ഇഫ്താറുകൾ ഇനി ഹരിതം: നോമ്പുകാലത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍
text_fieldsകാക്കനാട്: റമദാൻ നോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളും ഇനി ഹരിത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രകൃതി സൗഹൃദമായി നടത്തും. ജില്ല ഭരണകൂടത്തിെൻറയും ശുചിത്വ മിഷെൻറയും ആഭിമുഖ്യത്തില്‍ എ.ഡി.എം എം.പി. ജോസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനകളുടെയും സമുദായപ്രമുഖരുടെയും യോഗത്തിലാണ് തീരുമാനം. നോമ്പുതുറയിലും ഇഫ്താര്‍ സംഗമങ്ങളിലും പ്ലാസ്റ്റിക്, പേപ്പര്‍ നിർമിത ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കും. പോഷക സംഘടനകളിലും മഹല്ലുകളിലും ജമാഅത്ത് കമ്മിറ്റികളിലും ഈ സന്ദേശം പ്രചരിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു.
നോമ്പുതുറക്ക് സ്റ്റീല്‍/ചില്ല്/സെറാമിക് പാത്രങ്ങള്‍ സജ്ജീകരിക്കുക, ഇത്തരം പാത്രങ്ങള്‍ വിശ്വാസികളില്‍ നിന്നോ സ്പോണ്സര്മാരില് നിന്നോ വാങ്ങി സൂക്ഷിക്കുക, പഴവര്‍ഗങ്ങളും ലഘുഭക്ഷണങ്ങളും ചെറുപാത്രങ്ങളിലും കിണ്ണങ്ങളിലും വിളമ്പുക, ഭക്ഷണശേഷം സ്വയം പാത്രി കഴുകി വെക്കുക, പള്ളികളുടെ ഓഡിറ്റോറിയങ്ങളില്‍ ഇത്തരം പാത്രങ്ങള്‍ സജ്ജീകരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുകയും ചെയ്യുക, ഖുത്തുബ പ്രസംഗങ്ങളില്‍ പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, ഭക്ഷണം വാങ്ങാനെത്തുന്നവര്‍ സ്വന്തം പാത്രം കൊണ്ടുവരുക, കുപ്പിവെള്ളം കര്‍ശനമായി നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.
ഇഫ്താര്‍ സംഗമങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തുമ്പോള്‍ ആ വിവരം കലക്ടറെയോ ശുചിത്വ മിഷനെയോ അറിയിച്ചാല്‍ ജില്ല കലക്ടറുടെ പ്രത്യേക പ്രശസ്തി പത്രം നല്‍കുമെന്ന് ശുചിത്വ മിഷന് ജില്ല കോ-ഓഡിനേറ്റര്‍ സിജു തോമസ് അറിയിച്ചു. െറസിഡൻറ്സ് അസോസിയേഷനുകള്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്നും വിവാഹച്ചടങ്ങുകള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നോമ്പുതുറകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫലപ്രദമായി നടപ്പാക്കിയോയെന്ന് വിലയിരുത്താൻ റമദാന് ശേഷം അവലോകന യോഗം വിളിക്കുമെന്ന് എ.ഡി.എം പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത്, എം.ഇ.എസ്, എസ്.ഐ.ഒ, ഫോറം ഫോര്‍ ഫെയ്ത്ത് ആന്‍ഡ് ഫ്രറ്റേണിറ്റി, സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി, സുന്നി യുവജന സംഘം, മഹല്ല് കമ്മിറ്റി പ്രതിനിധികൾ, പ്രമുഖ സാമുദായിക നേതാക്കള്‍, ശുചിത്വ മിഷന് പ്രോഗ്രാം ഓഫിസര്‍ സി. കരോളിന് തുടങ്ങിയവര്‍ പങ്കെടുത്തു.