Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 5:00 AM IST Updated On
date_range 8 Jun 2020 5:00 AM ISTദുരിതാശ്വാസഫണ്ട് തട്ടിപ്പ്: കമീഷൻ അന്വേഷണം 12നകം ആരംഭിക്കും
text_fieldsbookmark_border
കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പുകേസിൽ തെളിവെടുപ്പിന് എത്തുന്ന വകുപ്പുതല അന്വേഷണ കമീഷൻ ആദ്യം ശേഖരിക്കുക ദുരിതബാധിതർ സെക്ഷനിൽ പണമടച്ചതിന് നൽകിയ രശീതികൾ. ദുരിതാശ്വാസഫണ്ടിൽനിന്ന് കൂടുതൽ പണം നഷ്ടപ്പെട്ടത് വ്യാജരശീതികൾ വഴിയാെണന്ന കണ്ടെത്തലിനെ തുടർന്നാണിത്. ഇതിന് വെള്ളിയാഴ്‌ചക്കകം അന്വേഷണ കമീഷൻ കലക്ടറേറ്റിലെത്തുമെന്നാണ് വിവരം. സാങ്കേതിക കാരണങ്ങളാൽ നഷ്ടപരിഹാര തുക തിരിച്ചടച്ചവർക്ക് കലക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിൽനിന്ന് ലഭിച്ച വ്യാജരശീതുകൾ അടക്കമുള്ള രേഖകൾ ഒത്തുനോക്കിയ ശേഷമാണ് 2018, 2019 വർഷങ്ങളിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട മറ്റ് രേഖകളിലേക്ക് കടക്കൂ. ലാൻഡ് റവന്യൂ വിഭാഗം ജോയൻറ് കമീഷണർ എ. കൗശിക്കിനാണ് അന്വേഷണ ചുമതല. ഒരു കോടിയലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻെറ പശ്ചാത്തലത്തിലാണ് സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കമീഷന് ആവശ്യമായ സഹായങ്ങളും ജീവനക്കാരെയും വിട്ടുനൽകാൻ കലക്ടർക്ക് നിർദേശം നൽകിയതായാണ് സൂചന. റവന്യൂ, ധനകാര്യ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഇതിനായി വിട്ടുനൽകാനാണ് സാധ്യത. ആവശ്യമായ ഓഫിസ് സൗകര്യമൊരുക്കാനും നിർേദശിച്ചിട്ടുണ്ട്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യകേസിൽ 90 ദിവസത്തിലധികം തടവിലായിരുന്ന വിഷ്ണു പ്രസാദുതന്നെയാണ് കൂടുതൽ രശീതുകളിലും ഒപ്പിട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇയാളെ കൂടാതെ ഒപ്പിട്ട മറ്റ് ഉദ്യോഗസ്ഥരെയും കമീഷൻ ചോദ്യം ചെയ്യും. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറുകളടക്കമുള്ള സാങ്കേതിക തെളിവുകൾ ക്രൈംബ്രാഞ്ചിൻെറ കൈവശമായതിനാൽ അവ പരിശോധിക്കാൻ കാലതാമസമുണ്ടാകും. ദുരിതാശ്വാസഫണ്ടിൽനിന്ന് 73 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സൂചിപ്പിച്ച് എ.ഡി.എം പൊലീസിന് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story