Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2019 11:31 PM GMT Updated On
date_range 2019-12-10T05:01:09+05:30ചേനയിൽ വിളക്ക്, വൈക്കോലിൽ പറ... സുഭാഷിന് എല്ലാം കൃഷിമയം
text_fieldsഅമ്പലപ്പുഴ: കായ്ഫലങ്ങൾ ഭക്ഷണത്തിന് മാത്രമല്ല, അലങ്കാര വസ്തുക്കളാക്കാനുമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ. ഉഴവൂർ കോഴ കൃഷിവികസന ഓഫിസിലെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ കുറവിലങ്ങാട് പറച്ചാലിൽ സുഭാഷാണ് തൻെറ കരവിരുതിൽ ചേനയും ചക്കയും വൈക്കോലും അലങ്കാര വസ്തുക്കളിൽ ഇടംനേടിയത്. വണ്ടാനം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ സംസ്ഥാനതലത്തിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ വിളക്കിൻെറ സ്ഥാനം അലങ്കരിച്ചത് സുഭാഷ് ചെത്തിമിനുക്കി ഒരുക്കിയെടുത്ത ചേനയിലാണ്. ആറ് ചേനകൊണ്ട് നിർമിച്ച തട്ടുവിളക്കിൽ എണ്ണയും തിരിയും ഇട്ടാണ് മന്ത്രി ചടങ്ങ് ആരംഭിച്ചത്. തൻെറ പുരയിടത്തിൽ വിളയിച്ചെടുത്ത ചേനയാണ് അധികവും. കത്തി ഉയോഗിച്ച് ഒറ്റ ദിവസംകൊണ്ടാണ് ചേന വിളക്കാക്കിയത്. ഇതിനുമുമ്പ് സുഭാഷ് വൈക്കോൽകൊണ്ട് നിറപറ തീർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം കോട്ടയത്ത് കൃഷി വകുപ്പ് സംഘടിപ്പിച്ച പുനർജനി ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തത് സുഭാഷ് വൈക്കോലിൽ നിർമിച്ച പറയിൽ നെല്ല് നിറച്ചാണ്. കൗതുകം തോന്നിയ മന്ത്രി വി.എസ്. ശിവകുമാറിൻെറ നിർദേശ പ്രകാരമാണ് ആദ്യമായി ചേനയിൽ വിളക്കുണ്ടാക്കുന്നത്. തൃശൂരിൽ കൃഷിവകുപ്പ് സംഘടിപ്പിച്ച വൈഗയുടെ തിരിതെളിഞ്ഞത് ചേനവിളക്കിലാണ്. നെൽക്കതിർകൊണ്ട് അലങ്കാരവസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്. ചക്കകൊണ്ട് മണികളും മറ്റും നിർമിച്ച കർഷകൻ കൂടിയായ സുഭാഷ്. ഒപ്പം കൃഷിവകുപ്പ് കോട്ടയം കരൂർ ഓഫിസിലെ അസി. കൃഷി ഓഫിസറായ ഭാര്യ രമയും മകൻ അഭിജിത്തും സഹായത്തിനുണ്ട്. ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് കൃഷി പരിപാലനം. വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറിൽ വാഴ, കപ്പ, ചേന, ഇഞ്ചി, കാപ്പി തുടങ്ങിയ കൃഷികളാണുള്ളത്. -അജിത്ത് അമ്പലപ്പുഴ
Next Story