Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2016 7:57 PM IST Updated On
date_range 22 Aug 2016 7:57 PM ISTനാട് കൈയടക്കി തെരുവുനായ്ക്കള്‍; ഭീതിയോടെ യാത്രികര്‍
text_fieldsbookmark_border
കാവനാട്: തെരുവുനായ ശല്യം രൂക്ഷമായതോടെ വഴിനടക്കാന്‍ പേടിയോടെ കാല്‍നടയാത്രികരും വിദ്യാര്‍ഥികളും. പുലര്‍ച്ചെ പത്രവിതരണം നടത്തുന്നവര്‍ക്കും തെരുവുനായശല്യം ഏറെ ബുദ്ധിമുട്ടാകുന്നു. പടിഞ്ഞാറേകൊല്ലം കുരീപ്പുഴ, മതേതര നഗര്‍, രാമന്‍കുളങ്ങര, ശക്തികുളങ്ങര, കാവനാട്, കൊച്ചുനടക്കുസമീപം, ഇരട്ടക്കട ജങ്ഷന്‍, നെല്ലിമുക്ക്, ആനേഴത്ത്മുക്ക്, കോഴിബംഗ്ളാവ്, മനയില്‍കുളങ്ങര, തിരുമുല്ലവാരം പതിനെട്ടുമുറി, മരുത്തടി, മുളങ്കാടകം തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായശല്യം രൂക്ഷമായിട്ടുള്ളത്. രണ്ടുദിവസം മുമ്പ് മരുത്തടിയില്‍ പുലര്‍ച്ചെ പത്രവിതരണം നടത്തുകയായിരുന്ന യുവാവിന് നായയുടെ കടിയേറ്റിരുന്നു. കാലിനും കൈക്കുമാണ് പരിക്കേറ്റത്. മതേതര നഗര്‍- മുളങ്കാടകം റോഡില്‍ തെരുവുനായ്ക്കളുടെ ശല്യം മൂലം രാവിലെ മദ്റസയില്‍ പോകാന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നിടത്താണ് തെരുവുനായശല്യം കൂടുതല്‍. ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നാലെ തെരുവുനായ്ക്കള്‍ ഓടുന്നതിനാല്‍ യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമായിരിക്കുകയാണ്. കുന്നിക്കോട്: കുരച്ചും കടിച്ചും തെരുവുനായ്ക്കള്‍ അരങ്ങുവാഴുന്നതോടെ ജനം ഭീതിയില്‍. പത്തനാപുരം, കുന്നിക്കോട് മേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനകം കിഴക്കന്‍മേഖലയില്‍ മാത്രം നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത് ഇരുപത്തഞ്ചിലധികം പേര്‍ക്കാണ്. മിക്കയാളുകളെയും ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വരെ പ്രവേശിപ്പിച്ചിരുന്നു. ആവണീശ്വരത്ത് ഇതരസംസ്ഥാനതൊഴിലാളികളെയും അഞ്ചുവയസ്സുകാരനെയും പേപ്പട്ടി ആക്രമിച്ചിരുന്നു. പാതയോരത്ത് വെച്ചും കാല്‍നടയാത്രികര്‍ ആക്രമിക്കപ്പെട്ടു. പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകളിലും സമാനസംഭവം ഉണ്ടായി. തലവൂരില്‍ വീടിന്‍െറ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുര ചരുവിള പുത്തന്‍വീട്ടില്‍ ജയപ്രമോദിന്‍െറ മകന്‍ ഒന്നരവയസ്സുള്ള അഭിരൂപിനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കുരിയോട്ടുമല ആദിവാസി കോളനിയിലെ പന്ത്രണ്ടിലധികം പേരെയാണ് പേപ്പട്ടി കടിച്ചത്. പുന്നല, ചെമ്പനരുവി, പത്തനാപുരം, പിറവന്തൂര്‍ എന്നിവിടങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. പുനലൂര്‍-കായംകുളം പാതയില്‍ തെരുവുനായ്ക്കള്‍ കാരണം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമായിരിക്കുന്നു. എന്നാല്‍, നിയമങ്ങളുടെ നൂലാമാലകളാല്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കാനും കഴിയുന്നില്ല. വന്ധ്യംകരണം പോലുള്ള മാര്‍ഗങ്ങള്‍ മേഖലയില്‍ നടപ്പാക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story