ഉംറ തീർഥാടകർക്ക്​ ഇന്നലെയും യാത്ര ചെയ്യാനായില്ല

05:02 AM
11/09/2019
നെടുമ്പാശ്ശേരി: തിങ്കളാഴ്ച ഉംറയാത്ര മുടങ്ങിയ തീർഥാടകർക്ക് ചൊവ്വാഴ്ചയും യാത്ര ചെയ്യാനായില്ല. ഇവർ ബംഗളൂരുവിലെ ഹോട്ടലിൽ കുടുങ്ങി കിടക്കുകയാണ്. പെരുമ്പാവൂരിലെ ഒരു ഏജൻസിയാണ് 200 ഓളം പേരെ നെടുമ്പാശ്ശേരിയിൽനിന്ന് വിമാനമാർഗം ഉംറക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞിരുന്നത്. എന്നാൽ, തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ ഇവരോട് ഇവിടെനിന്ന് ബസ് മാർഗം ബംഗളൂരുവിലെത്തിച്ച് അവിടെനിന്നും ജിദ്ദയിലേക്ക് അയക്കുമെന്നാണ് വ്യക്തമാക്കിയത്. ഇതിനെ ചിലർ എതിർത്തു. തുടർന്ന് പൊലീസ് ഇടപെട്ടപ്പോൾ ഏതാനും പേർ സ്വന്തമായി വിമാനമാർഗം ബംഗളൂരുവിലെത്താമെന്നറിയിച്ചു. ഇവർക്ക് ബംഗളൂരുവിൽനിന്ന് ചൊവ്വാഴ്ച ഉംറക്ക് പുറപ്പെടാൻ കഴിഞ്ഞു. എന്നാൽ, ബസിൽ പോയവർ ഗതാഗതക്കുരുക്കിൽ പെട്ടതോടെ നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂർ അധികം കാത്തുകിടന്നശേഷം വിമാനം പുറപ്പെടുകയായിരുന്നു. ഹോട്ടലിൽ തങ്ങുന്ന ഇവരെ ബുധനാഴ്ച ഹൈദരാബാദ് വഴി ജിദ്ദയിലെത്തിക്കുമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളത്‌
Loading...