Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 5:01 AM IST Updated On
date_range 10 May 2020 5:01 AM ISTബ്രഹ്മപുരം പ്ലാൻറ്: റോഡ് പുനർനിർമാണത്തിൽനിന്ന് കോർപറേഷനെ സർക്കാർ ഒഴിവാക്കി
text_fieldsbookmark_border
കൊച്ചി: മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ നൽകിയ കരാർ സർക്കാർ റദ്ദാക്കിയതിനു പിന്നാലെ, റോഡ് വീതികൂട്ടി പുനർനിർമിക്കാൻ കോർപറേഷനു നൽകിയ അനുമതിയും സർക്കാർ റദ്ദാക്കി. പ്ലാൻറിനായി അനുവദിച്ച സ്ഥലത്തേക്കുള്ള റോഡ് വീതികൂട്ടി നിർമിക്കുന്നതിനു രണ്ടുകോടിയുടെ പദ്ധതി കലക്‌ടറെ ഏൽപിച്ച് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. റോഡ് നിർമിക്കാൻ നിരവധി തവണ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് ഉത്തരവിൽ പറയുന്നത്. 10 മീറ്റർ വീതിയിലാണ് റോഡ് പുനർനിർമിക്കുന്നത്. കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഇതിനു പദ്ധതിയും തയാറാക്കിയെങ്കിലും തുടർപ്രവർത്തനം നടന്നില്ല. ഏപ്രിൽ 13ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന മാലിന്യസംസ്കരണം സംബന്ധിച്ച സംസ്ഥാനതല ഉപദേശക സമിതി യോഗത്തിൽ വീണ്ടും വിഷയം ചർച്ചയായതോടെയാണ് അടിയന്തര നടപടി. 1.99 കോടിയാണ് ഇതിലേക്ക് അനുവദിച്ചത്. അതിൻെറ അടിസ്ഥാനത്തിൽ കൊച്ചി കോർപറേഷനുള്ള ഗ്രാൻറിൽനിന്ന് റോഡ് നിർമാണത്തുക കുറവുചെയ്യുന്നതിനും സ്പെഷൽ സെക്രട്ടറി ആർ.എസ്. കണ്ണൻ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മപുരം പ്ലാൻറിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ യു.കെ ആസ്ഥാനമായ ജി.ജെ എക്കോ പവർ എന്ന കമ്പനിക്ക് നൽകിയ കരാറാണ് കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയത്. പദ്ധതി ആരംഭിക്കാൻ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കരാർ റദ്ദാക്കിയത്. കോർപറേഷനുമായാണ് കമ്പനി ഉണ്ടാക്കിയത്. സർക്കാർ തീരുമാനം കോർപറേഷൻ അംഗീകരിച്ചിരുന്നു. തുടർന്നാണ് റോഡ് പുനർനിർമാണത്തിന് കോർപറേഷന് നൽകിയ അനുമതിയും സർക്കാർ റദ്ദാക്കിയത്. ബ്രഹ്മപുരത്ത് അനിയോജ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന് കെ.എസ്.ഐ.ഡി.സിയെ സർക്കാർ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ ആവശ്യമായ സഹായം ചെയ്യുന്നതിനും കലക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, പി.ഡബ്ല്യു.ഡി സ്ഥലം ഏറ്റെടുത്ത് നൽകാത്തതാണ് കാലതാമസത്തിനു കാരണമെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. 10 മീറ്റർ റോഡിനു വീതി കൂേട്ടണ്ടത് നിലവിലെ റോഡിൻെറ ഇരുവശത്തുനിന്ന് അഞ്ചുമീറ്റർ വീതം സ്ഥലമെടുത്താണ്. ആ ഭൂമി കെ.എസ്.ഇ.ബിയുടേതാണ്. അവർ വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സ്ഥലം ഏറ്റെടുത്ത് കോർപറേഷനു കൈമാറേണ്ടത് പി.ഡബ്ല്യു.ഡിയാണ്. അവർ ഇതുവരെയും ഏറ്റെടുത്ത് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, റോഡ് പുനർനിർമാണം കോർപറേഷൻെറ പക്കൽനിന്ന് കലക്ടർക്ക് നൽകിയത് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story