നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമെൻറ്​ പിന്മാറുന്നു

05:03 AM
14/09/2019
നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമൻെറ് പിന്മാറുന്നു കൊച്ചി: സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമൻെറും അമ്പതോളം അംഗസംഘടനകളും പിന്മാറുകയാണെന്ന് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍. സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാലാണ് പിന്മാറുന്നത്. സമിതിയില്‍ പിന്നാക്ക- മുന്നാക്ക ചേരിതിരിവ് രൂക്ഷമായ സാഹചര്യമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും സുഗതന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു പാര്‍ലമൻെറുമായി ചേര്‍ന്ന് നില്‍ക്കുന്ന 94 സംഘടനകള്‍ സമിതി രൂപവത്കരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിൻെറ പശ്ചാത്തലത്തിലാണ് സമിതിയുമായി സഹകരിച്ചത്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍തന്നെ സമിതിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായി. വെള്ളാപ്പള്ളി നടേശനടക്കമുള്ള ചിലരുടെ കൈയിലാണ് സമിതി. പ്രബലരായ മുന്നാക്ക സമുദായങ്ങളെ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വെള്ളാപ്പള്ളിയും മറ്റ് ചിലരും പങ്കെടുപ്പിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അതിൽനിന്ന് പിന്മാറുന്നത്. സമിതിയുടെ നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടായാല്‍ വീണ്ടും സഹകരണം നല്‍കും. ഹിന്ദു പാര്‍ലമൻെറില്‍ അംഗങ്ങളായ സംഘടനകള്‍ക്ക് നവോത്ഥാന സമിതിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണ ഹിന്ദു പാര്‍ലമൻെറ് നല്‍കിയിരുന്നു. അത് തുടരുമെന്നും സുഗതന്‍ പറഞ്ഞു.
Loading...