Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2016 8:04 PM IST Updated On
date_range 20 May 2016 8:04 PM ISTകോണ്‍ഗ്രസില്‍ പൊട്ടിത്തെറി
text_fieldsbookmark_border
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഐക്യമുണ്ടായിരുന്നില്ളെന്നും നേതൃത്വം പ്രവര്‍ത്തിച്ചില്ളെന്നുമുള്ള പരാതിയെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് ഡി.സി.സി പ്രസിഡന്‍റിന്‍െറ ചുമതല നല്‍കിയെങ്കിലും അതു തൊലിപ്പുറത്തെ ചികിത്സ മാത്രമായെന്നാണ് രണ്ടാംനിര നേതാക്കള്‍ പറയുന്നത്. ഇത്രയും വലിയ പരാജയം ജില്ലയുടെ ചരിത്രത്തിലാദ്യമാണ്്. തുടര്‍ച്ചയായി മൂന്നാം തവണയും ജില്ലയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഇല്ലാതായി. ജിഷ സംഭവം വനിതാ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നറിഞ്ഞിട്ടും അതു പ്രതിരോധിക്കുന്നതിന് വനിതാ സ്ക്വാഡുകള്‍ രംഗത്തിറങ്ങിയില്ളെന്നും ആക്ഷേപമുണ്ട്. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനു പകരം അത് ഗ്രൂപ് പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന പരാതി നേരത്തേ ഐ.എന്‍.ടി.യു.സി ഉയര്‍ത്തിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ചാത്തന്നൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് വലിയ തിരിച്ചടിയായി. പിന്നാക്ക സമുദായങ്ങള്‍ കോണ്‍ഗ്രസിനൊപ്പമില്ളെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതായി തെരഞ്ഞെടുപ്പ് ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുസ്ലിം നേതാക്കള്‍ക്ക് തോല്‍ക്കുന്ന മണ്ഡലം നല്‍കുന്നതിലൂടെ കോണ്‍ഗ്രസ് മുസ്ലിംവിരുദ്ധരാണെന്ന തോന്നല്‍ ശക്തമായിട്ടുണ്ട്. ലത്തീന്‍ വിഭാഗത്തിനും ഇത്തവണ ജില്ലയില്‍ സീറ്റുണ്ടായിരുന്നില്ല. ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയില്‍ ആ സമുദായത്തിനും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. കൊട്ടാരക്കര, കുന്നത്തൂര്‍, കൊല്ലം മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരെ സജീവമാക്കാന്‍ നേതൃത്വം ശ്രമിച്ചില്ളെന്ന പരാതി നേരത്തേ ഉണ്ടായിരുന്നു. കൊട്ടാരക്കരയില്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റിയാണ് സ്ഥാനമൊഴിഞ്ഞ ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍െറ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സവിന്‍ സത്യനെ മത്സരിപ്പിച്ചത്. ഇതില്‍ എം.പിയുമായി ബന്ധപ്പെട്ടവര്‍ സജീവമായിരുന്നില്ളെന്നും പറയുന്നു. ആര്‍.എസ്.പി മത്സരിച്ച കുന്നത്തൂരില്‍ തുടക്കം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായിരുന്നില്ല. പല ബൂത്തുകളിലെയും ഏജന്‍റുമാര്‍ ഉച്ചയോടെ രംഗം വിട്ടുവെന്നും പറയുന്നു. കോണ്‍ഗ്രസിലെ അനൈക്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് ഘടകകക്ഷികള്‍ ആരോപിച്ച അതേസാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ചടയമംഗലം, കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ മിടുക്കിലാണ് കാര്യങ്ങള്‍ നീങ്ങിയത്. എ.ഐ.സി.സി അംഗം ഷാഹിദ കമാല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എഴുകോണ്‍ സത്യന്‍ എന്നിവര്‍ പാര്‍ട്ടി വിടുമെന്ന് അറിഞ്ഞിട്ടും നേതൃത്വം ഇടപെട്ടില്ല. ന്യൂനപക്ഷങ്ങളോട് കോണ്‍ഗ്രസ് നിഷേധ നിലപാട് സ്വീകരിക്കുന്നെന്ന സന്ദേശം നല്‍കാന്‍ ഷാഹിദ കമാലിന്‍െറ രാജി കാരണമായി. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവരെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറക്കാന്‍ കഴിഞ്ഞില്ളെന്ന പരാതിയും ഉയര്‍ന്നിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ തെരഞ്ഞെടുപ്പിനായി സജീവമാക്കാന്‍ കഴിഞ്ഞില്ളെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന അതേ പരാതിയായിരിക്കും ഇത്തവണയും ഉണ്ടാവുക. ഐ വിഭാഗമാണ് പ്രധാനമായും പരാതി ഉന്നയിച്ചിട്ടുള്ളത്. വാഹനത്തില്‍ സഞ്ചരിച്ചാല്‍ വോട്ട് കിട്ടില്ളെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. യു.ഡി.എഫ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് ഘടകകക്ഷി നേതാക്കളും പറയുന്നു. വരും ദിവസങ്ങളില്‍ ജില്ലയിലെ യു.ഡി.എഫിലും കോണ്‍ഗ്രസിലും വലിയ പൊട്ടിത്തെറിയായിരുക്കും ഉയരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story