മെഡിക്കൽ കോളജ്​ കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്​റ്റി

05:03 AM
18/05/2019
കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പുതുതായി തുടങ്ങിയ കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ സംവിധാനങ്ങൾ ആരംഭിച്ചു. ഒരേസമയം രോഗികളുടെ ഭാരം, ഉയരം, ബി.എം.ഐ, രക്തസമ്മർദം, ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, ഓക്സിജൻെറ അളവ് എന്നിവ അറിയാനുള്ള അത്യാധുനിക ബോഡി മാസ്ഇൻഡക്സ്, 72 മണിക്കൂർ തുടർച്ചയായി ഹൃദയമിടിപ്പിലെ വൈകല്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന അത്യാധുനിക ഹാൾട്ടർ മെഷീൻ, കേരളത്തിൽ ആദ്യമായി രോഗികളെ വ്യായാമം ചെയ്യിപ്പിച്ച് ഹൃദയമിടിപ്പ് മനസ്സിലാക്കാൻ സാധിക്കുന്ന 15 ചാനൽ ട്രെഡ്മിൽ മെഷീൻ, അത്യാസന്നനിലയിലെ രോഗികളുടെ ഹൃദയത്തിൻെറ പ്രവർത്തനവും വാൽവുകളുടെ വൈകല്യവും മനസ്സിലാക്കാൻ സാധിക്കുന്ന, കൈയിൽ െവച്ച് പ്രവർത്തിപ്പിക്കുന്ന എക്കോ മെഷീൻ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഈ യന്ത്രത്തിൽ വൈ-ഫൈ സംവിധാനം ഉപയോഗിച്ച് മറ്റ് ഡോക്ടർമാരുമായി സംവദിച്ച് രോഗിക്ക് മെച്ചപ്പെട്ട ചികിത്സ സാധ്യമാക്കാനാകും. സാധാരണക്കാരായ രോഗികൾക്ക് ഏറെ ഗുണകരമാകുന്ന സർക്കാർ നിരക്കിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റിയും തുടങ്ങി. ബി.പി.എൽ രോഗികൾക്ക് പകുതി ചാർജാണ് ഈടാക്കുക. നിലവിൽ ആഴ്ചയിൽ ഒരുദിവസം മാത്രമുണ്ടായിരുന്ന കാർഡിയോളജി ഒ.പി ജൂൺ മുതൽ ആഴ്ചയിൽ രണ്ടുദിവസം (തിങ്കൾ, വ്യാഴം) ഉണ്ടാകും. കൂടാതെ, കുട്ടികളുടെ കാർഡിയോളജി വിഭാഗവും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിലിൻെറ നേതൃത്വത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോർജുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പേഷ്യൻറ് മാനേജ്മൻെറ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിമിഷനേരത്തിനകം രോഗികളുടെ ചികിത്സ സംബന്ധമായ വിവരങ്ങൾ, ആൻജിയോഗ്രാം റിപ്പോർട്ടുകൾ, ആൻജിയോഗ്രാം വിഡിയോകൾ, ഡിസ്ചാർജ് സമ്മറി എന്നിവ ആശുപത്രിയിലെ എല്ലായിടത്തും ലഭ്യമാകുന്ന രീതിയിൽ സജ്ജീകരിച്ചു.
Loading...
COMMENTS