അബദ്ധത്തിൽ ടൗൺ ടു ടൗൺ ബസിൽ കയറി; രണ്ട്​ വിദ്യാർഥികളെ 13 കി.മീ അകലെ ഇറക്കിവിട്ടു

05:02 AM
09/11/2019
പറവൂർ: അബദ്ധത്തിൽ കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസിൽ കയറിയ എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടക്ടറുടെ പിടിവാശി മൂലം 13 കിലോമീറ്റർ ദൂരെ ഇറക്കിവിട്ടു. പറവൂർ ചേന്ദമംഗലം കവലയിൽനിന്ന് ബസിൽ കയറിയ വിദ്യാർഥികളെ ആലുവ പറവൂർ കവലയിലാണ് ഇറക്കിവിട്ടത്. വിദ്യാർഥികൾ ഇരുവരും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടശേഷം ഓട്ടോ വിളിച്ചാണ് വീട്ടിലെത്തിയത്. കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികളെയാണ് കണ്ടക്ടർ മാനസികമായി പീഡിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് ഇവർ ബസിൽ കയറിയത്. ഒരാൾക്ക് മന്നത്തും മറ്റൊരാൾക്ക് മനക്കപ്പടിയിലുമാണ് ഇറങ്ങേണ്ടിയിരുന്നത്. കൺസെഷൻ കാർഡ് കാണിച്ചപ്പോൾ കണ്ടക്ടർ ശകാരിക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ഇവർ കരഞ്ഞുപറഞ്ഞിട്ടും ബസ് നിർത്തി ഇറക്കിവിടാൻ കണ്ടക്ടർ തയാറായില്ല. ആലുവയിൽ ഇറക്കിവിട്ട വിദ്യാർഥികളിൽ ഒരാൾ മറ്റൊരാളുടെ ഫോണിൽ വിവരം വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് തിരിച്ചു വരാൻ വീട്ടുകാർ നിർദേശിക്കുകയായിരുന്നു. കുട്ടികൾ തിരിച്ചെത്തിയശേഷം ഒരു കുട്ടിയുടെ രക്ഷിതാവായ മുരളി രാത്രി തന്നെ പറവൂർ െപാലീസിൽ പരാതി നൽകി. െപാലീസ് പറവൂർ ബസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുവെങ്കിലും അവർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതത്രെ. തുടർന്ന് മുരളി പറവൂർ എ.ടി.ഒ ക്കും പരാതി നൽകി വെള്ളിയാഴ്ച െപാലീസുമായി വീണ്ടും ബന്ധുക്കൾ ബന്ധപ്പെട്ടപ്പോൾ കണ്ടക്ടർ ലീവെടുത്ത് നാട്ടിൽ പോയിരിക്കുകയാണെന്നും ചൊവ്വാഴ്ചയേ മടങ്ങിയെത്തുള്ളുവെന്നുമാണ് അറിയിച്ചത്. കൊല്ലം സ്വദേശിയായ കണ്ടക്ടർ ഹരികുമാറിനെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണെന്ന് മുരളി പറഞ്ഞു. െപാലീസിൽനിന്ന് നീതി കിട്ടിയില്ലെന്നും അദ്ദേഹത്തിന് പരാതിയുണ്ട്. കണ്ടക്ടർ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും ബന്ധപ്പെട്ട മന്ത്രിമാർക്കും ബാലാവകാശ കമീഷനും പരാതി നൽകുമെന്നും മുരളി പറഞ്ഞു.
Loading...