Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2015 3:49 PM IST Updated On
date_range 20 Sept 2015 3:49 PM ISTഗവിയിലെ കെ.എഫ്.ഡി.സി തോട്ടം തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു
text_fieldsbookmark_border
ചിറ്റാര്‍: ഗവി ഏലം പ്ളാന്‍േറഷനിലെ തൊഴിലാളികളും സമരത്തിന് ഒരുങ്ങുന്നു. വേതന വര്‍ധന, പൊട്ടിപ്പൊളിഞ്ഞ ലയങ്ങളുടെ പുനരുദ്ധാരണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിന് ഒരുങ്ങുന്നത്. സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍െറ നിയന്ത്രണത്തിലാണ് ഏലം പ്ളാന്േറഷന് പ്രവര്‍ത്തിക്കുന്നത്. നാലുവശവും ഘോരവനത്താല്‍ ചുറ്റപ്പെട്ട ഗവിയിലെ തൊഴിലാളികളുടെ ജീവിതം ദയനീയമാണ്. ’70കളില്‍ ശ്രീലങ്കയില്‍ തമിഴ്വംശീയ കലാപം നടന്നപ്പോള്‍ തമിഴ്വംശജരായുള്ള അറുനൂറോളം കുടുംബങ്ങളെയാണ് ഗവി, പച്ചക്കാനം, മീനാര്‍, മേഖലകളിലായി പാര്‍പ്പിച്ചത്. ഇവര്‍ക്ക് ജോലി ചെയ്തു ജീവിക്കാനായി കെ.എഫ്.ഡി.സി ഏലം പ്ളാന്‍േറഷനും ആരംഭിച്ചു. ഇപ്പോള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് ഇവിടത്തുകാരുടേത്. 40 വര്‍ഷം മുമ്പ് നിര്‍മിച്ചു നല്കിയ ലയങ്ങളിലാണ് അറുനൂറോളം കുടുംബങ്ങള്‍ ഇപ്പോഴും കഴിഞ്ഞുകൂടുന്നത്. ആദ്യകാലങ്ങളില്‍ ലയങ്ങളുടെ അറ്റകുറ്റപ്പണി കെ.എഫ്.ഡി.സി ചെയ്തുതീര്‍ക്കുമായിരുന്നു. പിന്നീട് അത് ഇല്ലാതായി. ഇപ്പോള്‍ മുറികള്‍ പൊട്ടിപ്പൊളിഞ്ഞിട്ടും ആര്‍ക്കും ഒരനക്കവുമില്ല. വെയിലുവന്നാലും മഴവന്നാലും ഈറ്റഇലകൊണ്ട് മേല്‍ക്കൂര മറച്ച് ഒരുവിധം ലയങ്ങളില്‍ കഴിച്ചുകൂട്ടുകയാണിവര്‍. പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂര ഏതുസമയത്തും താഴെ വീഴുന്ന അവസ്ഥയിലാണ്. ഏലം പ്ളാന്‍േറഷനില്‍ ഒരു ദിവസത്തെ വേതനം 232 രൂപ മാത്രമാണ് അത് കൂട്ടി നല്‍കണമെന്ന് തൊഴിലാളികള്‍ ബന്ധപ്പെട്ടവരോട് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. യൂനിയന്‍ ഭാരവാഹികള്‍ കോര്‍പറേഷനുമായി ഒത്തുകളിച്ച് തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാതെയും സമരം നടത്താന്‍ അനുവദിക്കാതെയും നാളുകള്‍ തള്ളിനീക്കുകയാണെന്ന് ഇവിടുത്തുകാരനായ രാജന് പറയുന്നു. ഇപ്പോള്‍ കിട്ടുന്ന തുച്ഛമായ തുക ഇവര്‍ക്ക് നിത്യചെലവിനുപോലും തികയുന്നില്ല. ഒരു ദിവസത്തെ വേതനം കുറഞ്ഞത് 500 രൂപയെങ്കിലും ആക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇപ്പോള്‍ താമസിക്കുന്ന ലയങ്ങളുടെ അടിത്തറ പൂര്‍ണമായും ഇളകിയതിനാല്‍ തൊഴിലാളികള്‍ ചാണകം മെഴുകിയാണ് താമസിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ലയങ്ങളില്‍ കഴിയുന്ന ഇവരുടെ നേരേ വന്യമൃഗങ്ങളുടെ ആക്രമണവും ഉണ്ടാകുന്നു. മൂന്നു വര്‍ഷത്തിനു മുമ്പാണ് ഇവിടെ വൈദ്യുതി എത്തിയത്. അടുത്തയിടെ ബി.എസ്.എന്‍.എല്‍ ഗവിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചെങ്കിലും ഇതും ഇവര്‍ക്ക് പ്രയോജനമായില്ല. ഇവര്‍ ഇവിടെ സ്ഥിരതാമസമായിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇവരുടെ ആവശ്യം എന്താണെന്ന് തിരക്കാന്‍ മന്ത്രിമാരോ ജനപ്രതിനിധികളോ കാടുതാണ്ടി എത്താറില്ളെന്നും പറയുന്നു. ചക്ളിയ, സാംബവ, പള്ളര്‍, കള്ളര്‍ (തേവര്) വിഭാഗത്തില്‍പെട്ട താഴ്ന്ന ജാതിയില്‍പെട്ടവരാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും. ആരെങ്കിലും മരണപ്പെട്ടാല്‍ പുറമ്പോക്ക് സ്ഥലത്തുവേണം അടക്കം ചെയ്യാന്‍. പകര്‍ച്ചവ്യാധിയും ഇവിടെ വ്യാപിക്കുന്നു. ക്ഷയരോഗ ബാധിതരായ രണ്ടു തൊഴിലാളികള്‍ മരണത്തോട് മല്ലിട്ടാണ് ഇവിടെ കഴിയുന്നത്. ഇവിടെ ആശുപത്രി സൗകര്യമില്ല. ഒരാള്‍ക്ക് ചെറിയ പനിവന്നാല്‍പോലും 28 കിലോമീറ്റര്‍ അകലെ വണ്ടിപ്പെരിയാറ്റില്‍ എത്തിവേണം ചികിത്സതേടാന്‍. ഇതിനായി വണ്ടിക്കൂലിതന്നെ 500 രൂപയില്‍ അധികമാകും. ഗവി,പച്ചക്കാനം നിവാസികള്‍ക്ക് ഇപ്പോള്‍ അവരുടെ പഞ്ചായത്ത് ആസ്ഥാനമായ സീതത്തോട്ടില്‍ എത്തണമെങ്കില്‍ 70 കിലോമീറ്ററാണ് സഞ്ചാരിക്കേണ്ടത്. അതിനാല്‍ പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇവര്‍ വാങ്ങാന്‍ പോകാറില്ല. കാടുതാണ്ടി കാര്യം സാധിച്ചുവരണമെങ്കില്‍ യാത്രയും ഭാഷയും ഇവര്‍ക്ക് തടസ്സമാണ്. അതിനാല്‍ ഇവരില്‍ പലരും സീതത്തോട് പഞ്ചായത്ത് കണ്ടിട്ടുപോലുമില്ല. വന്യമൃഗങ്ങളുടെ ആക്രമണം ഭയക്കാതെ തല ചായിക്കാന്‍ ലയങ്ങള്‍ താമസയോഗ്യമാക്കി നല്‍കണമെന്നും ജോലി ചെയ്യുന്നതിന് ന്യായമായ വേതനവുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story