സ്ഥാന വസ്ത്രങ്ങള്‍ ധരിച്ച സഭാശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും വൈദികരുടെയും തിരുമേനിമാരുടെയും മഹായിടവക ഭാരവാഹികളുടെയും നേതൃത്വത്തില്‍ ബിഷപ് സാം മാത്യുവിന്‍െറ ഭൗതികശരീരം സി.എസ്.ഐ ഹോളിട്രിനിറ്റി കത്തീഡ്രലിലേക്ക് ആനയിച്ചു. കത്തിഡ്രല്‍ പ്രവേശ കവാടത്തില്‍ സി.എസ്.ഐ വൈദികര്‍ ഭൗതികശരീരം ഏറ്റുവാങ്ങി. തുടര്‍ന്ന് സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ.ഉമ്മന്‍െറ മുഖ്യ കാര്‍മികത്വത്തിലും സി.എസ്.ഐ ഇതര മഹായിടവക ബിഷപ്പുമാരുടെയും മറ്റ് ക്രൈസ്തവ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്കിടെ ആംഗ്ളിക്കന്‍ സഭാ തലവനും കാന്‍െറര്‍ബെറി ആര്‍ച്ച് ബിഷപ്പുമായ ജസ്റ്റിന്‍ വെല്‍ബിയുടെ അനുശോചന സന്ദേശം വായിച്ചു. ശുശ്രൂഷകള്‍ക്ക് ശേഷം കത്തീഡ്രല്‍ ദേവാലയത്തിലെ മദ്ബഹായോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ കല്ലറയില്‍ ബിഷപ് ഡോ. സാം മാത്യുവിന്‍െറ ഭൗതികശരീരം കബറടക്കി. കബറടക്ക ശുശ്രൂഷക്ക് സി.എസ്.ഐ മുന്‍ മോഡറേറ്റര്‍ ബിഷപ് കെ.ജെ. ശാമുവേല്‍, സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേല്‍, കൊച്ചി മഹായിടവക ബിഷപ് ഡോ. ബി.എന്‍. ഫെന്‍, ബിഷപ് തോമസ് സാമുവല്‍, ബിഷപ് സഖറിയാസ് മാര്‍ പോളികാര്‍പ്പസ്, ബിഷപ് തോമസ് മാര്‍ തിമോത്തിയോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, മാത്യു ടി.തോമസ് എം.എല്‍.എ തുടങ്ങിയവരും ബിഷപ് ഡോ. സാം മാത്യുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോട്ടയം പൗരാവലിയുടെ അനുശോചനം വെള്ളിയാഴ്ച കോട്ടയം വൈ.എം.സി.എ ഹാളില്‍ നടക്കും. സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story