Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇരുട്ടറയിലെ...

ഇരുട്ടറയിലെ മകനെക്കാത്ത് ഉരുകിയുരുകിയൊരു അച്ഛനും അമ്മയും

text_fields
bookmark_border
പത്തനാപുരം: മനോനില തെറ്റിയ ഭാര്യയുമായി പ്രഭാകരന്‍നായര്‍ മകനെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. കെനിയയിലെ ഇരുട്ടറയില്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുകയാണ് മകന്‍ പ്രവീണ്‍ പ്രഭാകരന്‍. പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍നായര്‍-ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണ്‍ ആണ് (25) തടവറയില്‍ കഴിയുന്നത്. മറൈന്‍ എന്‍ജിനീയറിങ്ങ് പൂര്‍ത്തിയാക്കിയ പ്രവീണ്‍ എം.എസ്.വി ആമീന്‍ ദാരിയ എന്ന കപ്പലില്‍ പരിശീലനത്തിന് ചേരുകയായിരുന്നു. പ്രവീണും ഡല്‍ഹി സ്വദേശിയായ വികാസ് ബല്‍വാന്‍ എന്ന കുട്ടിയുമാണ് വിദ്യാര്‍ഥികളായി കപ്പലില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരിയില്‍ കപ്പല്‍ ഇറാനില്‍നിന്ന് ഷാര്‍ജയിലേക്ക് സിമന്‍റുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണസേന കപ്പലില്‍ പരിശോധന നടത്തി. മൊബാംസിയില്‍ നടന്ന പരിശോധനയില്‍ കപ്പലിന്‍െറ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍നിന്ന് അമിതയളവില്‍ മയക്കുമരുന്ന് കണ്ടത്തെുകയായിരുന്നു. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പൊലീസിന്‍െറ പിടിയിലായി. കോടതി വിധിയെ തുടര്‍ന്ന് കപ്പല്‍ കടലില്‍വെച്ചുതന്നെ ആഭ്യന്തരവകുപ്പ് ബോംബ് വെച്ച് തകര്‍ത്തു. ദിവസങ്ങള്‍ക്കുശേഷം പ്രവീണ്‍ നാട്ടിലേക്ക് വിളിക്കുമ്പോഴാണ് വിവരം മാതാപിതാക്കള്‍ അറിയുന്നത്. ഇതിനിടെ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് മതിയായ രേഖകള്‍ കൈമാറി അവരെ മോചിപ്പിച്ചു. നിലവില്‍ ആറ് പാകിസ്താനികളും ഒരു ഇറാനിയും അടങ്ങുന്ന തൊഴിലാളികളും പ്രവീണ്‍ അടക്കമുള്ള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുമാണ് തടവുകാരായി കെനിയയില്‍ ഉള്ളത്. ഷിപ്പിന്‍െറ നിയന്ത്രണം ഉണ്ടായിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ പ്രവീണിന്‍െറ മോചനം വീണ്ടും തുലാസ്സിലായി. ഇവര്‍ പഠനം നടത്തിയ ഡല്‍ഹിയിലെ സ്ഥാപനം വിദ്യാര്‍ഥികളാണെന്ന രേഖ കെനിയക്ക് നല്‍കിയെങ്കിലും എംബസിയുടെ മുദ്രയില്ലാത്തതിനാല്‍ അത് നിരസിക്കപ്പെട്ടു. ഇതിനിടെ കൂടെയുണ്ടായിരുന്ന പാകിസ്താന്‍ തടവുകാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതോടെ ഇവര്‍ക്കുമേല്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. സൈനികരുടെ കരുണ ലഭിച്ചാല്‍ മാത്രമേ വീടുമായി ബന്ധപ്പെടാന്‍ വരെ കഴിയൂ. കഴിഞ്ഞ തവണ വിളിച്ചപ്പോള്‍ ആഹാരം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും പുറംലോകം പോലും കാണാതെ വിചാരണത്തടവുകാരായി കഴിയുകയാണെന്നും മകന്‍ പറഞ്ഞതായി പ്രഭാകരന്‍ നായര്‍ നിറകണ്ണുകളോടെ പറയുന്നു. മകന്‍ തടവറയിലായതോടെ മാതാവ് ദേവയാനിയുടെ മനോനില തകരാറിലായി. 27വര്‍ഷം സൈനികനായി രാജ്യത്തെ സേവിച്ച പിതാവ് പ്രഭാകരന്‍നായര്‍ മകന്‍െറ മോചനത്തിന് മുട്ടാത്ത വാതിലുകളില്ല. കേന്ദ്ര സര്‍ക്കാറിന്‍െറയും സംസ്ഥാന സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ പലതവണ പ്രശ്നം എത്തിച്ചെങ്കിലും പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട് എന്ന മറുപടിയല്ലാതെ മറ്റൊന്നും ഉണ്ടായില്ല. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും രേഖകള്‍ സമര്‍പ്പിക്കാന്‍ ഷിപ്പിങ് ഏജന്‍സി തയാറായില്ലത്രെ. മുംബൈ ഷിപ്പിങ് ഡയറക്ടര്‍ ജനറലിനും നോര്‍ക്കക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ളെന്നും ബന്ധുക്കള്‍ പറയുന്നു. മനുഷ്യാവകാശ കമീഷനും ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കമീഷന്‍ പ്രവീണിന്‍െറ മോചനത്തിനായി അടിയന്തരമായി നടപടി കൈക്കൊള്ളാന്‍ നോര്‍ക്കയോട് ആവശ്യപ്പെട്ടു. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. പ്രവീണിന് വക്കീലിനെ ഏര്‍പ്പാട് ചെയ്യാന്‍ അഞ്ചുലക്ഷം രൂപയാണ് എംബസി ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയേറെ തുക കണ്ടത്തൊനുള്ള ബുദ്ധിമുട്ടിലാണ് ഈ കുടുംബം.
Show Full Article
TAGS:LOCAL NEWS 
Next Story