Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2019 5:03 AM IST Updated On
date_range 12 May 2019 5:03 AM ISTതളരാത്ത ആത്മവിശ്വാസം തുണച്ചു; ബുള്ളറ്റ് വനിത അമ്മയായി
text_fieldsbookmark_border
കായംകുളം: കൊടിയ നൊമ്പരങ്ങൾക്ക് ഒടുവിലാണ് ഗർഭപാത്രം നീക്കണമെന്ന ആവശ്യവുമായി കറ്റാനത്തെ സ്വകാര്യ ആശുപത്രിയ ിൽ സുനിത എത്തിയത്. എന്നാൽ, പിന്നീടൊരിക്കൽ അവിടെനിന്ന് മടങ്ങിയത് കൈയിലൊരു പൊടിക്കുഞ്ഞുമായി. ആ മടക്കം വന്ധ്യത ചികിത്സ രംഗത്തെ കൊടിയ ചൂഷണങ്ങൾക്ക് എതിരെയുള്ള ചെറുത്തുനിൽപ്പിൻെറ വിളംബരം തന്നെയായി. ദേവികുളങ്ങര പുതുപ്പള്ളി എ.എസ്. നിവാസിൽ മോഹനൻെറ ഭാര്യ സുനിത എന്ന മുപ്പത്താറുകാരി അൽപം വ്യത്യസ്തയാണ്. ബുള്ളറ്റിൽ 100 കിലോമീറ്റർ വേഗത്തിൽ ചീറിപ്പായും. യോഗ പരിശീലക, നർത്തകി, കർഷക, കച്ചവടക്കാരി, സംഘാടക എന്നിങ്ങനെ പല ജീവിതവേഷങ്ങളിലും വിജയി. മസ്കത്തിൽ പ്രവാസജീവിതം നയിക്കുന്ന മോഹനൻ 17 വർഷം മുമ്പാണ് സുനിതയെ മിന്നുകെട്ടിയത്. 14 വർഷം അവിടെ ജീവിച്ചു. കുഞ്ഞ് എന്ന സ്വപ്നം വൈകിയതോടെ നീണ്ട അവധികളെടുത്ത് നാട്ടിലെ ആശുപത്രികൾ കയറിയിറങ്ങി. മൂന്ന് വർഷം മുമ്പ് മുതൽ ഇതിനായി നാട്ടിൽ സ്ഥിരതാമസവുമാക്കി. സംസ്ഥാനത്തെ പ്രമുഖമായ 20ഒാളം ആശുപത്രികളിൽ പ്രതീക്ഷകളോടെ നടത്തിയ ചികിത്സകളെല്ലാം കേവലം സാമ്പത്തിക ചൂഷണം മാത്രമായി മാറി. ഇക്കാലയളവിലെ ഏഴ് ശസ്ത്രക്രിയകൾ സുനിതയുടെ ശരീരത്തിന് വലിയ ആഘാതങ്ങൾ വരുത്തി. അലോപ്പതി മരുന്നുകളുടെ പ്രതിപ്രവർത്തന പ്രശ്നങ്ങൾ വേറെയും. നിരന്തരമായ മരുന്ന് ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ വരെ ബാധിച്ചു. ഗർഭപാത്രത്തിലും പ്രയാസങ്ങൾ സൃഷ്ടിച്ചു. ഇതോടെ അസ്വസ്ഥതകൾ സഹിക്കാനാകാതെയാണ് സുനിത കറ്റാനത്തെ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കവിതക്ക് മുന്നിൽ എത്തിയത്. വൈകാതെ സാധാരണ ചികിത്സയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. കൊടിയ നിരാശയുമായി എത്തിയവരിൽ ആത്മവിശ്വാസവും പ്രതീക്ഷകളും പകരാൻ കഴിഞ്ഞുവെന്നതാണ് ഈ ഡോക്ടറെ വേറിട്ട് നിർത്തുന്നത്. പ്രവാസ ജീവിതത്തിലൂടെ ഭർത്താവ് നേടിയ സമ്പാദ്യമെല്ലാം ഒരു കുഞ്ഞിക്കാല് കാണാനുള്ള ചികിത്സ വഴിയിൽ സുനിതക്ക് നഷ്ടമായി. ഇതോടെ ചികിത്സ ചൂഷണങ്ങൾക്കെതിരെ സമാന മനസ്കരെ കൂട്ടി ചില പ്രവർത്തനങ്ങൾക്കും അവർ തുടക്കം കുറിച്ചു. വന്ധ്യത ചികിത്സയുടെ മറവിലെ തട്ടിപ്പുകളെ കുറിച്ചുള്ള ബോധവത്കരണം പലർക്കും പ്രയോജനം ചെയ്തതായി സുനിത പറയുന്നു. അമ്മയാകാൻ കഴിയാത്ത ദുഃഖവും പേറി നടക്കുന്ന സ്ത്രീകളെ സമാശ്വസിപ്പിക്കാനുള്ള കൂട്ടായ്മ സുനിതയുടെ ലക്ഷ്യമാണ്. ഇപ്പോൾ നിരാശ നിറഞ്ഞ തൻെറ ജീവിതത്തിൽ വെളിച്ചം പകർന്ന ഡോ. കവിതയോടുള്ള കടപ്പാടാണ് സുനിതയുടെ മനസ്സ് നിറയെ. വാഹിദ് കറ്റാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story