Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTഗ്രാമമൊന്നാകെ ഒഴുകിയെത്തി; ദുഃഖ സാന്ദ്രമായി മനക്കപ്പറമ്പ് വീട്
text_fieldsbookmark_border
തൃപ്പൂണിത്തുറ: ഉറ്റവരുടെ വിയോഗവാർത്തയറിഞ്ഞതോടെ ഒരുഗ്രാമമൊന്നാകെ മനക്കപ്പറമ്പ് വീട്ടിലേക്ക് ഒഴുകിയെത്തി. വ ൈക്കത്ത് അപകടത്തിൽ മരിച്ച വിശ്വനാഥൻ (62) ഭാര്യ ഗിരിജ (57) മകൻ സൂരജ് (32) വിശ്വനാഥൻെറ സഹോദരൻ സതീശൻെറ ഭാര്യ അജിത(49) എന്നിവരുടെ മൃതദേഹങ്ങളെത്തിയപ്പോൾ തളംകെട്ടിനിന്ന ദുഃഖം കണ്ണീരായി. അലമുറയിട്ട് കരഞ്ഞ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ നാട്ടുകാർ പാടുപെട്ടു. വൈക്കത്ത് ചൊവ്വാഴ്ച പുലർച്ചയാണ് ചേർത്തല വേേളാർ വട്ടം ക്ഷേത്രത്തിൽ ദർശനത്തിന് പോയ കാർ അപകടത്തിൽപെട്ട് പത്താം മൈലിലെ ഒരുകുടുംബത്തിലെ നാലുപേർ മരിച്ചത്. ചൊവ്വാഴ്ച പുലർച്ച ദാരുണമായ വാഹനാപകടവാർത്ത കേട്ടാണ് ഉദയംപേരൂർ ഗ്രാമവാസികൾ ഉണർന്നത്. ഈ സമയം മുതൽ നാട്ടുകാർ മനക്കപ്പറമ്പ് വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. ഉച്ചക്ക് രണ്ടോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ നാല് ആംബുലൻസുകളിൽ ഉച്ചക്ക് 2.30 ഓടെ പത്താംമൈൽ മനക്കപ്പറമ്പ് വീട്ടിലെത്തിച്ചു. വിശ്വനാഥൻെറ തറവാട്ട് വീടിന് കിഴക്കുഭാഗത്തുള്ള സഹോദരൻ സതീശൻെറ വീട്ടുമുറ്റത്തെ താൽക്കാലിക പന്തലിൽ നാല് മൃതദേഹങ്ങളും പൊതുദർശനത്തിനും ആദരാഞ്ജലിയർപ്പിക്കാനും കിടത്തി. വിശ്വനാഥൻെറയും ഭാര്യ ഗിരിജയുടെയും മൃതദേഹങ്ങൾക്ക് പിന്നാലെ സൂരജിൻെറയും അജിതയുടെയും മൃതദേഹങ്ങൾ പന്തലിലേക്ക് കൊണ്ടു വന്നപ്പോൾ ഉയർന്ന അലമുറയും കൂട്ടനിലവിളിയും വിലാപവുമെല്ലാം കണ്ടുനിന്നവരുടെയും കണ്ണുകൾ നനയിച്ചു. വിശ്വനാഥൻെറ ഏകമകൾ അഞ്ജുഷയും അജിതയുടെ മക്കളായ സാഹിൽ, സാന്ദ്ര എന്നിവരും ചേർന്ന് ഉറ്റവരുടെ മൃതദേഹങ്ങളിൽ കെട്ടിപ്പിടിച്ച് അലമുറയിട്ടത് നാട്ടുകാരുടെയും വിങ്ങലും വേദനയുമായി. സങ്കടക്കാഴ്ചകളെല്ലാം കണ്ട് നെഞ്ച് തകരുന്ന വേദനയുമായി നിൽക്കുന്ന സതീശനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉറ്റവരും നാട്ടുകാരും പകച്ചുനിന്നു. പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കും ശേഷം വൈകീട്ട് അഞ്ചിന് സംസ്കാരം നടത്തി. മൃതദേഹങ്ങൾ കൊണ്ടുവന്നതോടെ ഗ്രാമമൊന്നാകെ അന്ത്യോപചാരമർപ്പിക്കുന്നതിന് മനക്കപ്പറമ്പിലേക്ക് ഒഴുകിയെത്തി. വൈക്കം എം.എൽ.എ പി.കെ. ആശ, മുൻമന്ത്രി കെ. ബാബു, പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജൂബൻ ജോൺ എന്നിവർ വൈക്കം ആശുപത്രിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story