മൂലമ്പിള്ളി പാക്കേജ്: പ്ലോട്ടുകൾ താമസയോഗ്യമല്ലെന്ന് പരാതി ജസ്​റ്റിസ് സുകുമാരൻ കമ്മീഷൻ സ്ഥലം പരിശോധക്കും

05:03 AM
14/09/2019
കൊച്ചി: മൂലമ്പിള്ളി പാക്കേജ് പ്രകാരം കാക്കനാട് തുതിയൂരിൽ രണ്ട് െസെറ്റുകളിലായി 162 കുടുംബങ്ങൾക്ക് അനുവദിച്ച പ്ലോട്ടുകൾ താമസയോഗ്യമല്ലെന്ന നിരന്തര പരാതിയെത്തുടർന്ന് ജസ്റ്റിസ് സുകുമാരൻ കമീഷൻ സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചു. കാക്കനാട് സെപ്സിന് സമീപത്തെ ഇന്ദിരനഗർ കോളനിയോട് ചേർന്ന 4.5 ഏക്കർ വിസ്തൃതിയുള്ള തുതിയൂരിലെ പുനരധിവാസ സ്ഥലത്ത് ഞായറാഴ്ച രാവിലെ 10നാണ് പരിശോധന. 2008 മാർച്ച് 19ന് വിജ്ഞാപനം ചെയ്ത പാക്കേജ് ഉത്തരവ് പ്രകാരം ലഭിച്ച ചതുപ്പ് നികത്തിയ ഭൂമിയിൽ മൂന്ന് കുടുംബങ്ങൾക്ക് മാത്രമാണ് ഒരു ദശാബ്ദത്തിനുശേഷവും വീട് നിർമിക്കാനായത്. ഇവ മൂന്നും സ്ഥലത്തിൻെറ ബലക്കുറവുമൂലം താഴ്ന്ന നിലയിലാണ്‌. ശേഷിക്കുന്ന കുടുംബങ്ങൾ വീടുകൾ നിർമിക്കുന്ന കാര്യത്തിൽ ആശങ്കയിലുമാണ്. ചതുപ്പ് നികത്തിയ ഭൂമിയിൽ വീട് പണിയാനാവശ്യമായ ഒരു സഹായവും സർക്കാർ അനുവദിച്ചിട്ടില്ല. പാക്കേജിൻെറ ഗുണഫലങ്ങൾ അനുഭവിക്കാനാകാതെ ഇതിനകം 27 പേർ മരിച്ചു. വീടുകൾ നിർമിക്കുന്നതുവരെ വാടക നൽകണമെന്ന് 2009ൽ ഹൈേകാടതി പുറപ്പെടുവിച്ച വിധിയും പൂർണമായി പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. വാടകക്കും പണയത്തിനും എടുത്ത കെട്ടിടങ്ങളിൽ ദുരിതജീവിതം നയിക്കുകയാണ് ബഹുഭൂരിപക്ഷം കുടുംബങ്ങളും. ഞായറാഴ്ച ഈ സ്ഥലത്ത് പട്ടയം ലഭിച്ച മുഴുവൻ കുടുംബങ്ങളും ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാൻ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വമായ തെളിവെടുപ്പിനുശേഷം കരുണാകരപിള്ള റോഡിൽ 54 കുടുംബങ്ങൾക്കായി അനുവദിച്ച ചതുപ്പ് നികത്തി ഒരുക്കിയ പുനരധിവാസ സൈറ്റും കമീഷൻ പരിശോധന വിധേയമാക്കും.
Loading...