Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടര്‍മാര്‍ പറയും;...

വോട്ടര്‍മാര്‍ പറയും; ഇനി പോളിങ് ബൂത്തിലാണ് കാര്യം

text_fields
bookmark_border

ഈരാറ്റുപേട്ട: നഗരസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണത്തിന്‍െറ അവസാന നിമിഷങ്ങളില്‍ നഗരത്തെ ആവേശക്കടലാക്കി ഇടതുമുന്നണിയും പ്രചാരണവുമായി യു.ഡി.എഫും മുന്നേറി. 
ഇരു മുന്നണികളും സമാപന ദിവസം ആവേശം വിതറുന്ന സമാപന പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊട്ടിക്കലാശത്തിന് ഇരുമുന്നണികള്‍ക്കും രണ്ടിടങ്ങളിലായി വീതിച്ചുനല്‍കിയിരുന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ എല്‍.ഡി.എഫിനും കുരിക്കള്‍ നഗറില്‍ യു.ഡി.എഫിനും നല്‍കി. സമാപനസമയത്ത് കുരിക്കള്‍ നഗറില്‍ പൊതുസമ്മേളനം മാത്രം നടത്തിയ യു.ഡി.എഫ് പരസ്യപ്രചാരണം അതത് വാര്‍ഡുകളില്‍ തന്നെയാക്കി.
അതേസമയം, ആവേശം നിറച്ച എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉച്ചമുതല്‍ നഗരം അവരുടെ നിയന്ത്രണത്തിലാക്കി. ചെണ്ടയും ബാന്‍ഡ് മേളവും പ്രകടനങ്ങള്‍ക്ക് അകമ്പടിയേകി. ഇടതുമുന്നണി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ടൗണില്‍ തടിച്ചുകൂടി. 
കലാശക്കൊട്ട് കാണാനായി കാഴ്ചക്കാരാല്‍ നഗരവും കെട്ടിടങ്ങളും നിറഞ്ഞു. ചെറിയ ചാറ്റല്‍ മഴ പെയ്തെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തെ കെടുത്താനായില്ല. 
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ നഗരത്തില്‍ വിന്യസിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനൊ, പാലാ ഡിവൈ.എസ്.പി സുനീഷ് ബാബു, ഈരാറ്റുപേട്ട സി.ഐ സി.ജി. സനല്‍കുമാര്‍, എസ്.ഐ എ.വി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
പൂഞ്ഞാര്‍ പഞ്ചായത്തിലെ പനച്ചികപ്പാറയില്‍ കലാശക്കൊട്ടിനിടെ ഇടതുവലതു മുന്നണികള്‍ വാക്കേറ്റമുണ്ടായത് അല്‍പസമയത്തേക്ക് സംഘര്‍ഷസാധ്യത സൃഷ്ടിച്ചു. പൊലീസും നേതാക്കളും ഇടപെട്ടാണ് ശാന്തമാക്കിയത്. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍നിന്ന് വീണ് എല്‍.ഡി.എഫ് പ്രവര്‍ത്തകന് നിസ്സാര പരുക്കേറ്റു. 
കാഞ്ഞിരപ്പള്ളി: ആവേശം വിതറി കൊട്ടിക്കലാശം. പ്രചാരണ സമാപനത്തിന് സാക്ഷിയാകാന്‍ നാട്ടുകാരും സെന്‍ട്രല്‍ ജങ്ഷനില്‍ തടിച്ചു കൂടിയതോടെ ദേശിയപാതയില്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ സമാപന ആഘോഷമാണ് കാഞ്ഞിരപ്പള്ളി ടൗണില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചത്. വൈകീട്ട് മൂന്നരയോടെ ടൗണിനു ചുറ്റുപാടുമുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങളും അനുയായികളും സെന്‍ട്രല്‍ ജങ്ഷനില്‍ എത്തിത്തുടങ്ങി. പാരഡി ഗാനങ്ങള്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ വാഹനങ്ങളിലെ സ്പീക്കറുകളില്‍ നിന്നൊഴുകി. ശബ്ദഘോഷങ്ങളോടെയുള്ള പ്രചാരണ പരിപാടി സമാപിക്കുന്നതിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ആള്‍ത്തിരക്കിനിടയിലൂടെ എത്തിയ ബൈക്ക് യാത്രികനെ എതിര്‍ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ പിടിച്ചുതള്ളിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. 
ഇതേസമയം ഇതുവഴി കടന്നുപോവാനത്തെിയ മറ്റൊരു സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തിനുനേര്‍ക്ക് ആക്രമണത്തിന് ഒരുങ്ങിയത് പൊലീസും യുവനേതാക്കളും ഇടപെട്ടതുകൊണ്ടു മാത്രമാണ് സംഘര്‍ഷത്തിലേക്ക് കടക്കാതിരുന്നത്. അഞ്ചു മണിയാവുന്നതിന് നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ പ്രചാരണ വാഹനങ്ങളിലെ സ്പീക്കറുകള്‍ നിശ്ശബ്ദമായെങ്കിലും റോഡില്‍ തിങ്ങിനിറഞ്ഞ വാഹനങ്ങള്‍ കടന്നുപോവുന്നതിന് വീണ്ടും ഏറെ സമയമെടുത്തു. 
എരുമേലി: വര്‍ണക്കൊടികള്‍ പറന്നും അന്തരീക്ഷം ശബ്ദ മുഖരിതവുമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍െറ കൊട്ടിക്കലാശം സമാപിച്ചു. ശബരിമലയുടെ കവാടമായ എരുമേലിയില്‍ വിവിധ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന കൊട്ടിക്കലാശം സമാധാനപരമായിരുന്നു. ശബ്ദപ്രചാരണത്തിന്‍െറ അവസാന മണിക്കൂറില്‍ എരുമേലി ടൗണും പരിസരപ്രദേശങ്ങളും ശബ്ദ മുഖരിതമായി. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ, സ്വതന്ത്രര്‍ എന്നിവര്‍ കലാശക്കൊട്ടില്‍ സജീവമായിരുന്നു. ഗ്രാമപഞ്ചായത്തിലെ മുക്കൂട്ടുതറ, ചേനപ്പാടി എന്നീ ടൗണുകളിലും കൊട്ടിക്കലാശം നടന്നു. 
വൈക്കം:  കൊട്ടിക്കലാശത്തിന്‍െറ ഭാഗമായി വൈക്കത്ത് നടന്ന പ്രകടനത്തില്‍ എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. തുടര്‍ന്ന് പൊലീസ്  ഇടപെട്ടതോടെ  സംഘര്‍ഷം ഒഴിവായി. നാലോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബൈക്കിലും കാറിലുമായി  പ്രകടനമായി രംഗത്തത്തെി.  തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകരും കാല്‍നടയായി മുദ്രാവാക്യം നടത്തി ബോട്ടുജെട്ടി ജങ്ഷനിലൂടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് നീങ്ങി. ഇതിനിടെ  ഇരുജാഥയും തമ്മില്‍ അടുത്തത്തെിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം അരങ്ങേറി.  ഉടന്‍ പൊലീസ് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. തുടര്‍ന്ന് ജാഥകള്‍ കൊച്ചുകവലയിലത്തെിയതോടെ സമയപരിധി കഴിയുകയും  പ്രവര്‍ത്തകര്‍ പിരിയുകയുമായിരുന്നു.
ചങ്ങനാശേരി: ആവേശങ്ങള്‍ക്കും ആരവങ്ങള്‍ക്കും നടുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്. നഗരത്തില്‍ ആവേശം അലകടലായി. പ്രചാരണ വിളംബര വാഹനങ്ങള്‍ക്കൊപ്പം ചിഹ്നവും കൊടിതോരണങ്ങളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുമാണ് മുന്നണികള്‍ കലാശക്കൊട്ട് നടത്തിയത്. നഗരത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ആം ആദ്മി പാര്‍ട്ടി, സ്വതന്ത്രരുള്‍പ്പെടെയുള്ളവരും ആവേശ പ്രകടനവുമായത്തെി. മേഖലയിലെ വിവിധ ജങ്ഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു മുന്നണികള്‍ കലാശക്കൊട്ടുകള്‍ അരങ്ങേറിയത്. തെങ്ങണ, മാമ്മൂട്, കുന്നുംപുറം, മോസ്കോ, കുരിശുംമൂട്, വടക്കേക്കര, തുരുത്തി, കുറുമ്പനാടം, മുക്കാട്ടുപടി, പെരുന്നമതുമൂല, വാഴപ്പള്ളി, മുക്കാട്ടുപടി, ആനന്ദാശ്രമം തുടങ്ങി വിവിധ കേന്ദ്രങ്ങളിലും കലാശക്കൊട്ട് നടന്നു.
കടുത്തുരുത്തി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള  കൊട്ടിക്കലാശം കടുത്തുരുത്തിയില്‍ സമാധാനപരമായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊട്ടിക്കലാശം ഒഴിവാക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും പൊലീസ് ഉദ്യോഗസ്ഥരും നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാല്‍, നാലോടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണത്തിനിറങ്ങുകയായിരുന്നു. സ്ഥാനാര്‍ഥിമാരെ പ്രചാരണ വാഹനത്തില്‍ കയറ്റി ഇരുമുന്നണിയുടെയും പ്രവര്‍ത്തകര്‍ റോഡ് ഷോയും നടത്തി. ബി.ജെ.പി സമാപന പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോട്ടയത്തുനിന്ന് ആംഡ് പൊലീസ് ഫോഴ്സും എത്തിയിരുന്നു.
മുണ്ടക്കയം: മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളില്‍ കലാശക്കൊട്ട് സമാധാനപരം. പ്രധാന ടൗണുകളിലും വാര്‍ഡുകളുടെ സംഗമപ്രദേശമായ ഗ്രാമപ്രദേശത്തെ സ്ഥലങ്ങളിലുമാണ് അവസാനഘട്ട മൈക് പ്രചാരണം നടന്നത്.  
മുണ്ടക്കയം പഞ്ചായത്തില്‍ വേലനിലം, ടൗണ്‍, സൗത്, പുത്തന്‍ചന്ത, മൈക്കോളജി, വരിക്കാനി, കരിനിലം, വണ്ടന്‍പതാല്‍, മുരിക്കുംവയല്‍, പുഞ്ചവയല്‍, കുളമാക്കല്‍, ആനിക്കുഴി, അമരാവതി, പുലിക്കുന്ന്, കണ്ണിമല, താന്നിക്കപതാല്‍, വട്ടക്കാവ്, ഇഞ്ചിയാനി, പൈങ്ങന, മൈലത്തടി, നെന്മേനി എന്നീ 13 വാര്‍ഡിലായി 42 ബൂത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂടുതല്‍ പോളിങ് സ്റ്റേഷനുകളുള്ള രണ്ടു വാര്‍ഡ് പ്രശ്നബാധിത ബൂത്തുകളായി ഇന്‍റലിജന്‍റസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറു ബൂത്തുകളുള്ള മൈക്കോളജി വാര്‍ഡിലെ സെന്‍റ് ജോസഫ്സ് സ്കൂള്‍, ടൗണ്‍ വാര്‍ഡിലെ സി.എം.എസ് എല്‍.പി സ്കൂള്‍ എന്നിവയാണ് പ്രശ്നസാധ്യതയുള്ള ബൂത്തുകള്‍. കോരുത്തോട് പഞ്ചായത്തില്‍ ഒരേക്കര്‍ കോളനി, മൈനാക്കുളം, കൊമ്പുകുത്തി, മുണ്ടക്കയം ബ്ളോക്, ചണ്ണപ്ളാവ്, കോരുത്തോട്, കുഴിമാവ്, പള്ളിപ്പടി, 504 ഐ.എച്ച്.ഡി.പി കോളനി, മുന്നോലി, കോസടി, മടുക്ക, പനക്കച്ചിറ എന്നീ 13 വാര്‍ഡിലായി 21 ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കും.             
പൊന്‍കുന്നം:  പരസ്യപ്രചാരണത്തിന്  ചിറക്കടവ്, വാഴൂര്‍ പഞ്ചായത്തുകളില്‍  സമാധാന കൊടിയിറക്കം. 
ചിറക്കടവിന്‍െറ ആസ്ഥാനമായ പൊന്‍കുന്നം ടൗണില്‍ ബി.ജെ.പി മാത്രമാണ് കൊട്ടിക്കലാശത്തിനത്തെിയത്. പ്രചാരണത്തിന്‍െറ അവസാന മണിക്കൂറുകളില്‍ ഇടതു-വലതു മുന്നണികള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം അവസാനിപ്പിച്ചത്. പൊന്‍കുന്നം ടൗണില്‍ എല്ലാ കക്ഷികളും എത്താതിരുന്നതുമൂലം ക്രമസമാധാനം സുഗമമായി നടക്കുകയും ഗതാഗത തടസ്സം ഒഴിവാകുകയും ചെയ്തു. എങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മാമാങ്കം കാണാനത്തെിയ നാട്ടുകാര്‍ക്ക് തെരഞ്ഞെടുപ്പ് ഉത്സവലഹരി ആസ്വദിക്കാനായില്ല. ടൗണിലെ കൊട്ടിക്കലാശത്തിന്‍െറ ആവേശം ബി.ജെ.പി അണികള്‍ക്ക് ആവേശം പകരുമ്പോള്‍ വാര്‍ഡുതലങ്ങളിലേക്കിറങ്ങി പ്രചാരണത്തിന്‍െറ ആവേശം താഴത്തേട്ടില്‍ എത്തിക്കാനായി എന്ന സംതൃപ്തിയിലാണ് ഇടതു-വലതു മുന്നണികള്‍. ഇവരെല്ലാം പ്രചാരണത്തില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ തങ്ങള്‍ക്ക് വിജയം നേടാന്‍ ആവശ്യമായ സമ്മതിദായകരെ നേരില്‍ കാണുന്ന തിരക്കിലായിരുന്നു സ്വതന്ത്രരും അവരെ പിന്തുണക്കുന്നവരും. 
വാഴൂര്‍ പഞ്ചായത്തിന്‍െറ ആസ്ഥാനമായ കൊടുങ്ങൂരില്‍ കൊട്ടിക്കലാശത്തിനത്തെിയത് ഇടതുപക്ഷവും എന്‍.ഡി.എ സഖ്യവും മാത്രം. ഇടതു മുന്നണി പ്രവര്‍ത്തകര്‍ തങ്ങളുടെ 16 പഞ്ചായത്ത് സ്ഥാനാര്‍ഥികളെയും അണിനിരത്തി പ്രകടനമായാണ് കൊട്ടിക്കലാശത്തിനത്തെിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രകടനമായാണ് ടൗണിലത്തെിയത്. 
ഇരുകൂട്ടരും പഞ്ചായത്ത് മന്ദിരത്തിന് മുന്നില്‍ കൊട്ടിക്കലാശം നടത്തുമ്പോള്‍ യു.ഡി.എഫിന്‍െറ ഏതാനും അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ഭൂരിഭാഗം സ്ഥാനാര്‍ഥികളും വാര്‍ഡുകളില്‍ പ്രവര്‍ത്തകരോടൊപ്പം വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു. വിവിധ ഭാഗങ്ങളില്‍ കൊട്ടിക്കലാശങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ അനുയായികളും പ്രവര്‍ത്തകരും എത്തിയെന്നുള്ളത് വേറിട്ട കാഴ്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koattayam polling
Next Story