Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2015 6:21 PM IST Updated On
date_range 20 Dec 2015 6:21 PM ISTചരിത്രത്തിലേക്ക് വെളിച്ചം വീശി പുരാവസ്തു പ്രദര്‍ശനം
text_fieldsbookmark_border
കോട്ടയം: ചരിത്രത്തിലേക്ക് വെളിച്ചം വീശി പുരാവസ്തുവകുപ്പിന്‍െറ പ്രദര്‍ശനം. ചരിത്രരേഖകള്‍ നേര്‍ച്ചിത്രങ്ങളായി തെളിഞ്ഞ് രാജഭരണത്തിന്‍െറയും വിദേശാധിപത്യത്തിന്‍െറയും നാളുകളിലൂടെയുള്ള മടക്കയാത്രയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. 1750ല്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിനെ ശ്രീപത്മനാഭന് തൃപ്പടിദാനം നല്‍കിയതിന്‍െറ താളിയോല ഉത്തരവും കൈയെഴുത്തുപ്രതിയും ഇവിടെ വായിക്കാം. തിരുവിതാംകൂറും ഡെച്ചുകാരും തമ്മില്‍ 1754ല്‍ ഉണ്ടാക്കിയ സഖ്യത്തിന്‍െറ ഉടമ്പടിരേഖ, 1801ല്‍ ഇറങ്ങിയ വേലുത്തമ്പിദളവയുടെ നിയമന ഉത്തരവ്, തിരുവിതാംകൂറില്‍ എല്ലാ പ്രജകള്‍ക്കും വീട് ഓടുമേയാന്‍ അനുമതി നല്‍കുന്ന പാര്‍വതിബായി മഹാറാണിയുടെ 1817ലെ ഉത്തരവ്, 1811ല്‍ അറബി ഭാഷയില്‍ അച്ചടിച്ച ബൈബ്ള്‍, സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള 1829ലെ അനുമതി ഉത്തരവ്, ചാന്നാര്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് മാറുമറക്കാന്‍ 1859ല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് നല്‍കിയ അനുമതി ഉത്തരവ്, എല്ലാവര്‍ക്കും പൊതുറോഡിലൂടെ വണ്ടിയില്‍ സഞ്ചരിക്കാനുള്ള അനുവാദം നല്‍കി 1865ല്‍ ഇറങ്ങിയ ഉത്തരവ്, 1865ല്‍ എല്ലാ സമുദായത്തിലെയും സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ ബാലരാമവര്‍മ രാജാവ് അനുമതി നല്‍കിയത്, ഞായറാഴ്ച പൊതു അവധിയായി 1894ലിറങ്ങിയ ഉത്തരവ്, കോട്ടയം ടൗണില്‍ മദ്യഷോപ്പ് തുടങ്ങാന്‍ 1895ല്‍ ദിവാന്‍ ഇറക്കിയ ഉത്തരവ്, കായംകുളത്തിനും കോട്ടയത്തിനും മധ്യേ തപാല്‍ സര്‍വിസ് തുടങ്ങുന്നതിന് 1896ല്‍ ബ്രിട്ടീഷ് റെസിഡന്‍റിന് ദിവാന്‍െറ കത്ത്, കോട്ടയം ടൗണില്‍ വീടുകള്‍ക്ക് കരം ഏര്‍പ്പെടുത്തിയ 1909ലെ കോട്ടയം ടൗണ്‍ ഇപ്രൂവ്മെന്‍റ് കമ്മിറ്റിയുടെ വിജ്ഞാപനം, ഉത്തരവാദഭരണകാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയ മീറ്റിങ്ങുകള്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത് തുടങ്ങിയ ചരിത്രത്തിലേക്ക് ഇടംപിടിച്ച ഒട്ടേറെ രേഖകളുടെ പകര്‍പ്പുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോട്ടയത്തിന്‍െറ വളര്‍ച്ചയുടെ ഓരോ ഘട്ടവും രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ നിര്‍ണായക നീക്കങ്ങളും രേഖകളുടെ വെളിച്ചത്തില്‍ ഇവിടെ നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. പുരാതനകേരളീയര്‍ ഉപയോഗിച്ച വസ്തുക്കളുടെ അമൂല്യശേഖരം ഏറെ ആകര്‍ഷണീയമാണ്. മരവുരി, ഗ്രന്ഥപ്പെട്ടി, ആമാടപ്പെട്ടി, ആമപ്പെട്ടി, രത്നപ്പെട്ടി, മണിച്ചിത്രത്താഴ്, നാഴിപ്പൂട്ട്, ചതുരപ്പൂട്ട്, നാരായം, ചന്ദ്രവളയം, മുഖര്‍ശംഖ്, ഊരാക്കുടുക്ക്, മുക്കമ്പ്രക്കെട്ട്, പത്തായക്കെട്ട്, ദിശാകാവല്‍വിളക്ക്, തീവെട്ടി, അദ്ഭുതവിളക്ക്, പത്തിവിളക്ക്, കുത്തുവിളക്ക്, വിവിധ രാജ്യങ്ങളില്‍ പ്രചാരമുണ്ടായിരുന്ന നാണയങ്ങള്‍, നിധിപേടകം, നാണയപ്പലക, പുരാതന സര്‍ക്കാര്‍ സീലുകള്‍, തിരുവിതാംകൂര്‍ ബാഡ്ജുകള്‍, തിരുവിതാംകൂര്‍ കമ്മട്ടം, രാജഭരണകാലത്ത് ചിത്രവധം നടപ്പാക്കാനുപയോഗിച്ചിരുന്ന ഇരുമ്പുകൂട്, വിവിധതരം അളവ് ഉപകരണങ്ങള്‍, പരമ്പരാഗത മുസ്ലിം സ്ത്രീകളുടെ വിവിധ ആഭരണങ്ങള്‍, വിവിധ പാത്രങ്ങള്‍, പീരങ്കിയുണ്ടകള്‍, ലാത്തി, എസ് കത്തി, ഇരുതല കഠാരി, കുന്തം, വാളും പരിചയും ഒക്കെ പുതിയ കാലത്തിന് പരിചിതമല്ലാത്ത അമൂല്യവസ്തുക്കലുടെ ശേഖരങ്ങള്‍ നാടിന്‍െറ തനിമയിലേക്ക് സന്ദര്‍ശകരെ തിരിച്ചുകൊണ്ടുപോകുന്നു. സാംസ്കാരിക വകുപ്പിന്‍െറ നേതൃത്വത്തില്‍ കോട്ടയത്ത് നടക്കുന്ന ‘സുവര്‍ണം 2015’ സാംസ്കാരികോത്സവത്തിന്‍െറ ഭാഗമായാണ് പ്രദര്‍ശനം തിരുനക്കര മൈതാനിയില്‍ ഒരുക്കിയിരിക്കുന്നത്. 22ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story