നിർമാണ പ്രവൃത്തികളിലെ അഴിമതിക്ക്​ ഉദ്യോഗസ്ഥ-കരാർ മാഫിയ; കായംകുളം നഗരസഭയിലെ വിജിലൻസ്​ റെയ്​ഡിൽ അഴിമതി കണ്ടെത്തി

05:03 AM
18/05/2019
കായംകുളം: കായംകുളം നഗരസഭയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കരാർ പ്രവൃത്തികളിൽ വൻക്രമക്കേട് കണ്ടെത്തി. ടെൻഡറുകളില്ലാതെ പ്രവൃത്തികൾ നടത്തിയും ടെൻഡർ ചെയ്തവയിൽ കരാർ ഇല്ലാെതയും വൻ അഴിമതി നടന്നതായി പ്രാഥമിക പരിശോധനകളിൽ കണ്ടതായി വിജിലൻസ് അറിയിച്ചു. ഉദ്യോഗസ്ഥർക്ക് താൽപര്യമുള്ള കരാറുകാർക്ക് നിർമാണം നൽകിയാണ് അഴിമതികൾക്ക് കളമൊരുക്കിയത്. അഞ്ചുലക്ഷം രൂപയിൽ താഴെയുള്ള പ്രവൃത്തികളിലാണ് വ്യാപക തോതിൽ അഴിമതി നടന്നതായി കണ്ടെത്തിയത്. നഗരസഭ ചെയർമാൻെറ വാർഡിൽ 1.25 ലക്ഷം രൂപയുടെ റോഡ് പണി ടെൻഡർ നടപടികൾ പൂർത്തീകരിക്കാതെ നടത്തിയത് സംബന്ധിച്ചും പരിശോധിച്ചു. തയാറാക്കിയ എസ്റ്റിമേറ്റുകൾക്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് നിർമാണ പ്രവൃത്തികൾ നടത്തുകയാണ് പതിവ്. നിർമാണം പൂർത്തീകരിച്ചശേഷം പിന്നീട് ടെൻഡറുകൾ ചെയ്ത് ഫയൽ തയാറാക്കുന്ന രീതിയാണ് നടപ്പാക്കിയതെന്നും കണ്ടെത്തി. താലൂക്ക് ആശുപത്രിയുടെ മുകൾ നിലയിലെ കരാർ വെക്കാതെ നടത്തിയ നിർമാണവും പരിശോധനക്ക് വിധേയമാക്കി. ഇതുസംബന്ധിച്ച ഫയലുകളെല്ലാം വിജിലൻസ് ശേഖരിച്ചു. പല പ്രവൃത്തികളിലും എസ്റ്റിമേറ്റിനെക്കാൾ അളവ് കുറച്ചാണ് ചെയ്തത്. പണികളിൽ ഗുണമേന്മ ഉറപ്പുവരുത്തിയിട്ടില്ലെന്നും വിദഗ്ധ പരിശോധനയിൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് താൽപര്യമുള്ളവർക്ക് മാത്രമായി പ്രവൃത്തികൾ നൽകിയതോടെയാണ് അഴിമതി പുറത്തുവന്നത്. ഇതിന് മിക്ക പ്രവൃത്തികളിലും വിരലിൽ എണ്ണാവുന്ന കരാറുകാർ മാത്രമാണ് ടെൻഡർ നടപടികളിൽ പെങ്കടുക്കാറുള്ളത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിെല അവിശുദ്ധ ഇടപാടുകളിലൂടെ കോടികളുടെ നഷ്ടമാണ് നഗരസഭക്ക് സംഭവിച്ചതെന്നാണ് വിലയിരുത്തുന്നത്. വിത്തുതറ കലുങ്ക് നിർമാണം, വളഞ്ഞനടക്കാവ്-കരിമുട്ടം റോഡ് പ്രവൃത്തി, കോമളത്ത് റോഡ് കോൺക്രീറ്റിങ്, താലൂക്ക് ആശുപത്രിയുടെ മുകളിൽ നടത്തിയ നിർമാണ പ്രവർത്തനം എന്നിവയെ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥരുടെ സുഹൃത്തുക്കളായ കരാറുകാർക്ക് മാത്രമാണ് പ്രവൃത്തികൾ നൽകിവരുന്നതായും പരിശോധനയിൽ കണ്ടെത്തിയതായി വിജിലൻസ് ഡിവൈ.എസ്.പി റെക്സ് ബോബി അരവിൻ പറഞ്ഞു. പരിശോധന നടക്കുേമ്പാൾ ഒാഫിസിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി ഷിബു, പൊതുമരാമത്ത് റോഡ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജശ്രീ, വിജിലൻസ് ഇൻസ്പെക്ടർ കെ.വി. ബെന്നി, എസ്.ഐമാരായ ആൻറണി, ഭുവനചന്ദ്രൻ, മനോജ്, കിഷോർ തുടങ്ങിയവർ റെയ്ഡിനും പരിശോധനകൾക്കും നേതൃത്വം നൽകി.
Loading...