Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2020 8:21 PM GMT Updated On
date_range 2020-05-07T01:51:56+05:30തോമസ്കുട്ടിയുടെ നോമ്പിന് ക്വാറൻറീൻപോലും തടസ്സമല്ല
text_fieldsആലപ്പുഴ: ക്രൈംബ്രാഞ്ച് എസ്.ഐ തോമസുകുട്ടിക്ക് നോമ്പുനോൽക്കാൻ ലോക്ഡൗണും ഹോം ക്വാറൻറീനും ഒന്നും തടസ്സമല്ല. കഴിഞ്ഞ ആറുവർഷമായുള്ള പതിവ് ഇക്കൊല്ലവും തുടരാനായതിൻെറ ചാരിതാർഥ്യത്തിലാണ് ഈ ഉദ്യോഗസ്ഥൻ. 2015 മുതൽ തുടർച്ചയായി റമദാനിൽ നോമ്പനുഷ്ഠിക്കുന്നുണ്ട്. ആറ് വർഷത്തിനിടയിൽ ഇതുവരെ ഒരെണ്ണം പോലും ഒഴിവാക്കിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സർവിസിൽ കയറിയിട്ട് 30 വർഷമായി. നിലവിൽ ആലപ്പുഴ സ്പെഷൽ ബ്രാഞ്ചിലാണ്. ഇക്കൊല്ലെത്ത നോമ്പിന് ഇരട്ടി ത്യാഗത്തിൻെറ മധുരമാണെന്ന് അദ്ദേഹം. ഭാര്യ ജെസിമോൾ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സാണ്. കോവിഡ്-19നെത്തുടർന്ന് ഐസൊലേഷൻ വാർഡിലായിരുന്നു ജോലി. ജില്ലയിൽ ഏറ്റവും അവസാനം കോവിഡ് പോസിറ്റിവായ രണ്ട് രോഗികളും ജനറൽ ആശുപത്രിയിലായിരുന്നു. ഇതേതുടർന്ന് കുടുംബം മുഴുവൻ 14 ദിവസം ഹോം ക്വാറൻറീനിലായിരുന്നു. അതിനിടയിലാണ് നോെമ്പത്തിയത്. എന്നിട്ടും നോമ്പ് ഒഴിവാക്കിയില്ല. പൊലീസ് ഉന്നത ഉദ്യോഗസ്ഥനായിരുന്ന അലക്സാണ്ടർ ജേക്കബിൻെറ ഒന്നുരണ്ട് പ്രസംഗങ്ങൾ കേട്ടതിനെ തുടർന്നാണ് നോമ്പിനെ അടുത്തറിയാൻ ശ്രമിക്കുന്നത്. അതിനുശേഷമുള്ള നോമ്പുകൾ മുടക്കിയിട്ടില്ല. അച്ഛൻ പൊന്നപ്പൻ, അമ്മ മറിയാമ്മ, ഭാര്യ ജെസിമോൾ, മക്കളായ അജയ്, അലൻ എന്നിവർ അടങ്ങിയതാണ് കുടുംബം. ഇളയ മകൻ അലൻ അച്ഛനോട് ഐക്യദാർഢ്യപ്പെട്ട് ഒരുദിവസം നോമ്പനുഷ്ഠിച്ചു. പുലർച്ച നാലിന് എഴുന്നേറ്റ് നോമ്പിനുള്ള അത്താഴം കഴിക്കുന്നതടക്കമുള്ള തയാറെടുപ്പുകൾ നടത്തും. ഭാര്യ ജെസി ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നു. കഴിഞ്ഞ നോമ്പുകാലത്ത് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു ജോലി. കടുത്ത വേനലിൽ തളർന്നുപോയെങ്കിലും നോമ്പ് മുഴുമിപ്പിച്ചു. ആദ്യദിനങ്ങളിൽ കുറച്ച് ബുദ്ധിമുട്ടൊക്കെ തോന്നുമെങ്കിലും പിന്നീട് ഇതിൽനിന്ന് ലഭിക്കുന്ന ആത്മസംതൃപ്തി വലുതാണെന്നും അദ്ദേഹം പറയുന്നു. സമൂഹത്തിൽ മാറ്റംവരുത്താൻ നോമ്പിലൂടെ കഴിയും. പലരും റമദാനിലെ നോമ്പിനെ മതവുമായി ബന്ധിപ്പിച്ച് ചുരുക്കിക്കാണാനാണ് ശ്രമിക്കുന്നത്. എല്ലാവരും ഒരിക്കലെങ്കിലും നോമ്പിൻെറ രുചി അറിഞ്ഞിരിക്കണം. സഹജീവിയുടെ വിശപ്പിൻെറ ആഴം മനസ്സിലാക്കാൻ കഴിയുന്നു എന്നതുതന്നെയാണ് നോമ്പിൻെറ ഏറ്റവും വലിയ ഗുണം. കഠിനമായ ചൂടാണ് ഇപ്പോൾ നോമ്പുകാലത്തെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ മറികടന്നാൽ നോമ്പ് മികച്ച അനുഭൂതി തന്നെയാണെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിൽ ഇഫ്താർ പരിപാടികളിലും സജീവമായിരുന്നു. ഇക്കുറി അത്തരം പരിപാടികൾ നഷ്ടമായതിൻെറ ചെറിയ സങ്കടം ഉണ്ടെന്നും തോമസുകുട്ടി. ആലപ്പുഴ ആറാട്ടുവഴി കൂട്ടിങ്കൽ വീട്ടിലാണ് താമസിക്കുന്നത്. മൂത്ത മകൻ അജയ് ബിരുദപഠനത്തിന് ശേഷം ബാങ്കിങ്ക് കോച്ചിങ്ങിന് പോകുന്നു. അലൻ ആലപ്പുഴയിൽ നഴ്സിങ് വിദ്യാർഥിയാണ്. -നിസാർ പുതുവന ചിത്രം: APG50 തോമസ്കുട്ടിയും കുടുംബവും നോമ്പ് തുറക്കുള്ള വിഭവങ്ങെളാരുക്കി മഗ്രിബ് ബാങ്കിനായി കാത്തിരിക്കുന്നു
Next Story