Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 11:31 PM GMT Updated On
date_range 2019-07-02T05:01:59+05:30ചൂർണിക്കര: രേഖകൾ പൊലീസ് കൈമാറിയില്ല; മുന്നോട്ടുപോകാനാകാതെ വിജിലൻസ്
text_fieldsകൊച്ചി: ചൂർണിക്കരയിൽ നികത്തുഭൂമി പുരയിടമാക്കാൻ വ്യാജരേഖ ചമച്ച കേസിൻെറ രേഖകൾ പൊലീസ് ഇനിയും വിജിലൻസിന് കൈമാറിയില്ല. ഇതുമൂലം അന്വേഷണവുമായി മുന്നോട്ടുപോകാനാവാത്ത അവസ്ഥയിലാണ് വിജിലൻസ്. വ്യാജരേഖ തയാറാക്കിയതുമായി റവന്യൂ വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടോ എന്നതടക്കം കാര്യങ്ങൾ അന്വേഷിക്കാനാണ് വിജിലൻസിനെ ചുമതലപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ പൊലീസാണ് അന്വേഷിച്ചത്. വിജിലൻസ് ഏറ്റെടുത്തതോടെ രേഖകൾ ഉടൻ കൈമാറണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും രേഖകൾ കൈമാറിയിട്ടില്ല. ആലുവ താലൂക്കിലെ ചൂർണിക്കരയിൽ ഹംസ എന്നയാളുടെ ഉടമസ്ഥതയിലുള്ള 25 സൻെറ് നികത്തുഭൂമി തരംമാറ്റാനാണ് ലാൻഡ് റവന്യൂ കമീഷണറുടെയും ഫോർട്ട്കൊച്ചി ആർ.ഡി.ഒയുടെയും പേരിൽ വ്യാജരേഖ ചമച്ചത്. ഇടനിലക്കാരനായി പ്രവർത്തിച്ച കാലടി സ്വദേശി അബു, ലാൻഡ് റവന്യൂ കമീഷണറേറ്റിലെ ജീവനക്കാരൻ അരുൺകുമാർ എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിൻെറ കൈവശമുള്ള രേഖകൾകൂടി പരിശോധിച്ച് ഇതിൻെറ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്താലേ വിജിലൻസിന് അന്വേഷണം പൂർത്തിയാക്കാനാകൂ. താലൂക്ക് ഓഫിസുകളിൽനിന്നടക്കം വിജിലൻസ് രേഖകൾ പിടിച്ചെടുത്തിരുന്നു. ലാൻഡ് റവന്യൂ കമീഷണറുടെ പേരിൽ തയാറാക്കിയ വ്യാജരേഖക്ക് കൂടുതൽ സാധുത നൽകാനാണ് ആർ.ഡി.ഒയുടെ പേരിലും രേഖ ചമച്ചതെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. ഇത് എറണാകുളം ജില്ലയിലാണ് തയാറാക്കിയതെന്നാണ് അബു നൽകിയ മൊഴി.
Next Story