യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി ശരിയല്ല -കെ.ഇ. ഇസ്മയിൽ

05:02 AM
09/11/2019
പറവൂർ: മാവോയിസ്റ്റ് ആശയങ്ങൾ വായിച്ചു എന്ന് പറഞ്ഞ് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി ശരിയല്ലെന്ന് സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മയിൽ. മുൻ എം.എൽ.എയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.എ. ബാലൻെറ 18ാം ചരമവാർഷികാചരണത്തിൻെറ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെ നേരിടുന്ന പൊലീസ് നടപടി അംഗീകരിക്കാനാകില്ല. കൊച്ചിയിൽ സമരം ചെയ്ത സമരക്കാരെ അടിച്ചമർത്തിയ പൊലീസ് നടപടി തെറ്റായി പോയി. ഇടതു മുന്നണിയുടെ പൊലീസ് നയത്തിനെതിരെ പ്രവർത്തിക്കുന്ന ചിലർ സേനയിൽ തന്നെയുണ്ട്‌. ഇക്കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കൊന്നൊടുക്കുക എന്നത് അംഗീകരിക്കാനാകില്ലന്നും കെ.ഇ. ഇസ്മയിൽ വ്യക്തമാക്കി. ജില്ല സെക്രട്ടറി പി.രാജു അധ്യക്ഷത വഹിച്ചു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ടി.വി. അശോകൻ പതാക ഉയർത്തി. സി.പി.ഐ.സംസ്ഥാന സമിതി അംഗങ്ങളായ എസ്. ശ്രീകുമാരി, കെ.എം.ദിനകരൻ, എം.ടി.നിക്സൺ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കെ.കെ. സുബ്രഹ്മണ്യൻ, കെ.ബി. അറുമുഖൻ, ഡിവിൻ കെ.ദിനകരൻ, കെ.എ. സുധി,വർഗീസ് മാണിയാറ എന്നിവർ സംസാരിച്ചു.
Loading...