Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2017 8:19 PM IST Updated On
date_range 3 April 2017 8:19 PM ISTപോളച്ചിറയിലെ കൃഷി പാളുന്നു: വിത്തുകൾ അധികവും കിളിർത്തില്ല്ല, ചിലയിടങ്ങളിൽ കരിയുന്നു
text_fieldsbookmark_border
പരവൂർ: പോളച്ചിറയിൽ വെള്ളം വറ്റിച്ച് നടത്തിയ കൃഷിപാളുന്നു. വെള്ളം വറ്റിക്കുന്നതിനെതിരായ പ്രതിഷേധങ്ങൾ അവഗണിച്ച് നടത്തിയ കൃഷി ലക്ഷ്യംകാണാത്ത അവസ്ഥയാണ്. വിതച്ച വിത്തുകൾ അധികവും കിളിർത്തിട്ടില്ല. കിളിർത്തവ ചിലയിടങ്ങളിൽ കരിയാനും തുടങ്ങി. ഏക്കർ കണക്കിന് സ്ഥലത്താണ് വിത്തുകൾ കിളിർക്കാനുള്ളത്. പാടശേഖരത്തിലെ ഉപ്പിെൻറ സാന്നിധ്യമാണ് വിത്തുകൾ കിളിർക്കാതിരിക്കാൻ കാരണമായത്. ഇത്തരമൊരവസ്ഥയുണ്ടാകുമെന്ന് നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നതാണ്. എന്നാൽ ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നു. വിത്ത്, വളം, സാമ്പത്തികസഹായം എന്നിവ സർക്കാറിൽനിന്ന് ലഭ്യമാക്കി 75 ലക്ഷത്തോളം ചെലവഴിച്ചാണ് പോളച്ചിറയിൽ പുഞ്ചകൃഷിയിറക്കിയത്. കടുത്ത കുടിനീർ ദൗർലഭ്യം അനുഭവപ്പെടുേമ്പാൾ പ്രദേശത്തെ കുടിവെള്ള േസ്രാതസ്സായ പോളച്ചിറ വറ്റിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ജനങ്ങൾ നൽകിയ പരാതികളെത്തുടർന്ന് കലക്ടർ ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശത്ത് പരിശോധന നടത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളം വറ്റിക്കുന്നത് കുടിവെള്ളക്ഷാമത്തിന് ആക്കം കൂട്ടുമെന്നും വിശദപഠനത്തിന് ശേഷമേ വെള്ളംവറ്റിക്കാൻ പാടുള്ളൂവെന്നും കാട്ടി കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വെള്ളംവറ്റിക്കുന്നത് നിർത്തിെവക്കാൻ കലക്ടർ ഉത്തരവുനൽകി. ഇത് ലംഘിച്ചാണ് വെള്ളംവറ്റിച്ചത്. ഒന്നരമാസത്തോളം പമ്പിങ് നടത്തിയശേഷമാണ് കൃഷിയിറക്കാൻ പാകത്തിൽ വെള്ളംവറ്റിയത്. ഭൂഗർഭ ജലവിഭവവകുപ്പ് നടത്തിയ പരിശോധനയിൽ പോളച്ചിറയിലെ വെള്ളം വറ്റിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും വെള്ളം വറ്റിച്ചതുവഴി പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം വറ്റാൻ ഇത് വഴിതെളിച്ചതായും കണ്ടെത്തിയിരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു കൃഷി. കൃഷിയിറക്കിയ മുൻവർഷങ്ങളിലും ഇത്തരത്തിൽ നാശംസംഭവിച്ചിട്ടുണ്ട്. കൃഷിയുടെ പേരിൽ സർക്കാർ സഹായം കൈക്കലാക്കാനുള്ള ശ്രമമാണ് ഉപ്പിെൻറ സാന്നിധ്യവും അവഗണിച്ച് കൃഷിയിറക്കുന്നതിെൻറ പിന്നിലുള്ളതെന്നും ആക്ഷേപമുണ്ട്. കൃഷിയിറക്കുന്നവരിൽ പലരും പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കലക്ടറുടെ ഉത്തരവുപ്രകാരം പമ്പ്ഹൗസ് പൂട്ടി സീൽ െവക്കാനെത്തിയ ഡെപ്യൂട്ടി തഹസിൽദാറെയും മറ്റുദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് അവർ ഉത്തരവ് നടപ്പാക്കാനാകാതെ മടങ്ങി. സബ്കലക്ടർ ഡോ. എസ്. ചിത്ര പോളച്ചിറ സന്ദർശിച്ച അവസരത്തിൽ അവരുമായി കുടിവെള്ളപ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചവരെ കർഷരുടെ പേരിൽ ചിലർ അസഭ്യംവിളിക്കുകയും മാധ്യമപ്രവർത്തകരെയടക്കം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പൊഴിക്കര സ്പിൽവേയുടെ ഷട്ടറുകൾ തകരാറിലായതിനാൽ വർഷങ്ങളായി പരവൂർ കായൽ വഴി ഉപ്പുവെള്ളം വൻതോതിൽ കയറുകയാണ്. ഇതുമൂലം പെളച്ചിറയിൽ ഉപ്പിെൻറ സാന്നിധ്യം കൂടുതലാണ്. 1.05 കോടി ചെലവഴിച്ച് ഏതാനും വർഷംമുമ്പ് സ്പിൽവേയുടെ ഷട്ടറുകൾ പുതുക്കിസ്ഥാപിച്ചിരുന്നു. നിർമാണവൈകല്യംമൂലം ഇത് പാഴ്ച്ചെലവായി മാറി. എട്ട് ഷട്ടറുകളിൽ ഒരെണ്ണം മാത്രമാണ് പൂർണമായി അടക്കാൻ കഴിയുന്നത്. ബാക്കിയുള്ളവ പൂർണമായി അടയാത്തതിനാൽ കടൽവെള്ളം തടഞ്ഞുനിർത്താൻ കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story