Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ 62 പ്രൈമറി...

ജില്ലയിൽ 62 പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല

text_fields
bookmark_border
കോലഞ്ചേരി: സ്കൂൾ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിൽ 62 പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒാൺലൈൻ ക്ലാസുകളുമായി അധ്യയന വർഷം ഇന്ന് തുടങ്ങുകയാണ്. ഇതോടൊപ്പം ജില്ലയിലെ വിവിധ പ്രൈമറി സ്കൂളുകളിലായി 168 അധ്യാപക തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനാധ്യാപക നിയമനം നീളുന്നത്. മുൻ കാലങ്ങളിൽ കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് 50 വയസ്സിന് മുകളിലുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് യോഗ്യത പരീക്ഷ ആവശ്യമില്ലായിരുന്നു. എന്നാൽ, 2011 ൽ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കിയതോടെ പ്രധാനാധ്യാപക തസ്തികയിലേക്കും യോഗ്യത പരീക്ഷ നിർബന്ധമാക്കി. 12 വർഷത്തെ സർവിസും അക്കൗണ്ട്, കെ.ഇ.എ.ആർ. പരീക്ഷകൾ പാസാകുന്നവരുമായ അധ്യാപകർക്കാണ് പ്രധാനാധ്യാപകരാകാൻ യോഗ്യതയുള്ളൂ. 2018 ലാണ് ഇതു സംബന്ധിച്ച് സർക്കാർ നിർദേശമിറങ്ങിയത്. ഇതിനുശേഷം ഇതേ ചൊല്ലിയുണ്ടായ നിയമ നടപടികളിലും ഹൈകോടതി വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിർദേശം നടപ്പാക്കാനാണ് വിധിച്ചത്. ഇതു സംബന്ധിച്ച് വിവിധ യൂനിയനുകൾക്കിടയിലും സർക്കാർ തലത്തിലും നിലനിൽക്കുന്ന അവ്യക്തതയാണ് പ്രധാനാധ്യാപക നിയമനം വൈകാൻ കാരണം. സാധാരണ ഗതിയിൽ മധ്യവേനലവധിക്കാലത്ത് തന്നെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളുമെല്ലാം പൂർത്തിയാക്കാറുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കൽ വൈകുമെങ്കിലും ഓൺലൈൻ ക്ലാസുകൾക്കും മറ്റും ഇന്ന് തുടക്കമാവുകയാണ്. ഇതിനെല്ലാം നേതൃത്വം നൽകേണ്ടത് പ്രധാനാധ്യാപകരാണ്. കോലഞ്ചേരി ഉപജില്ലയിൽ മാത്രം 10 സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. കോതമംഗലത്ത് 14 സ്കൂളുകളിലും പ്രധാനാധ്യാപകരില്ല. പ്രധാനാധ്യാപകൻെറ അഭാവത്തിൽ സ്കൂളിലെ മറ്റൊരധ്യാപകനാണ് ഈ ചുമതല വഹിക്കേണ്ടത്. അധ്യാപകരുടെ എണ്ണം കുറവായ സ്കൂളുകളുടെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലാകും. ഇതിന് പുറമെയാണ് ജില്ലയിലെ വിവിധ സ്കൂളുകളിലായി 168 പ്രൈമറി അധ്യാപക തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നത്. ഈ ഒഴിവുകളിലേക്ക് ആളെ നിയമിക്കുന്നതിനുള്ള നടപടികളും ഇഴയുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story