എം.സി റോഡ്​: തകർന്ന സംരക്ഷണ ഭിത്തി നിർമിക്കാൻ നടപടിയില്ല

05:03 AM
14/09/2019
മൂവാറ്റുപുഴ: തിരക്കേറിയ എം.സി റോഡിൻെറ സംരക്ഷണഭിത്തി തകർന്ന് അപകടം പതിവായിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. അടുത്തിടെ കെ.എസ്.ടി.പി നവീകരിച്ച എം.സി റോഡിന് ഇരുവശത്തും ഇടിഞ്ഞുതകർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മൂവാറ്റുപുഴ- കോട്ടയം എം.സി റോഡിൽ ഈസ്റ്റ് മാറാടി കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം റോഡിൻെറ വശങ്ങൾ ഇടിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇരുമ്പുപാട്ടയും ചെടികളും കല്ലുകളും റോഡിൽ കയറ്റിെവച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ചരക്ക് വാഹനങ്ങളും സൂപ്പർഫാസ്റ്റ് ബസുകളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോടാണ് അധികൃതരുടെ അലംഭാവം. തിരക്കേറിയ റോഡിൽ രാത്രിയാകുന്നതോടെ അപകടം നിത്യസംഭവമായി. മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. പ്രദേശത്ത് രണ്ട് സ്കൂളുകൾ മറ്റ് ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ അടക്കമുള്ള കാൽനടക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഇടിഞ്ഞ ഭാഗത്ത് കാൽനടക്കാർ നടുറോഡിലൂടെ കയറി നടക്കേണ്ടി വരും. റോഡിൽ മുന്നറിയിപ്പിന് നാട്ടുകാർ െവച്ചിരിക്കുന്ന കല്ലുകളിലും മറ്റും തട്ടി രാത്രി ഇരുചക്രവാഹന യാത്രികരും അപകടത്തിൽപെടുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞദിവസം കല്ലിലിടിച്ച് നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് അഞ്ചുേപർക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. നിരവധി അപകടവും അപകട മരണവും അരങ്ങേറുന്ന ഈ പ്രദേശത്ത് വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ വീണ്ടും പല ജീവനും നഷ്ടപ്പെട്ടേക്കും.
Loading...