Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2016 7:49 PM IST Updated On
date_range 6 Sept 2016 7:49 PM ISTജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍: തരിശുരഹിത ജില്ലയാക്കും
text_fieldsbookmark_border
കൊല്ലം: ജില്ലയെ തരിശുരഹിതമാക്കാനുള്ള പദ്ധതിക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. ഉല്‍പാദന മേഖലക്ക് 16 കോടിയാണ് വകയിരുത്തിയത്. തരിശുകിടക്കുന്ന മുഴുവന്‍ ഭൂമിയും കൃഷിക്ക് ഉപയുക്തമാക്കി തരിശുരഹിത ജില്ലയായി മാറ്റുന്നതാണ് പദ്ധതി. തെരുവുനായ് ശല്യത്തില്‍നിന്നുള്ള സംരക്ഷണത്തിന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അനിമല്‍ ബര്‍ത് കണ്‍ട്രോള്‍ പദ്ധതി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് നടപ്പാക്കും. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ഫാമുകളില്‍ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി ടൂറിസത്തോടൊപ്പം കൃഷിവിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റും. കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് ആടുവളര്‍ത്തലും കിഴങ്ങുവര്‍ഗകൃഷിയും നടപ്പാക്കും. ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് കറവമാടുകളെ വാങ്ങാന്‍ പലിശരഹിതവായ്പ നല്‍കും. ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്ക് സബ്സിഡിയായി ലിറ്ററിന് മൂന്നുരൂപ നല്‍കുന്ന പദ്ധതി നടപ്പാക്കും. ആരോഗ്യമേഖലയില്‍ 6.9 കോടിയാണ് വകയിരുത്തിയത്. ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ളാന്‍റ്, സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്, ഐ.സി.യു നിര്‍മാണം, ഹോമിയോ ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്കാനര്‍ സ്ഥാപിക്കല്‍, ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ പദ്ധതികളായുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതികള്‍ക്ക് 10.17 കോടിയാണ് ഉള്‍ക്കൊള്ളിച്ചത്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ മുഴുവന്‍ സ്കൂളും മോഡല്‍ സ്കൂളുകളാക്കും. സ്കൂളുകളില്‍ യോഗ പരിശീലനം, വിദ്യാര്‍ഥികള്‍ സ്കൂളില്‍ ഹാജരായെന്ന വിവരം രക്ഷിതാക്കളെ അറിയിക്കാന്‍ എസ്.എം.എസ് അലര്‍ട്ട് എന്നിവ നടപ്പാക്കും. ക്ഷേമകാര്യത്തിന് 4.57 കോടി വകയിരുത്തി. ഭിന്നലിംഗക്കാര്‍ക്ക് സ്വയംതൊഴില്‍, എസ്.സി വിഭാഗത്തില്‍പെട്ട ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്ക്ള്‍, വയോജനങ്ങള്‍ക്ക് പകല്‍വീട് നിര്‍മാണം, ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ വനങ്ങളില്‍നിന്ന് ശേഖരിക്കപ്പെടുന്ന വിഭവങ്ങള്‍ വിപണനം ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കല്‍, അങ്കണവാടികളെ മാതൃകാ അങ്കണവാടികളാക്കി ഉയര്‍ത്തല്‍, കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് ബൈന്‍ഡ് ഫ്രണ്ട്ലി ടാബ്ലറ്റ്, ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടര്‍ വിതരണം എന്നിവയാണ് ഉള്‍പ്പെടുത്തിയത്. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. വികസകാര്യ സ്ഥിരംസമിതി അംഗം എസ്. ഫത്തഹുദ്ദീന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള ധനകാര്യ വിശകലനം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍. ജയ്സുഖ്ലാല്‍, സ്ഥിരംസമിതി അധ്യക്ഷരായ ജൂലിയറ്റ് നെല്‍സണ്‍, വി. ജയപ്രകാശ്, ഇ.എസ്. രമാദേവി, സൂപ്രണ്ട് ജ്യോതിഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story