Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2015 7:55 PM IST Updated On
date_range 19 Nov 2015 7:55 PM ISTസത്യപ്രതിജ്ഞ ‘ഡോക്ടറായി’...
text_fieldsbookmark_border
കോട്ടയം: ഇരട്ടിമധുരമെന്നത് ശരിക്കും അനുഭവിച്ചറിയുകയാണ് പി.ആര്‍. സോന. കന്നിയങ്കത്തില്‍ ജയിച്ചത്തെി കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ പദവിയില്‍ ഇരിപ്പുറപ്പിച്ചതിന് തൊട്ടുപിന്നാലെ സോനയെ തേടിയത്തെിയത് ഡോക്ടറേറ്റ്. മലയാളത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റിന് കാത്തിരിക്കുന്ന സോനക്ക് ബുധനാഴ്ച വൈകീട്ടോടെ പിഎച്ച്.ഡി അനുവദിച്ചതായി എം.ജി സര്‍വകലാശാല അറിയിച്ചു. ഇതോടെ പിഎച്ച്.ഡി ബിരുദമുള്ള ചെയര്‍പേഴ്സണെന്ന ബഹുമതി കോട്ടയത്തിന് സ്വന്തം. മാന്നാനം കെ.ഇ കോളജില്‍ ഗെസ്റ്റ് അധ്യാപികയായിരിക്കെയാണ് സോനക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിളിയത്തെിയത്. മക്കളുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ മത്സരത്തിനിറങ്ങണോയെന്ന് ചിന്തിക്കാന്‍ പോലും അനുവദിക്കാതെ നാട്ടുകാര്‍ ഒന്നടങ്കം പിന്തുണയുമായത്തെി. അതോടെ ഒമ്പതാം വാര്‍ഡ് എസ്.എച്ച് മൗണ്ടില്‍നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി കന്നിപ്പോരാട്ടം. ഭാഗ്യം കൂട്ടായി നിന്നപ്പോള്‍ സോന എത്തിയത് നഗരസഭാ അധ്യക്ഷ പദവിയില്‍. സംസ്ഥാനത്തെ ഏറ്റവും പ്രായ ംകുറഞ്ഞ നഗരസഭാ അധ്യക്ഷമാരില്‍ ഒരാള്‍, പിഎച്ച്.ഡി ബിരുദമുള്ള അധ്യക്ഷ എന്നീ ബഹുമതികളും ഈ 36കാരിക്ക് ഒപ്പമുണ്ട്. കാമ്പസ് രാഷ്ട്രീയത്തില്‍പോലും സജീവമല്ലാതിരുന്ന താന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത് പ്രിയപ്പെട്ടവരുടെ നിര്‍ബന്ധം കൊണ്ടാണെന്ന് സോന പറയുന്നു. മത്സരിച്ചപ്പോഴും അധ്യക്ഷ പദവിയൊന്നും മനസ്സിലുണ്ടായിരുന്നില്ല. പിഎച്ച്.ഡി ബിരുദം എങ്ങനെ ഗുണം ചെയ്യുമെന്ന ചോദ്യത്തിന് പ്രായവും വിദ്യാഭ്യാസവുമൊന്നുമല്ല മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ആത്മാര്‍ഥമായും സത്യസന്ധമായും ജനസേവനം നടത്താനുള്ള മനസ്സുണ്ടാകണമെന്നുമായിരുന്നു മറുപടി. നഗരം നേരിടുന്ന പ്രശ്നങ്ങള്‍ ഓരോന്നായി പഠിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഇവര്‍ പറഞ്ഞു. പട്ടികജാതി ജനറല്‍ വിഭാഗത്തിനായി സംവരണം ചെയ്ത നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോന മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍.ഡി.എഫിലെ സുനി ദിനേശ്കുമാറിനെ 283 വോട്ടിനാണ് സോന തോല്‍പിച്ചത്. പട്ടികജാതി സംവരണമായിരുന്ന മറ്റ് രണ്ടു വാര്‍ഡിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. പട്ടികജാതി വനിതാ സംവരണമായിരുന്ന അഞ്ചാം വാര്‍ഡ് നട്ടാശേരിയില്‍ യു.ഡി.എഫിലെ നീതുമോള്‍ സാബുവിനെ എല്‍.ഡി.എഫിലെ ശുഭ സന്തോഷ് പരാജയപ്പെടുത്തിയപ്പോള്‍ പട്ടികജാതി സംവരണ സീറ്റായ പുത്തനങ്ങാടി 23ാം വാര്‍ഡില്‍ സി.പി.എമ്മിലെ അഡ്വ. പി.എസ്. അഭിഷേക് വിജയിച്ചു. ബേബി പ്രസാദായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. കോട്ടയം എസ്.എച്ച് മൗണ്ട് പുത്തന്‍പറമ്പില്‍ ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ലെക്ചറര്‍ ഷിബുവാണ് സോനയുടെ ഭര്‍ത്താവ്. എറണാകുളം ഏഴിക്കര സ്വദേശിനിയായ സോന ആലുവ യു.സി കോളജില്‍നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തരബിരുദവും കാലടി സംസ്കൃത യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫിലും പൂര്‍ത്തിയാക്കി. തുടര്‍ന്നായിരുന്നു ഗവേഷണം. എം. മുകുന്ദന്‍, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍ എന്നിവരുടെ നോവലുകളെ ആസ്പദമാക്കിയുള്ള ‘നോവലും സ്ഥലവും’ എന്ന പഠനത്തിനാണ് ഡോക്ടേറ്റ് ലഭിച്ചത്. മക്കള്‍: ദേവനന്ദ (എസ്.എച്ച് മൗണ്ട് പബ്ളിക് സ്കൂള്‍ ഒന്നാംക്ളാസ് വിദ്യാര്‍ഥി), ദേവഗംഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story