Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2017 6:43 PM IST Updated On
date_range 10 April 2017 6:43 PM ISTവേനൽമഴ; കിഴക്കൻമേഖലയിൽ വ്യാപകനാശം
text_fieldsbookmark_border
പത്തനാപുരം: വേനൽമഴയിൽ കിഴക്കൻമേഖലയിൽ വ്യാപകനാശനഷ്ടം. ഗതാഗതസംവിധാനങ്ങൾ നിശ്ചലമായി. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താറുമാറായി. അച്ചൻകോവിൽ, മുള്ളുമല, ചെമ്പനരുവി, മൈക്കാമൈൻ തുടങ്ങിയ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. വിവിധവകുപ്പുകൾ ഗതാഗതതടസ്സം നീക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനുമായി കഴിഞ്ഞരാത്രി മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ ഞായറാഴ്ച വൈകിയും തുടരുകയാണ്. കനത്തനാശമാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പെയ്ത മഴയിൽ ഉണ്ടായത്. വൈകീട്ട് ആറോടെ ആരംഭിച്ച മഴ മൂന്ന് മണിക്കൂറിലധികം നീണ്ടു. മഴയിൽ നൂറിലധികം വീടുകൾ തകർന്നു. തലവൂർ, പട്ടാഴി, വടക്കേക്കര, വിളക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. വീടുകൾക്കും കാർഷികരംഗത്തുമെല്ലാം കൂടി കോടികളുടെ നാശമുണ്ടായതായി റവന്യൂ അധികൃതർ അറിയിച്ചു. അലിമുക്ക്-അച്ചൻകോവിൽ അന്തർസംസ്ഥാനപാതയിൽ മരങ്ങൾ വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. അച്ചൻകോവിലിലും മുള്ളുമലയിലുമായി നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങി. ചുരുക്കം വാഹനങ്ങൾ അച്ചൻകോവിൽ, തെങ്കാശി വഴി തിരികെ എത്തി. ബാക്കിയുള്ളവ താൽക്കാലികമായി മരങ്ങൾ നീക്കംചെയ്ത് രാത്രി പന്ത്രണ്ടോടെയാണ് കടത്തിവിട്ടത്. മരങ്ങൾ കാറ്റിൽ നിലംപതിച്ചാണ് പാതയിലൂടെയുള്ള സഞ്ചാരം തടസ്സപ്പെട്ടത്. എസ്.എഫ്.സി.കെയിലെ റബർ മരങ്ങളും ഒടിഞ്ഞുവീണിട്ടുണ്ട്. പിറവന്തൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് നാശനഷ്ടം കൂടുതൽ. മേഖലയിൽ ശക്തമായ കാറ്റാണ് ചുഴറ്റിയടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. മഹാദേവർമൺ സുബി ഭവനിൽ ബാബു, കുഴിപറമ്പിൽ സൂസമ്മ, ഓലപാറ വട്ടവിള വീട്ടിൽ അശോകൻ, ചരുവിള വീട്ടിൽ തങ്കമ്മ, അച്യുതൻ, വേങ്ങവിള വീട്ടിൽ മധു, തോപ്പിൽ വീട്ടിൽ ശിവരാജൻ, വട്ടവിളവീട്ടിൽ അനിമോൻ, കൊപ്പാറയിൽ രാമചന്ദ്രൻ, രജനിഭവനിൽ രാജൻ, ആശ ഭവനിൽ ശിശുപാലൻ, പുഷ്പവിലാസത്തിൽ പ്രദീപ്, തൊടികണ്ടം അനീഷ്, വലിയകാവ് കോണിൽ രാജേന്ദ്രൻ എന്നിവരുടെ വീടുകൾ നശിച്ചു. എസ്.എഫ്.സി.കെ ജീവനക്കാരനായ കോട്ടക്കയം മാത്യുവിെൻറ ബൈക്കിന് മുകളിലേക്ക് മരംവീണ് വാഹനം പൂർണമായും തകർന്നു. തടിയുമായി എത്തിയ ലോറിയുടെ മുകളിലേക്ക് റബർ പിഴുതുവീണു. ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാൽപത് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. മൂന്നരകിലോമീറ്റർ ദൂരത്തിൽ 11 കെ.വി ലൈനുകൾ നശിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഞായറാഴ്ച വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. പുനലൂർ, പത്തനാപുരം, കോന്നി എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയർഫോഴ്സ് സംഘവും വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ നീക്കംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story